• Sat. Oct 19th, 2024

24×7 Live News

Apdin News

മന്‍ കീ ബാത് പ്രശ്‌നോത്തരി സീസണ്‍ 4ന് തുടക്കം: യുവത ആത്മവിശ്വാസം വീണ്ടെടുത്തത് കഴിഞ്ഞ ദശാബ്ദത്തിനിടെ: ജിതേന്ദ്ര സിങ്

Byadmin

Oct 19, 2024


തിരുവനന്തപുരം: കഴിഞ്ഞ പത്തുവര്‍ഷം കൊണ്ടാണ് രാജ്യത്തെ യുവജനങ്ങള്‍ നഷ്ടപ്പെട്ട ആത്മവിശ്വാസം വീണ്ടെടുത്തതെന്ന് കേന്ദ്ര ശാസ്ത്ര സാങ്കേതിക സഹമന്ത്രി ഡോ. ജിതേന്ദ്ര സിങ്. കായികരംഗത്തിന് മികച്ച പ്രാധാന്യമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നല്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

നെഹ്‌റു യുവകേന്ദ്രയും ഗ്ലോബല്‍ ഗിവേഴ്‌സ് ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിച്ച മന്‍ കീ ബാത് ക്വിസ് നാലാം സീസണിന്റെ ഉദ്ഘാടനം കാര്യവട്ടം ലക്ഷ്മിഭായ് നാഷണല്‍ കോളജ് ഓഫ് ഫിസിക്കല്‍ എഡ്യൂക്കേഷനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ യുവശക്തിയെ സംഘടിപ്പിക്കാതെ വികസിത ഭാരതം എന്ന ലക്ഷ്യം സാധ്യമല്ല. പ്രധാനമന്ത്രി എല്ലാ യുവജനങ്ങള്‍ക്കും തുല്യ അവസരത്തിനുള്ള ഒരു വേദിയൊരുക്കി. രാജ്യത്തിനകത്തും പുറത്തും യുവാക്കള്‍ കഴിവ് തെളിയിച്ചു. പത്തുവര്‍ഷത്തിനിടെ ഭാരതത്തിലെ യുവ ശക്തിയുടെ കഴിവിനെ ലോകം അംഗീകരിച്ചു.

ഇത് രാജ്യത്തെ യുവതയ്‌ക്ക് പുതു ആത്മവിശ്വാസവും അന്തസും നല്കി. യുവജനങ്ങളെയും, യുവ ശക്തിയെയും, കായിക മേഖലയെയും, മന്‍ കി ബാത്തിലെ പ്രധാനമന്ത്രിയുടെ ആശയങ്ങളെയും ആഘോഷിക്കുന്ന വേദിയാണിതെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

തിരുവനന്തപുരം കാര്യവട്ടം ലക്ഷ്മിഭായ് നാഷണല്‍ കോളേജ് ഓഫ് ഫിസിക്കല്‍ എഡ്യൂക്കേഷനിലെ അന്താരാഷ്‌ട്ര താരങ്ങളുമായി കേന്ദ്രമന്ത്രി സംവദിച്ചു. മന്‍ കി ബാത് മൂന്നാം സീസണിലെ താലൂക്ക്തല മത്സരത്തില്‍ പങ്കെടുത്തവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ചടങ്ങില്‍ വിതരണം ചെയ്തു.

മുന്‍കേന്ദ്രമന്ത്രി വി. മുരളീധരന്‍ അധ്യക്ഷനായി. രാഷ്‌ട്രീയ നേതൃത്വം ജനങ്ങളുടെ സേവകരായിരിക്കണം എന്ന പ്രധാനമന്ത്രിയുടെ ഓര്‍മപ്പെടുത്തല്‍ പ്രസക്തമാവുന്ന കാലമാണിതെന്ന് മുരളീധരന്‍ പറഞ്ഞു.

രാഷ്‌ട്രീയ ഹുങ്ക് ജനങ്ങള്‍ക്ക് ഒപ്പം നില്ക്കുന്ന ഉദ്യോഗസ്ഥരുടെ ജീവനെടുക്കുന്ന സാഹചര്യം ദൗര്‍ഭാഗ്യകരമാണ്. രാജ്യപുരോഗതിക്ക് ഉതകും വിധം സിവില്‍ സര്‍വീസ് മാറണമെങ്കില്‍ രാഷ്‌ട്രീയനേതൃത്വം അവര്‍ക്കൊപ്പം നില്ക്കണം. കണ്ണൂരില്‍ സംഭവിച്ചത് പോലെയുള്ളവ നിരാശപ്പെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

എല്‍എന്‍സിപി പ്രിന്‍സിപ്പല്‍ ആന്‍ഡ് റീജിയണല്‍ ഹെഡ് ഡോ. ജി. കിഷോര്‍, നെഹ്‌റു യുവ കേന്ദ്ര സംസ്ഥാന ഡയറക്ടര്‍ എം.അനില്‍ കുമാര്‍, സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി മുന്‍ രജിസ്ട്രാര്‍ ഡോ. എ. രാധാകൃഷ്ണന്‍ നായര്‍, ജില്ലാ യൂത്ത് ഓഫീസര്‍ സന്ദീപ് കൃഷ്ണന്‍ പി. എന്നിവര്‍ പങ്കെടുത്തു.

പ്രശ്‌നോത്തരി സീസണ്‍ നാലു മത്സരത്തിലെ വിജയികള്‍ക്ക് ന്യൂദല്‍ഹിയില്‍ നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും.



By admin