കോട്ടയം: മലങ്കര സഭയുടെ മേല്‍ക്കോയ്മയെ ചൊല്ലി വീണ്ടും ഓര്‍ത്തഡോക്‌സ്-യാക്കോബായ പോര്‍വിളി. മലങ്കര സഭയിലെ ഭിന്നിച്ചു നില്‍ക്കുന്ന യാക്കോബായ വിഭാഗം തങ്ങള്‍ മറ്റൊരു സഭയാണെന്ന് സ്ഥാപിക്കാന്‍ വ്യഗ്രത കാട്ടുന്നുവെന്ന ഓര്‍ത്തഡോക്‌സ് സഭ മാധ്യമ വിഭാഗം തലവന്‍ ഡോ. യൂഹാനോന്‍ മാര്‍ ദിയസ്‌കോറസിന്റെ പ്രസ്താവനക്കെതിരെ യാക്കോബായ സഭ മീഡിയ സെല്‍ ചെയര്‍മാന്‍ ഡോ. കുര്യാക്കോസ് മാര്‍ തെയോഫിലോസ് രംഗത്തെത്തി. മലങ്കര സഭ എന്നത് ഓര്‍ത്തഡോക്‌സ് സഭ മാത്രമാണെന്നുള്ള വാദം അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.
മലങ്കര സഭയുടെ പള്ളികളില്‍ തുടര്‍ന്നുകൊണ്ട് മറ്റൊരു സഭയാണെന്ന് പ്രഖ്യാപിക്കുന്നത് നിയമവിരുദ്ധമാണെന്നാണ് ഓര്‍ത്തഡോക്‌സ് സഭയുടെ മുന്നറിയിപ്പ്. മലങ്കര സഭയും ഭിന്നിച്ചു നില്‍ക്കുന്ന വിഭാഗവും വ്യത്യസ്ത സഭകളാണെന്ന അവകാശവാദമാണ് യാക്കോബായ വിഭാഗം ഉന്നയിക്കുന്നത്. നിലവില്ലാത്ത സത്യവാങ്മൂലത്തിന്റെ പേരില്‍ ഇത്തരം വാദങ്ങള്‍ ഉയര്‍ത്തുന്നത് നിലവിലുള്ള നിയമത്തെ അനുസരിക്കാത്തതിനു തുല്യമാണ്. മലങ്കര സഭ എല്ലാ കോടതി വിധികളെയും അംഗീകരിച്ചിട്ടുണ്ട്. ഭിന്നിച്ചു നില്‍ക്കുന്നവര്‍ക്ക് എന്ന് മുതലാണ് വ്യത്യസ്ത ആരാധനക്രമം ഉണ്ടായതെന്ന് മനസ്സിലാകുന്നില്ലെന്നും ഡാ. യൂഹാനോന്‍ മാര്‍ ദിയസ്‌കോറസ് പറയുന്നു.
അതേസമയം കേരള സര്‍ക്കാരിന്റെ സെമിത്തേരി ബില്ലിലും 2017 ലെ സുപ്രീംകോടതി വിധിയിലും മലങ്കര സഭ എന്നത് യാക്കോബായ, ഓര്‍ത്തഡോക്‌സ് സഭകള്‍ ഉള്‍പ്പെടുന്നതാണെന്ന് സമൂഹത്തിന് ബോധ്യപ്പെട്ടതാണെന്ന് ഡോ. കുര്യാക്കോസ് മാര്‍ തെയോഫിലോസ് വാദിക്കുന്നു. മലങ്കരയിലെ ദേവാലയങ്ങളും സ്വത്തുക്കളും യാക്കോബായ സഭയുടെ കൂടിയാണെന്ന് സുപ്രീംകോടതി സ്ഥിരീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു