• Wed. Aug 6th, 2025

24×7 Live News

Apdin News

മലയാളികളുടെ പ്രേംനസീര്‍ സ്മൃതിയിലെ മറ്റൊരദ്ധ്യായമാണ് ഷാനവാസിന്റെ നിര്യാണത്തോടെ അവസാനിച്ചത്; ഡോ. എം.പി. അബ്ദുസമദ് സമദാനി എം.പി – Chandrika Daily

Byadmin

Aug 5, 2025


മലയാളികളുടെ പ്രേംനസീര്‍ സ്മൃതിയിലെ മറ്റൊരദ്ധ്യായമാണ് മകന്‍ ഷാനവാസിന്റെ നിര്യാണത്തോടെ അവസാനിച്ചിരിക്കുന്നതെന്ന് ഡോ. എം.പി. അബ്ദുസമദ് സമദാനി എം.പി. കേരളീയ സമൂഹത്തിന്റെ മനം കവര്‍ന്ന വലിയൊരു മനുഷ്യന്റെ പുത്രനെന്ന നിലയിലും ഇടക്കാലത്ത് കലാരംഗത്തെ സാന്നിദ്ധ്യത്തിന്റെ പേരിലും ഷാനവാസ് സമൂഹത്തിന്റെ ശ്രദ്ധയ്ക്കും സ്‌നേഹത്തിനും പാത്രമായിത്തീര്‍ന്നു. എന്നാല്‍ സിനിമാ നടന്‍ എന്ന പരിവേഷത്തേക്കാള്‍ പ്രേംനസീറിന്റെ മകന്‍ എന്ന നിലയിലായിരുന്നു ഷാനവാസ് കൂടുതല്‍ അറിയപ്പെട്ടതും ശ്രദ്ധിക്കപ്പെട്ടതെന്നും സമദാനി ഫേസ്ബുക്കില്‍ കുറിച്ചു.

പ്രേംനസീര്‍ എന്ന മനുഷ്യന്‍ ജനങ്ങള്‍ക്ക് ബഹുമാന്യനും പ്രിയങ്കരനുമായിത്തീര്‍ന്നത് മലയാളത്തിലെ എക്കാലത്തെയും ചലച്ചിത്ര താരങ്ങളില്‍ ഉന്നതശീര്‍ഷന്‍ എന്നതിനേക്കാള്‍ അദ്ദേഹത്തിന്റെ സമുന്നതമായ സ്വഭാവ മഹിമ കൊണ്ടും ഹൃദയാലുത്വമുള്ളൊരു മനുഷ്യസ്‌നേഹി എന്ന നിലയില്‍ അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങള്‍ കൊണ്ടുമായിരുന്നു. ആ പിതാവിന്റെ ചില സ്വഭാവവിശേഷങ്ങള്‍ ഷാനവാസിലും പ്രതിഫലിക്കുകയുണ്ടായി. വിനയാന്വിതമായ പെരുമാറ്റം, പുഞ്ചിരി തൂകിക്കൊണ്ടുള്ള സംസാരം. പിതാവിന്റെ വ്യക്തിത്വത്തിന്റെ ചില വശങ്ങള്‍ സ്വാഭാവികമായും ഷാനവാസില്‍ നിഴലിച്ചുകണ്ടെന്നും സമദാനി എഴുതി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

മലയാളികളുടെ പ്രേംനസീര്‍ സ്മൃതിയിലെ മറ്റൊരദ്ധ്യായമാണ് മകന്‍ ഷാനവാസിന്റെ നിര്യാണത്തോടെ അവസാനിച്ചിരിക്കുന്നത്. കേരളീയ സമൂഹത്തിന്റെ മനം കവര്‍ന്ന വലിയൊരു മനുഷ്യന്റെ പുത്രനെന്ന നിലയിലും ഇടക്കാലത്ത് കലാരംഗത്തെ സാന്നിദ്ധ്യത്തിന്റെ പേരിലും ഷാനവാസ് സമൂഹത്തിന്റെ ശ്രദ്ധയ്ക്കും സ്‌നേഹത്തിനും പാത്രമായിത്തീര്‍ന്നു. എന്നാല്‍ സിനിമാ നടന്‍ എന്ന പരിവേഷത്തേക്കാള്‍ പ്രേംനസീറിന്റെ മകന്‍ എന്ന നിലയിലായിരുന്നു ഷാനവാസ് കൂടുതല്‍ അറിയപ്പെട്ടതും ശ്രദ്ധിക്കപ്പെട്ടതും.

