മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ഗാസ ഐക്യദാർഢ്യ സമ്മേളനം നാളെ എറണാകുളം മറൈൻ ഡ്രൈവിൽ. സമ്മേളനത്തിനുള്ള ഒരുക്കങ്ങൾ സജീവമായി നടന്നുവരികയാണ്. വൈകുന്നേരം 3 മണിക്ക് ആരംഭിക്കുന്ന പരിപാടി മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും.
ഇന്ത്യയിലെ ഫലസ്തീൻ അംബാസഡർ അബ്ദുല്ല മുഹമ്മദ് അബു സാവേശ് മുഖ്യാതിഥിയായിരിക്കും. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, പ്രശസ്ത പത്രപ്രവർത്തകനും എഴുത്തുകാരനുമായ വെങ്കിടേഷ് രാമകൃഷ്ണൻ, ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞി മൗലവി, അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യ, കേരള കാത്തലിക് ബിഷപ്പ് കൗൺസിൽ സെക്രട്ടറി ജനറൽ ഫാ. തോമസ് തറയിൽ, ഫാ. പോൾ തലേക്കാട്ട് തുടങ്ങി മത, രാഷ്ട്രീയ, സാംസ്‌കാരിക മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങൾ, മുസ്ലിംലീഗ് ദേശീയ, സംസ്ഥാന നേതാക്കൾ സംബന്ധിക്കും.