• Thu. Mar 13th, 2025

24×7 Live News

Apdin News

മരിക്കുമ്പോള്‍ സൗന്ദര്യ ഗര്‍ഭിണി; നിമിഷങ്ങള്‍ക്കുള്ളില്‍ ചാരമായി നാല് ജീവന്‍

Byadmin

Mar 13, 2025


തെന്നിന്ത്യന്‍ സിനിമാ ലോകം ഒരിക്കലും മറക്കാത്ത പേരാണ് സൗന്ദര്യയുടേത്. തന്റെ കരിയറിന്റെ പീക്കില്‍ നില്‍ക്കെയാണ് സൗന്ദര്യയെ തേടി മരണമെത്തുന്നത്. 2004ല്‍ ഉണ്ടായ വിമാന അപകടത്തിലാണ് താരം മരണപ്പെടുന്നത്. മരണത്തിന് 22 വര്‍ഷം ഇപ്പുറം സൗന്ദര്യ ഇപ്പോഴിതാ വീണ്ടും ചര്‍ച്ചകളില്‍ നിറയുകയാണ്. സൗന്ദര്യയുടെ മരണവുമായി ബന്ധപ്പെട്ട പുതിയ ആരോപണങ്ങളാണ് വിവാദത്തിന് വഴിയൊരുക്കിയിരിക്കുന്നത്.
രണ്ട് പതിറ്റാണ്ടിന് ശേഷം സൗന്ദര്യയുടെ മരണത്തിന് ഉത്തരവാദിയായി തെലുങ്ക് വെറ്ററന്‍ താരം മോഹന്‍ ബാബുവിന്റെ പേരാണ് ആരോപിക്കപ്പെടുന്നത്. സാമൂഹിക പ്രവര്‍ത്തകനായ ചിട്ടിമല്ലുവാണ് മോഹന്‍ ബാബുവിനെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ആന്ധ്രയിലെ ഖമ്മം ജില്ല പൊലീസ് മേധാവിയ്‌ക്കാണ് സാമൂഹിക പ്രവര്‍ത്തകന്‍ പരാതി നല്‍കിയിരിക്കുന്നത്

സൗന്ദര്യയുടേത് അപകട മരണമല്ലെന്നും കൊലപാതകമാണെന്നുമാണ് പരാതിയില്‍ പറയുന്നത്. സൗന്ദര്യയുടെ ശംസാബാദിലെ ആറ് ഏക്കര്‍ ഭൂമി വില്‍ക്കാന്‍ മോഹന്‍‌ ബാബു സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. എന്നാല്‍ സൗന്ദര്യയും സഹോദരനും വില്‍ക്കാന്‍ ഒരുക്കമായില്ല. സൗന്ദര്യയുടെ മരണ ശേഷം ഈ സ്ഥലം മോഹന്‍ ബാബു കരസ്ഥമാക്കിയെന്നാണ് പതായില്‍ പറയുന്നത്. അതേസമയം പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. മോഹന്‍ ബാബുവും പരാതിയോട് പ്രതികരിച്ചിട്ടില്ല.

സൗന്ദര്യയുടെ മരണത്തിന് ഇത്രയും വര്‍ഷങ്ങള്‍ക്ക് ശേഷം എന്തുകൊണ്ടാണ് പരാതിയുമായി ഇപ്പോള്‍ വരാന്‍ കാരണമെന്നും ചോദ്യം ഉയര്‍ന്നിട്ടുണ്ട്. അതേസമയം പരാതിക്കാരന് മോഹന്‍ ബാബുവുമായോ സൗന്ദര്യയുമായോ എന്തെങ്കിലും തരത്തിലുള്ള ബന്ധമുണ്ടോ എന്നും അറിവായിട്ടില്ല. പൊലീസ് നിയമോപദേശം തേടിയ ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നാണ് അറിയാന്‍ സാധിക്കുന്നത്. മോഹന്‍ ബാബുവിന്റെ പ്രതികരണത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