പ്രേംനസീര്‍ എന്ന മനുഷ്യന്‍ ജനങ്ങള്‍ക്ക് ബഹുമാന്യനും പ്രിയങ്കരനുമായിത്തീര്‍ന്നത് മലയാളത്തിലെ എക്കാലത്തെയും ചലച്ചിത്ര താരങ്ങളില്‍ ഉന്നതശീര്‍ഷന്‍ എന്നതിനേക്കാള്‍ അദ്ദേഹത്തിന്റെ സമുന്നതമായ സ്വഭാവമഹിമ കൊണ്ടും ഹൃദയാലുത്വമുള്ളൊരു മനുഷ്യസ്‌നേഹി എന്ന നിലയില്‍ അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങള്‍ കൊണ്ടുമായിരുന്നു. ആ വന്ദ്യ പിതാവിന്റെ ചില സ്വഭാവവിശേഷങ്ങള്‍ ഷാനവാസിലും പ്രതിഫലിക്കുകയുണ്ടായി. വിനയാന്വിതമായ പെരുമാറ്റം, പുഞ്ചിരി തൂകിക്കൊണ്ടുള്ള സംസാരം… അങ്ങനെ പലതും. മക്കള്‍ക്ക് പൂര്‍ണ്ണമായും തങ്ങളുടെ വലിയ പിതാക്കളെപ്പോലെയാകാന്‍ സാധിച്ചുകൊള്ളണമെന്നില്ല. എന്നാല്‍ തന്റെ വിന്ദ്യ പിതാവിന്റെ വ്യക്തിത്വത്തിന്റെ ചില വശങ്ങള്‍ സ്വാഭാവികമായും ഷാനവാസില്‍ നിഴലിച്ചുകണ്ടു.

ഷാനവാസിനെ ആദ്യമായി കണ്ടത് ഒരിക്കല്‍ അബൂദാബിയില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ ചെന്നപ്പോള്‍ അദ്ദേഹത്തിന്റെ സുഹൃത്തുക്കളോടൊപ്പം ഞാന്‍ താമസിക്കുന്ന ഹോട്ടലില്‍ വന്നപ്പോഴായിരുന്നു. പിന്നീട് പലപ്പോഴും ഞങ്ങള്‍ കണ്ടുമുട്ടി. രോഗാവസ്ഥയിലായിരിക്കെ തിരുവനന്തപുരത്ത് അദ്ദേഹത്തിന്റെ വീട്ടില്‍ ചെന്ന് അദ്ദേഹത്തെ കാണാനും അവസരമുണ്ടായി. എപ്പോള്‍ പരസ്പരം കണ്ടാലും അധികവും സംസാരിക്കാറുണ്ടായിരുന്നത് അദ്ദേഹത്തിന്റെ വന്ദ്യ പിതാവുമായുള്ള എന്റെ ബന്ധത്തെയും ഞങ്ങളുടെ കൂടിക്കാഴ്ചകളെയും സംബന്ധിച്ചായിരുന്നു. ചിറയിന്‍കീഴിലെ പ്രേംനസീറിന്റെ വസതിയില്‍ സഹോദരീഭര്‍ത്താവായ തലേക്കുന്നില്‍ ബഷീറിനോടൊപ്പം പോയത് എനിക്ക് സുപ്രധാനമായൊരു ഓര്‍മ്മയാണ്. അടുത്ത കാലത്ത് ആ വീടിനെ സംബന്ധിച്ച് ഒരു കാര്യവുമില്ലാതെ സോഷ്യല്‍ മീഡിയയിലെ ചിലര്‍ ഉന്നയിക്കാന്‍ ശ്രമിച്ചതും ഫലിക്കാതെ പൊയതുമായ കാര്യങ്ങളെക്കുറിച്ചെല്ലാം ഞാന്‍ ഒരിക്കല്‍ സംസാരിച്ചു. പ്രേംനസീര്‍ എന്നപോലെ അദ്ദേഹത്തിന്റെ മക്കളും മാന്യമായ ജീവിതമാണ് നയിച്ചതും നയിക്കുന്നതും. വിവാദങ്ങളില്‍ നിന്നെല്ലാം അവര്‍ അകന്നുനിന്നു. പ്രേംനസീറിന്റെ മകള്‍ റീത്തയുമായും പൗത്രി ജാസ്മിനുമായുമെല്ലാം സംസാരിക്കുമ്പോള്‍ ഷാനവാസിനോടുള്ള കുടുംബാംഗങ്ങളുടെ സ്‌നേഹമാണ് അനുഭവപ്പെടുന്നത്.

