• Fri. Sep 5th, 2025

24×7 Live News

Apdin News

മലയാളത്തിന്റെ മധുവിന് ഗവര്‍ണറുടെ ഓണക്കോടി

Byadmin

Sep 5, 2025



തിരുവനന്തപുരം: ”ആരോഗ്യ പ്രശ്‌നമൊന്നും ഇല്ല, മുട്ട് വേദനയുണ്ട്. പക്ഷേ ഞാനിപ്പോള്‍ പുറത്തേക്കൊന്നും ഇറങ്ങാറില്ല, കാരണം വേറൊന്നുമല്ല, പുറത്തേക്കിറങ്ങിയാല്‍ ഒന്നുകില്‍ വണ്ടിയിടിക്കും അല്ലെങ്കില്‍ പട്ടികടിക്കും…” പകുതി തമാശയും പകുതി കാര്യവുമായി പുഞ്ചിരിയോടെ മലയാളത്തിന്റെ പ്രിയ നടന്‍ മധു പറഞ്ഞു.

ഉത്രാട ദിനത്തില്‍ തന്നെ കാണാനെത്തിയ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ആരോഗ്യസ്ഥിതിയെക്കുറിച്ച് ചോദിച്ചപ്പോഴാണ് ഈ മറുപടി. ഗവര്‍ണറും ഭാര്യ അനഘ ആര്‍ലേക്കറും ചെറുമകന്‍ ശ്രീഹരിയും ഓണക്കോടിയുമായാണ് മധുവിന് ഓണാശംസ നേരാനെത്തിയത്. ഒപ്പം കേന്ദ്ര മന്ത്രി സുരേഷ് ഗോപിയും. സാത്ത് ഹിന്ദുസ്ഥാനി എന്ന ഹിന്ദി സിനിമയില്‍ അമിതാഭ് ബച്ചനോടൊപ്പം മധു അഭിനയിട്ടുണ്ടെന്ന് സുരേഷ് ഗോപി പറഞ്ഞപ്പോള്‍ ഗവര്‍ണര്‍ക്ക് അത്ഭുതം. ബച്ചന്റെ ആദ്യ സിനിമയാണ് സാത് ഹിന്ദുസ്ഥാനിയെന്ന് മധുവും പറഞ്ഞു.

വൈകിട്ട് നാലരയോടെയാണ് ഓണാശംസകള്‍ നേരാന്‍ ഗവര്‍ണര്‍ കുടുംബസമേതം സുരേഷ് ഗോപിയെയും കൂട്ടി കണ്ണമ്മൂലയിലെ വീട്ടിലെത്തിയത്. മധുവിന്റെ മകള്‍ ഡോ. ഉമ ജെ. നായരും ഭര്‍ത്താവ് കൃഷ്ണകുമാറും ചേര്‍ന്ന് ഗവര്‍ണറെയും കേന്ദ്രമന്ത്രിയെയും സ്വീകരിച്ചു. ഗവര്‍ണര്‍ ഓണക്കോടിയും ഓണസമ്മാനവും മധുവിന് സമ്മാനിച്ചു. സുരേഷ് ഗോപി ഷാള്‍ അണിയിച്ച് ഓണക്കോടി സമ്മാനിച്ചു.

ഓണത്തിന്റെ പുണ്യദിനത്തില്‍ കേരളത്തിന്റെ പ്രിയനടന്‍ മധുവിനെ കാണാനും കുറച്ചുസമയം ചെലവഴിക്കാനും സാധിച്ചതില്‍ അഭിമാനമുണ്ടെന്ന് ഗവര്‍ണര്‍ പറഞ്ഞു. ഗവര്‍ണറും കുടുംബവും എന്നെ കാണാന്‍ വരുമെന്ന് സ്വപ്‌നത്തില്‍ പോലും കരുതിയതല്ലെന്നും അദ്ദേഹം വന്നതില്‍ വളരെ നന്ദിയുണ്ടെന്നും മധു പ്രതികരിച്ചു.

By admin