മലപ്പുറം: ഓഫീസ് അടയ്ക്കുന്നതിനിടെ മലപ്പുറം ജില്ലാ വിദ്യാഭ്യാസ ഓഫീസ് ജീവനക്കാരന് പാമ്പുകടിയേറ്റു. ഓഫീസ് അറ്റൻഡറായ മുഹമ്മദ് ജൗഹറിനാണ് കടിയേറ്റത്. ജില്ലാ വിദ്യാഭ്യാസ ഓഫീസിനുള്ളിൽ വെച്ചാണ് ജീവനക്കാരന് പാമ്പുകടിയേറ്റത്. ബുധനാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. ഓരോരോ സെക്ഷനായി അടയ്ക്കുകയായിരുന്നു ഇദ്ദേഹം. അതിനിടയിലാണ് ഒരു സെക്ഷനിലെ റാക്കിൽനിന്ന് പാമ്പുകടിച്ചത്. ഉടനെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു.
ഗവ.ബോയ്‌സ് ഹയർസെക്കൻഡറി സ്‌കൂളിനു പിൻഭാഗത്തുള്ള കെട്ടിടത്തിലാണ് താത്കാലികമായി ഡി.ഡി.ഇ. ഓഫീസ് പ്രവർത്തിക്കുന്നത്. സ്വന്തം കെട്ടിടം പൊളിച്ചതിനാൽ അടുത്തകാലത്തായി ഇങ്ങോട്ട് മാറുകയായിരുന്നു. ചുറ്റും ചപ്പുചവറുകളുള്ള സ്ഥലമാണ്. ഇത് ഇഴജന്തുക്കളുടെ ആവാസ കേന്ദ്രമായി മാറിയിട്ടുണ്ട്. നാല് ദിവസം മുമ്പ് പരിസരത്ത് അണലിയെ കണ്ടതായും പറയുന്നു. പത്ത് ദിവസം മുമ്പ് സമീപത്ത് പെരുമ്പാമ്പിനെ കാണുകയും ആളുകളെ കണ്ട പാമ്പ് കെട്ടിടത്തിനകത്തേക്ക് കയറുകയും ചെയ്തിരുന്നു. ഇതിനെ തുടർന്ന് വിദ്യാഭ്യാസ വകുപ്പ് ദുരന്ത നിവാരണ അതോറിറ്റിക്ക് പരാതി നൽകിയത്. പാമ്പുപിടിത്തക്കാരനെ എത്തിച്ച് പാമ്പിനെ പിടികൂടുകയുംചെയ്തു. കടിച്ചത് വിഷമില്ലാത്ത ഇനമായ മോൺടെൻ ട്രിൻകറ്റ് വിഭാഗത്തിൽപ്പെട്ട പാമ്പാണെന്ന് വിദഗ്ധർ പറഞ്ഞു.
കളക്ടർ ഇടപെട്ട് പാമ്പിനെ പിടികൂടാൻ പാമ്പ് പിടുത്തക്കാരെ ചുമതലപ്പെടുത്തിയിരുന്നെങ്കിലും കെട്ടിടത്തിന്റെ പൂട്ട് പൊളിക്കാൻ ശ്രമിക്കുമ്പോൾ ജീർണിച്ച മേൽക്കൂരയുടെയും ഭിത്തിയുടെയും ഭാഗങ്ങൾ അടർന്ന് വീണ് അപകട ഭീഷണിയുള്ളതിനാൽ അകത്തേക്ക് പ്രവേശിക്കാനാവാതെ തിരിച്ച് പോവുകയായിരുന്നു. പരിസരത്ത് തന്നെ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ, ഗവ. എൽ.പി സ്‌കൂൾ എന്നിവ പ്രവർത്തിക്കുന്നുണ്ട്. കൂടാതെ ഗവ. താലൂക്ക് ആശുപത്രി, ടീച്ചേഴ്സ് ട്രൈനിങ് സെന്റർ, സ്‌കൗട്ട് ഹാൾ, മസ്ജിദ് എന്നി വയുമുണ്ട്. വിദ്യാർഥികൾക്കും ജീവനക്കാർക്കും പൊതുജനങ്ങൾക്കും ഭീഷണിയായ ഉപയോഗശൂന്യമായ കെട്ടിടം പൊളിച്ചു നീക്കി ആശങ്കയകറ്റണമെന്ന ആവശ്യം ശക്തമാണ്.