കൊവിഡ് കാലത്തെ പി.പി.ഇ കിറ്റ് വാങ്ങല്‍ ക്രമക്കേടില്‍ സര്‍ക്കാരിന്റെ വാദങ്ങള്‍ തെറ്റാണെന്നുള്ള രേഖകള്‍ പുറത്ത്. കിറ്റ് കിട്ടാനില്ലാതിരുന്നതു കൊണ്ടാണ് കൂടിയ വിലക്ക് വാങ്ങേണ്ടിവന്നതെന്ന മുന്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെ വാദത്തെ ഖണ്ഡിക്കുംവിധം ആരോഗ്യമന്ത്രി വീണ ജോര്‍ജ് നല്‍കിയ നിയമസഭ മറുപടിയാണ് ഇതിലൊന്ന്.
സര്‍ക്കാര്‍ കൂടിയ വിലക്ക് കിറ്റ് വാങ്ങിയതിന്റെ തലേന്ന് 550 രൂപ നിരക്കില്‍ 25,000 പി.പി.ഇ കിറ്റുകള്‍ നല്‍കാമെന്നു കാട്ടി അനിത ടെക്സ്റ്റിക്കോട്ട് എന്ന സ്ഥാപനം സര്‍ക്കാറിന് നല്‍കിയ കത്തും പ്രതിപക്ഷ നേതാവ് പരസ്യപ്പെടുത്തി. ഇതോടെ നിയമസഭക്കകത്തും പുറത്തും സര്‍ക്കാര്‍ പ്രതിരോധത്തിലാവുകയാണ്.
2024 ജനുവരി 29ന് നിയമസഭയില്‍ സനീഷ് കുമാര്‍ ജോസഫ് ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് അനിത ടെക്സ്റ്റിക്കോട്ട് 2020 മാര്‍ച്ച് 28ന് 550 രൂപ നിരക്കില്‍ 25000 കിറ്റുകള്‍ നല്‍കാന്‍ സന്നദ്ധതയറിയിച്ച് കെ.എം.എസ്.സി.എല്ലിന് കത്തുനല്‍കിയതെന്ന് വീണ ജോര്‍ജ് സ്ഥിരീകരിച്ചത്. എന്നാല്‍ ഇവരില്‍ നിന്ന് 10,000 കിറ്റുകള്‍ മാത്രമാണ് വാങ്ങിയതെന്നും മറുപടിയിലുണ്ട്.
പിറ്റേന്നാണ് മൂന്നിരട്ടി വിലക്ക് സാന്‍ ഫാര്‍മക്ക് ഓര്‍ഡര്‍ നല്‍കിയത്. 450 രൂപക്കും 500 രൂപക്കും പി.പി.ഇ കിറ്റ് ലഭിക്കുന്ന സമയത്താണ് 1,550 രൂപ നല്‍കി മഹാരാഷ്ട്ര ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാന്‍ ഫാര്‍മയില്‍നിന്നു വാങ്ങിയെന്നതായിരുന്നു പ്രതിപക്ഷത്തിന്റെ പ്രധാന ആരോപണം. 550 രൂപക്ക് കിറ്റ് നല്‍കിയിരുന്ന കമ്പനികളൊക്കെ പത്ത് ദിവസം കൊണ്ട് കിറ്റ് എത്തിച്ചപ്പോള്‍ 100 ശതമാനം പണവും നല്‍കിയ സാന്‍ഫാര്‍മ വൈകിയാണ് സപ്ലെ ചെയ്തത്.
ഇതിലും നടപടിയുണ്ടായില്ല. കോവിഡിനെ നേരിടാന്‍ ആരോഗ്യ സംവിധാനങ്ങള്‍ സജ്ജമാക്കുന്നതിന്റെ ഭാഗമായി പി.പി.ഇ കിറ്റുകളും എന്‍ 95 മാസ്‌കുകളും വാങ്ങാന്‍ കെ.എം.എസ്.സി.എല്ലിന് സര്‍ക്കാര്‍ 2020 മാര്‍ച്ചില്‍ പ്രത്യേക ഉത്തരവ് നല്‍കിയിരുന്നു. ക്വട്ടേഷന്‍, ടെന്‍ഡര്‍ ഔപചാരികതകളില്‍ ഇളവും നല്‍കി. ഇതിന്റെ മറവിലായിരുന്നു പരിധിവിട്ട വാങ്ങല്‍.