മലപ്പുറം: കോട്ടയ്ക്കലില്‍ പുലര്‍ച്ചെ വന്‍ തീപിടിത്തം. പുലര്‍ച്ചെ 5.30ഓടെയായിരുന്നു അപകടം. സാധനങ്ങള്‍ വിലക്കുറവില്‍ ലഭിക്കുന്ന താല്‍കാലിക വ്യാപാര സ്ഥാപനത്തിനാണ് തീപിടിച്ചത്. ഫ്ളക്സ് സാമഗ്രികള്‍ ഉപയോഗിച്ചുള്ള നിര്‍മാണം തീ വേഗത്തില്‍ പടരാന്‍ കാരണമായി. സമീപത്തെ ചെരുപ്പ് കടയിലേക്കും തീ വ്യാപിച്ചു.
ഫയര്‍ ഫോഴ്സ് സംവിധാനങ്ങള്‍ എത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. മലപ്പുറം, പെരിന്തല്‍മണ്ണ, തിരൂര്‍, താനൂര്‍ എന്നിവിടങ്ങളിലെ യൂണിറ്റുകളാണ് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത്. തീ നിയന്ത്രണവിധേയമായിട്ടില്ലെന്നും അധിക യൂണിറ്റുകളെ സ്ഥലത്തേക്ക് അയച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
സ്ഥാപനത്തിന്റെ മുകളില്‍ താമസിച്ചിരുന്ന രണ്ട് പെണ്‍കുട്ടികളെ ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍ രക്ഷപ്പെടുത്തി. ഇവരില്‍ ഒരാള്‍ക്ക് ചെറിയ പരിക്കുകളുണ്ടായതായി, ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും നാട്ടുകാര്‍ അറിയിച്ചു.
പ്ലാസ്റ്റിക് ഉത്പന്നങ്ങളും വസ്ത്രങ്ങളും വില്‍ക്കുന്ന സ്ഥാപനമായതിനാല്‍ തീ അണയ്ക്കല്‍ ശ്രമം ബുദ്ധിമുട്ടാണ്. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായതായാണ് പ്രാഥമിക വിവരം. സമീപ വ്യാപാര സ്ഥാപനങ്ങളിലേക്കു തീ പടരുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നു.