
ന്യൂദല്‍ഹി: കാര്‍ഷികമേഖലയില്‍ രാജ്യം ചരിത്രനേട്ടം കൈവരിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. മന്‍ കി ബാത്തിന്റെ 128-ാം പതിപ്പില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 357 ദശലക്ഷം ടണ്‍ ഭക്ഷ്യധാന്യ ഉത്പാദനത്തോടെ ഭാരതം റിക്കാര്‍ഡ് സൃഷ്ടിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. പത്ത് വര്‍ഷം മുമ്പുള്ളതിനേക്കാള്‍, ഭാരതത്തിന്റെ ഭക്ഷ്യധാന്യ ഉത്പാദനം നൂറു ദശലക്ഷം ടണ്‍ വര്‍ധിച്ചതായും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഭാരതം തേന്‍ ഉത്പാദനത്തില്‍ പുതിയ റിക്കാര്‍ഡുകള്‍ സൃഷ്ടിക്കുകയാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. പതിനൊന്ന് വര്‍ഷം മുമ്പ്, തേന്‍ ഉത്പപാദനം 76,000 മെട്രിക് ടണ്ണായിരുന്നു. ഇപ്പോള്‍ ഒന്നരലക്ഷം മെട്രിക് ടണ്‍ കടന്നു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി തേന്‍ കയറ്റുമതിയും മൂന്നിരട്ടിയിലധികം വര്‍ധിച്ചു. ഹണി മിഷന്‍ പരിപാടിയുടെ കീഴില്‍, ഖാദി ഗ്രാമോദ്യോഗ് ജനങ്ങള്‍ക്കിടയില്‍ രണ്ടേകാല്‍ ലക്ഷത്തിലധികം തേനീച്ചപ്പെട്ടികള്‍ വിതരണം ചെയ്തിട്ടുണ്ട്. ഇത് ആയിരക്കണക്കിന് ആളുകള്‍ക്ക് പുതിയ തൊഴിലവസരങ്ങള്‍ നല്‍കി.
നാവികസേന സ്വാശ്രയത്വത്തിലേക്ക് അതിവേഗം നീങ്ങുകയാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഈ മാസം നാലിന് നാവികദിനം ആഘോഷിക്കും. കഴിഞ്ഞ ആഴ്ച മുംബൈയില്‍ വെച്ച് ഐഎന്‍എസ് മാഹി നാവികസേനയില്‍ ഉള്‍പ്പെടുത്തി. ഈ യുദ്ധക്കപ്പലിന്റെ ചിഹ്നം പരമ്പരാഗതമായി കളരിപ്പയറ്റില്‍ ഉപയോഗിച്ചുവരുന്ന ഉറുമിയോട് സാമ്യമുള്ളതാണെന്ന് കേരളത്തിലും തമിഴ്നാട്ടിലുമുള്ള പലരും ചൂണ്ടിക്കാട്ടിയതായും പ്രധാനമന്ത്രി പറഞ്ഞു.
ജെന്‍ സിയുടെ സമര്‍പ്പണമാണ് വികസിത ഭാരതത്തിന്റെ ശക്തി
ജെന്‍ സിയുടെ സമര്‍പ്പണമാണ് വികസിത ഭാരതത്തിന്റെ ഏറ്റവും വലിയ ശക്തിയെന്ന് മന്‍ കി ബാത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. മന്‍ കി ബാത്തിന്റെ 128-ാം പതിപ്പിനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. മനസില്‍ സമര്‍പ്പണ ഭാവമുണ്ടെങ്കില്‍, ഒരു സംഘമായി പ്രവര്‍ത്തിക്കുന്നതിലും കൂട്ടായ ശക്തിയിലും വിശ്വാസമുണ്ടെങ്കില്‍ വീഴാനും പിന്നാലെ എഴുന്നേല്‍ക്കാനും ധൈര്യമുണ്ടെങ്കില്‍ അതികഠിനമായ സമയങ്ങളില്‍ പോലും വിജയം ഉറപ്പാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഐഎസ്ആര്‍ഒ സംഘടിപ്പിച്ച ഡ്രോണ്‍ മത്സരത്തില്‍ നിന്ന് സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായ ഒരു വീഡിയോ കണ്ടു. ഈ മത്സരത്തില്‍, പൂനെയില്‍ നിന്നുള്ള യുവാക്കളുടെ ഒരു സംഘം വിജയിച്ചു. അവരുടെ ഡ്രോണും പലതവണ വീണു. പക്ഷേ അവര്‍ പരാജയം സമ്മതിച്ചില്ല. തുടര്‍ച്ചയായ ശ്രമങ്ങള്‍ക്കുശേഷം, ഈ ടീമിന്റെ ഡ്രോണ്‍ ചൊവ്വയുടേതിന് സമാനമായ സാഹചര്യത്തില്‍ കുറച്ചുനേരം പറക്കുന്നതില്‍ വിജയിച്ചു.
ഈ വീഡിയോ കണ്ടപ്പോള്‍ ചന്ദ്രയാന്‍ രണ്ടുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ട ദിവസം ഓര്‍മ വന്നു. രാജ്യം ഒന്നാകെ, പ്രത്യേകിച്ച് ശാസ്ത്രജ്ഞര്‍, നിമിഷനേരത്തേക്ക് നിരാശരായി. എന്നാല്‍ ആ ദിവസം തന്നെ അവര്‍ ചന്ദ്രയാന്‍ മൂന്നിന്റെ വിജയഗാഥ രചിക്കാന്‍ തുടങ്ങി. ചന്ദ്രയാന്‍ മൂന്നിന്റെ വിജയകരമായ ലാന്‍ഡിങ് ഒരു ദൗത്യത്തിന്റെ വിജയം മാത്രമായിരുന്നില്ല, ആത്മവിശ്വാസത്തിന്റെ വിജയമായിരുന്നു.
നാലാമത്തെ കാശി-തമിഴ് സംഗമം നാളെ ആരംഭിക്കും
കാശി – തമിഴ് സംഗമം എക്കാലത്തും ഒരു അത്ഭുതകരമായ അനുഭവമെന്ന് മന്‍ കി ബാത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. നാളെ കാശിയിലെ നമോഘാട്ടില്‍ നാലാമത്തെ കാശി-തമിഴ് സംഗമം ആരംഭിക്കും. ഈ വര്‍ഷത്തെ കാശി-തമിഴ് സംഗമത്തിന്റെ പ്രമേയം തമിഴ് ആര്‍ജിക്കുക എന്നതാണ്. തമിഴ് സംസ്‌കാരം മഹത്തരമാണ്, തമിഴ് ഭാഷ മഹത്തരമാണ്, തമിഴ് ഭാരതത്തിന്റെ അഭിമാനമാണ് പ്രധാനമന്ത്രി പറഞ്ഞു.