• Mon. Dec 22nd, 2025

24×7 Live News

Apdin News

മറവിയില്‍ നിന്ന സമൂഹത്തെ ഉണര്‍ത്തണം: ദത്താത്രേയ ഹൊസബാളെ

Byadmin

Dec 22, 2025



ഗോരഖ്പൂര്‍ (ഉത്തര്‍പ്രദേശ്): രാജ്യത്തിനും ജനങ്ങള്‍ക്കും വേണ്ടി ത്യാഗം ചെയ്തവരെ ഓര്‍ക്കുകയും അവരില്‍ അഭിമാനിക്കുകയും വേണമെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. സ്വാതന്ത്ര്യസമര ചരിത്രത്തിലെ നിരവധി വീരന്മാരെ നമുക്കറിയാം, എന്നാല്‍ ചരിത്രം മറന്നുപോയ നിരവധി പേരുണ്ട്. എന്താണ് ആ ധീരന്മാരുടെ സ്മരണകള്‍ക്ക് സംഭവിച്ചതെന്ന് ലോകത്തോട് പറയേണ്ടത് അത്യാവശ്യമാണെന്ന് സര്‍കാര്യവാഹ് ചൂണ്ടിക്കാട്ടി. ആര്‍എസ്എസ് ശതാബ്ദി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഗോരഖ്പൂരില്‍ സംഘടിപ്പിച്ച പൗരപ്രമുഖ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പല രാജ്യങ്ങളും ‘ഹോളോകോസ്റ്റ് മ്യൂസിയങ്ങള്‍’ സ്ഥാപിച്ചതുപോലെ, ആഗസ്ത് 14ന് ‘വിഭജന ഭീതി സ്മൃതി ദിന’മായി ആചരിക്കാന്‍ ഭാരത സര്‍ക്കാര്‍ തീരുമാനിച്ചത് മറവിയില്‍ നിന്ന് ചരിത്രത്തെയും രാഷ്‌ട്രത്തെയും ഉണര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ്. ധര്‍മരക്ഷയ്‌ക്കായി ഗുരു തേഗ് ബഹാദൂറും ശിഷ്യന്മാരും ബലിയര്‍പ്പിച്ചത് മറക്കരുത്. ഗുരു ഗോവിന്ദ് സിങ്ങിന്റെ കൗമാരക്കാരായ മക്കള്‍ മരണത്തെയും കൂസാതെ സ്വധര്‍മത്തില്‍ ഉറച്ചുനിന്നത് എങ്ങനെയെന്നത് ചരിത്രത്തിന്റെ പാഠങ്ങളാവണം, സര്‍കാര്യവാഹ് പറഞ്ഞു.

മൂല്യസംരക്ഷണത്തിനാണ് മഹാപുരുഷന്മാര്‍ ജീവന്‍ ബലിയര്‍പ്പിച്ചത്. അതേ മൂല്യങ്ങളിലുറച്ചുനിന്ന് രാഷ്‌ട്രപുനര്‍നിര്‍മാണം നടത്താന്‍ പ്രാപ്തിയുള്ള വ്യക്തികളെ തയാറാക്കുകയാണ് സംഘം ചെയ്യുന്നത്. ലോകത്തിന് 64 കലകള്‍ നല്‍കിയത് ഭാരതമാണ്. വ്യാകരണം നല്‍കിയത് ഭാരതമാണ്, സംഗീതത്തിന്റെ ഏഴ് സ്വരങ്ങള്‍ നല്‍കിയത് ഭാരതമാണ്. എന്നിട്ടും അനൈക്യം മൂലം നമ്മള്‍ തകര്‍ച്ചയിലേക്ക് കൂപ്പുകുത്തി. അതില്‍ നിന്ന് രാഷ്‌ട്രജീവിതത്തെ സമുദ്ധരിച്ച് ഏകാത്മകമാക്കുകയായിരുന്നു മഹാപുരുഷന്മാരുടെ സ്വപ്‌നം. അത് സാക്ഷാത്കരിക്കാനാണ് ഡോക്ടര്‍ജി സംഘം സ്ഥാപിച്ചത്. ചിക്കാഗോ സമ്മേളനം കഴിഞ്ഞ് സ്വാമി വിവേകാനന്ദന്‍ തിരിച്ചെത്തിയപ്പോള്‍ അദ്ദേഹം സമൂഹത്തോട് പറഞ്ഞത് ഏകാത്മകതയുടെ സന്ദേശമായിരുന്നു. ദത്താത്രേയ ഹൊസബാളെ പറഞ്ഞു.

ജാതി, ഭാഷ, പ്രദേശം തുടങ്ങിയ വികാരങ്ങളുടെ ആധിക്യത്തില്‍ സംഘടന അസാധ്യമാണ്. ‘ഒരു രാഷ്‌ട്രം, ഒരു വികാരം എന്ന മനോഭാവം അത്യാവശ്യമാണ്. സമൂഹത്തില്‍ മാറ്റം കൊണ്ടുവരാനുള്ള പ്രധാന പാത ‘ധര്‍മം’ ആണ്. അത് മനുഷ്യന്റെയും രാഷ്‌ട്രത്തിന്റെയും പ്രകൃതിയുടെയും ക്ഷേമമാണ്. സംഘം ആരെയും എതിരാളിയായി കണക്കാക്കുന്നില്ല; മറിച്ച്, എല്ലാവരെയും ഒരുമിപ്പിക്കുകയാണ് അതിന്റെ പ്രവര്‍ത്തനം. ഭാരതം ജീവിച്ചതെന്നും ലോകത്തിന് വേണ്ടിയാണ്. ലോകക്ഷേമത്തിനായാണ് ഭാരതം ഉയരുന്നത്. ഇന്ന് വീണ്ടും ഉയര്‍ച്ചയുടെ കാലമാണ്. പഞ്ചപരിവര്‍ത്തനത്തിലൂടെ ഈ ഉയര്‍ച്ചയെ ജീവിതത്തില്‍ ആവിഷ്‌കരിച്ച് മാതൃകയാകാന്‍ ഓരോ വ്യക്തിക്കും കഴിയണം, അദ്ദേഹം പറഞ്ഞു.

മുതിര്‍ന്ന സംരംഭകനും സിന്ധ് സ്വദേശിയുമായ ചൈത്രം പഹുജ ചടങ്ങിന് അധ്യക്ഷത വഹിച്ചു.

 

By admin