• Wed. Sep 17th, 2025

24×7 Live News

Apdin News

മലയാളം സർവ്വകലാശാല ഭൂമി കൊള്ള: കെ.ടി ജലീൽ നേരിട്ട് ഇടപെട്ടതിൻ്റെ തെളിവുകൾ പുറത്ത് വിട്ട് പി.കെ ഫിറോസ്

Byadmin

Sep 17, 2025


കോഴിക്കോട്: മലയാളം സർവ്വകലാശാലക്ക് വേണ്ടി 17 കോടി 65 ലക്ഷം രൂപക്ക് ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട വിഷയത്തിൽ മന്ത്രിയായിരുന്ന കെ.ടി ജലീൽ നേരിട്ട് നടത്തിയ ഭൂമി കൊള്ളയുടെ കൂടുതൽ തെളിവുകൾ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് പുറത്ത് വിട്ടു.

യു.ഡി.എഫി ൻ്റെ കാലത്താണ് വില നിശ്ചയിച്ചതെന്ന വാദമാണ് കെ.ടി ജലീൽ മുന്നോട്ട് വെച്ചിരുന്നത്. എന്നാൽ യു.ഡി.എഫ് ഭരണത്തിൻ്റെ അവസാന കാലത്ത് മലപ്പുറം ജില്ലാ കളക്ടർ നൽകിയ പ്രൊപോസൽ സർക്കാറിന് ലഭിച്ചത് ഇടത്പക്ഷം ഭരിച്ച 2016 ജൂൺ 23നാണെന്നും ഫിറോസ് പറഞ്ഞു. ഭൂമിയുടെ വില പോലും നിശ്ചയിച്ച് സർക്കാറിലേക്ക് അയക്കുന്നത് ഇടത്പക്ഷ ഭരണകാലത്ത് ആണെന്നിരിക്കേ നേരത്തേ വില നിശ്ചയിച്ചുവെന്ന കെ.ടി ജലീലിൻ്റെ ആരോപണം പച്ച കളവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2015ലെ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ചില ചാനലുകൾ യു.ഡി.എഫ് സർക്കാറിനെതിരെ കൊണ്ട് വന്ന വാർത്തയും അടിസ്ഥാനരഹിതമാണ്. യു.ഡി.എഫ് സർക്കാറിൻ്റെ കാലത്ത് ആതവനാട്ടെ ഭൂമിയും വെട്ടം വില്ലേജിലെ മറ്റൊരു ഭൂമിയും ഏറ്റെടുക്കാൻ ആവശ്യമായ നടപടിക്രമങ്ങൾ ആരംഭിക്കുന്നതിന് യു.ഡി.എഫ് സർക്കാർ മുൻകാലത്ത് ഉത്തരവുകൾ ഇറക്കിയിരുന്നു. എന്നാൽ ഒരു ഭൂമിയും യു.ഡി.എഫ് സർക്കാറിൻ്റെ കാലത്ത് വില നിശ്ച്ചയിച്ച് ഏറ്റെടുക്കുന്നതിന് സർക്കാർ തലത്തിൽ തീരുമാനമെടുത്തിരുന്നില്ല.

2018 ൽ കെ.ടി ജലീൽ തദ്ദേശ വകുപ്പ് ഒഴിഞ്ഞ് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഏറ്റെടുത്തത് തന്നെ ഭൂമി തട്ടിപ്പിന് നേതൃത്വം നൽകാനാണ്. ആതവനാട്ടെ ഭൂ ഉടമകൾ കേരള ഹൈക്കോടതിയിൽ 2019 ജനുവരി 9 ന് അവരുടെ ഭൂമി ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹരജിയിൽ ആറാഴ്ച്ചക്കകം ഹരജിക്കാരുമായി സംസാരിച്ച് തീരുമാനമെടുക്കണമെന്ന് സംസ്ഥാന സർക്കാറിനോട് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായിരുന്ന കെ.ടി ജലീൽ അപ്പീൽ പോകാനാണ് തീരുമാനിച്ചത്. വെട്ടത്തെ ഭൂമിക്ക് ആവശ്യമായി വരുന്ന വിലയുടെ പകുതിയിൽ താഴെ വിലക്ക് ഭൂമി തരാൻ ആതവനാട്ടെ ഭൂ ഉടമകൾ തയ്യാറായിട്ടും ഹൈക്കോടതി ഉത്തരവുണ്ടായിട്ടും കെ.ടി ജലീൽ അട്ടിമറിച്ചത് തനിക്കും സ്വന്തക്കാർക്കും കൂടി കോടികളുടെ അഴിമതി നടത്താനായിരുന്നെന്നും ഫിറോസ് വ്യക്തമാക്കി. കെ.ടി ജലീൽ ഇടതുപക്ഷ സ്ഥാനാർത്ഥി ലില്ലീസ് ഗഫൂറിനും സഹോദരങ്ങൾക്കും മന്ത്രി വി.അബ്ദുറഹ്മാൻ്റെ സഹോദര പുത്രൻമാർക്കും പണം അനുവദിക്കാൻ ആവശ്യപ്പെട്ടതിൻ്റെയും ആതവനാട്ടെ ഭൂമി ഏറ്റെടുക്കാനുള്ള ഹൈക്കോടതി നിർദ്ദേശത്തിനെതിരെ അപ്പീൽ പോകാൻ ജലീൽ സ്വന്തം നിലക്ക് ആവശ്യപ്പെട്ടതിൻ്റെയും രേഖകളുടെ പകർപ്പുകൾ ഫിറോസ് പുറത്ത് വിട്ടു. ഈ ഇടപാടിലൂടെ നേടിയത് 15 കോടിയോളം രൂപയാണ്. ഈ കൊള്ളയിൽ നിന്ന് കിട്ടിയ പണമാണ് 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ താനൂർ, തിരൂർ, തവനൂർ മണ്ഡലങ്ങളിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥികൾ ഉപയോഗിച്ചതെന്നും ഫിറോസ് ആരോപിച്ചു.

By admin