മലപ്പുറം പുഞ്ചക്കൊല്ലിയില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ക്ക് പരുക്ക്. പുഞ്ചക്കൊല്ലിയിലുള്ള ആദിവാസി നഗറിലെ നെടുമുടി ,60 (ചടയന്‍) എന്നയാളെയാണ് കാട്ടാന ആക്രമിച്ചത്. വനത്തിനകത്തുള്ള പ്രദേശത്തുവെച്ച് ഇന്ന് വൈകീട്ടോടെയാണ് ആക്രമണം ഉണ്ടായത്.
വനത്തിനകത്തെ ചോലയില്‍ നിന്ന് വെള്ളം എത്തിക്കുന്ന പൈപ്പ് നന്നാക്കാന്‍ പോയതായിരുന്നു നെടുമുടി എന്ന ചടയനും സംഘവും. ഇവര്‍ കാട്ടാനയുടെ മുന്നില്‍പ്പെടുകയായിരുന്നു. നെടുമുടിയെ ആന ചുഴറ്റി എറിഞ്ഞുവെന്നാണ് വിവരം. തുടര്‍ന്ന് നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. കൈയ്ക്കും കാലിനും നട്ടെല്ലിനുമാണ് പരുക്കേറ്റിരിക്കുന്നത്. നെടുമുടിയുടെ നില അതീവ ഗുരുതരമല്ലെന്നാണ് അറിയുന്നത്.