• Thu. Jan 15th, 2026

24×7 Live News

Apdin News

മലപ്പുറത്തെ കുംഭമേള ആർക്കും തടയാനാവില്ല; ഹിന്ദു സമൂഹത്തിന്റെ സഹിഷ്ണുതയെ ദൗർബല്യമായി കാണരുത്: ശ്രീശക്തി ശാന്താനന്ദ മഹർഷി

Byadmin

Jan 15, 2026



മലപ്പുറം: ഭാരതപ്പുഴയുടെ തീരത്ത് നടക്കുന്ന കുംഭമേളയെ ആര്ക്കും തടയാനാവില്ലെന്ന് ചൊങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമം മഠാധിപതി ശ്രീശക്തി ശാന്താനന്ദ മഹർഷി.  ഭാരതപ്പുഴ ഒരാളുടെയും സ്വകാര്യ സ്വത്തല്ലെന്നും, സനാതന ധർമ്മത്തിന്റെ മഹാപരമ്പരയായ കുംഭമേള മുറപോലെ തന്നെ നടക്കുമെന്നും അദ്ദേഹം പറഞ്ഞു.

“ഭാരതപ്പുഴ ആരുടെയും ബാപ്പാന്റെ സ്വത്തല്ല. ഹിന്ദുവിന്റെ ആചാരങ്ങളും ആരാധനകളും ഇവിടെ ആരുടെയും അനുമതിയോടെ നടക്കേണ്ടതല്ല. അത് തടയാമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ ഒന്ന് ശ്രമിച്ചു നോക്കൂ. അപ്പോൾ തന്നെ ഹിന്ദുവിന്റെ ശക്തി എന്താണെന്ന് നിങ്ങൾക്ക് മനസ്സിലാകും,” എന്നായിരുന്നു മഹർഷിയുടെപ്രതികരണം.

കുംഭമേള ഒരു രാഷ്‌ട്രീയ പരിപാടിയല്ലെന്നും, അത് ആയിരക്കണക്കിന് വർഷങ്ങളായി നിലനിൽക്കുന്ന ആത്മീയ–സാംസ്കാരിക പൈതൃകത്തിന്റെ ഭാഗമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഹിന്ദു ആചാരങ്ങളെ മാത്രം ലക്ഷ്യമിട്ട് നിയന്ത്രണങ്ങളും തടസ്സങ്ങളും സൃഷ്ടിക്കുന്ന പ്രവണത അപകടകരമാണെന്നും, അത് സമൂഹത്തിൽ അനാവശ്യ സംഘർഷങ്ങൾ സൃഷ്ടിക്കുമെന്നും മഹർഷി മുന്നറിയിപ്പ് നൽകി.

“ഹിന്ദു സമൂഹത്തിന്റെ സഹിഷ്ണുതയെ ദൗർബല്യമായി കാണരുത്. സനാതനധർമ്മം ശാന്തമാണ്, എന്നാൽ അതിന് അതിന്റെ സ്വന്തം ശക്തിയുണ്ട്. കുംഭമേളയ്‌ക്ക് സന്യാസിമാർ എത്തും; ആ ആത്മീയ പ്രവാഹം ആരും തടയാൻ കഴിയില്ല,” എന്നും അദ്ദേഹം വ്യക്തമാക്കി.
ഈ പ്രസ്താവന കുംഭമേളയുമായി ബന്ധപ്പെട്ട വിവാദങ്ങൾ ശക്തമാകുന്ന സാഹചര്യത്തിലാണ് പുറത്തുവന്നിരിക്കുന്നത്. മഹർഷിയുടെ വാക്കുകൾക്ക് ഹിന്ദു സംഘടനകളും സന്യാസി സമൂഹവും വ്യാപക പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിട്ടുണ്ട്.

By admin