2004ലാണ് രാജ്യത്തെ നടുക്കി സൗന്ദര്യയുടെ മരണം സംഭവിക്കുന്നത്. ബാംഗ്ലൂരിന് സമീപം ജക്കുര്‍ എയര്‍സ്ട്രിപ്പില്‍ വച്ചാണ് സൗന്ദര്യ സഞ്ചരിച്ച വിമാനം അപകടത്തില്‍ പെടുന്നത്. ബിജെപിയ്‌ക്ക് വേണ്ടി തിരഞ്ഞെടുപ്പ് പ്രചരണത്തിന് പോകുന്ന വഴിയായിരുന്നു അപകടം. താരം രാഷ്‌ട്രീയത്തിലേക്ക് പ്രവേശനം നടത്തിയതേ ഉണ്ടായിരുന്നുള്ളൂ.

സൗന്ദര്യയ്‌ക്കൊപ്പം സഹോദരന്‍ അമര്‍നാഥ് ഷെട്ടിയും പൈലറ്റ് ജോയ് ഫിലിപ്‌സും ബിജെപി നേതാവും രമേഷ് കാദമും വിമാനത്തിലുണ്ടായിരുന്നു. പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കകം വിമാനം അപകടത്തില്‍ പെടുകയും പൊട്ടിത്തെറിക്കുകയുമായിരുന്നു. സൗന്ദര്യയ്‌ക്കൊപ്പം സഹോദരനും പൈലറ്റും ബിജെപി നേതാവും മരണപ്പെട്ടു. കത്തിക്കരഞ്ഞ മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ പോലും സാധിക്കാത്ത വിധമായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

മരിക്കുമ്പോള്‍ സൗന്ദര്യ ഗര്‍ഭിണിയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. താരം തന്റെ 30 കളിലേക്ക് കടന്നിട്ടേ ഉണ്ടായിരുന്നുള്ളൂ. കരിയറിന്റെ പീക്കില്‍ നില്‍ക്കെയാണ് അപകടമുണ്ടാകുന്നത്. തെലുങ്ക് സിനിമയിലും കന്നഡയിലും തമിഴിലും മലയാളത്തിലുമെല്ലാം അഭിനയിച്ച് തെന്നിന്ത്യയാകെ നിറഞ്ഞു നില്‍ക്കുകയായിരുന്നു സൗന്ദര്യ. തെന്നിന്ത്യയില്‍ മാത്രമല്ല ബോളിവുഡിലും സൗന്ദര്യ സാന്നിധ്യം അറിയിച്ചിരുന്നു. മൂന്ന് തവണ നന്ദി പുരസ്‌കാരങ്ങളും, രണ്ട് തവണ കര്‍ണാടക സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും സൗന്ദര്യ അതിനോടകം നേടിയിരുന്നു.

സാക്ഷാല്‍ അമിതാഭ് ബച്ചന്റെ നായികയായി ബോളിവുഡിലും സൗന്ദര്യ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. 1999 ല്‍ പുറത്തിറങ്ങിയ സൂര്യവംശത്തിലൂടെയാണ് സൗന്ദര്യ ബോളിവുഡില്‍ സാന്നിധ്യമറിയിക്കുന്നത്. ചിത്രം വലിയ വിജമായി മാറുകയും ചെയ്തിരുന്നു. മോഹന്‍ലാലിന്റെ നായികയായ അഭിനയിച്ച കിളിച്ചുണ്ടന്‍ മാമ്പഴത്തിലൂടെ മലയാളത്തില്‍ ഒരുപാട് ആരാധകരെ നേടിയെടുക്കാന്‍ സൗന്ദര്യയ്‌ക്ക് സാധിച്ചിരുന്നു. ജയറാമിന്റെ നായികയായി അഭിനയിച്ച യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക് എന്ന ചിത്രവും കയ്യടി നേടിയിരുന്നു. ഇന്നും ആരാധകര്‍ സ്‌നേഹത്തോടെ ഓര്‍ക്കുന്ന പേരാണ് സൗന്ദര്യയുടേത്.



By admin