രോഗം കാരണമായുള്ള അവശതയിലായിരുന്നപ്പോഴും ഷാനവാസിന്റെ മനസ്സ് സജീവതയും ഉണര്‍വും നിലനിര്‍ത്തി. രോഗത്തിനടിയില്‍ കാണാന്‍ ചെന്നപ്പോഴും കസേരയിലിരുന്ന് ദീര്‍ഘമായി സംസാരിക്കാന്‍ അദ്ദേഹം പ്രയാസമോ മടിയോ കാണിച്ചില്ല. രോഗകാലത്തുടനീളം ഭാര്യയും കുട്ടികളും കൂടെത്തന്നെ നിന്ന് അദ്ദേഹത്തെ സ്‌നേഹപൂര്‍വ്വം ശുശ്രൂഷിക്കുകയും ചെയ്തു.

ഞങ്ങള്‍ കാണുമ്പോഴൊക്കെ അത്ഭുതത്തോടെയും കൗതുകത്തോടെയും അനുസ്മരിക്കുമായിരുന്ന ഒരു സംഭവമുണ്ട്. ഞാനൊരിക്കല്‍ മലയാളി സുഹൃത്തുക്കളുടെ ക്ഷണം സ്വീകരിച്ച് പ്രഭാഷണം നിര്‍വഹിക്കാന്‍ മലേഷ്യയില്‍ പോയി. ക്വാലലമ്പൂരിലെ ഹോട്ടലില്‍ ഒരു രാത്രി പ്രേംനസീറിനെ സ്വപ്നത്തില്‍ കണ്ടു. ആലപ്പുഴയിലെ ഒരു വീട്ടില്‍ അദ്ദേഹത്തോടൊപ്പം ഏകദേശം ഒരു പകല്‍ മുഴുവന്‍ ചെലവഴിച്ചതിന്റെ രംഗങ്ങളാണ് സ്വപ്നത്തില്‍ കണ്ടത്. കാലത്ത് പ്രാര്‍ത്ഥനയും മറ്റും കഴിഞ്ഞിരിക്കുമ്പോഴുണ്ട് ഒരാള്‍ വാതിലില്‍ മുട്ടുന്നു. തുറന്നു നോക്കിയപ്പോഴുണ്ട് ഒരു ചെറുപ്പക്കാരന്‍ പുഞ്ചിരിച്ചു നില്‍ക്കുന്നു. ആരാണ്? എന്താണ്? എന്ന് ചോദിക്കുമ്പോഴേക്ക് ആഗതന്‍ പറയാന്‍ തുടങ്ങി: ‘എന്നെ ഉമ്മ പറഞ്ഞയച്ചതാണ്. നിങ്ങളെ കാണാന്‍. ഞങ്ങളുടെ വീട്ടില്‍ വന്ന് അവിടെ ഞങ്ങള്‍ ഒരുക്കുന്ന സദസ്സില്‍ സമദാനി സാഹിബ് പ്രസംഗിക്കുമോ എന്ന് ഉമ്മ ചോദിക്കുന്നു’. അതിശയിച്ചുനിന്ന ഞാന്‍ ചോദിച്ചു: ‘വീട്ടില്‍ അല്ലല്ലോ ആരും പ്രസംഗിക്കാറ്, നിങ്ങളുടെ ഉമ്മ ആരാണ്? നിങ്ങള്‍ ആരാണ്?’ ആഗതനായ യുവാവ് പറഞ്ഞു: ‘എന്റെ ഉമ്മ പ്രേംനസീറിന്റെ പെങ്ങളാണ്. ഞങ്ങളുടെ വീട് ഇവിടെ അടുത്താണ്. നിങ്ങളെ വീട്ടിലേക്ക് ക്ഷണിക്കാനാണ് ഉമ്മ എന്നെ പറഞ്ഞയച്ചത് ‘. ഞാനാകെ സ്തംഭിച്ചുപോയി. രാത്രി കണ്ട കിനാവിന്റെ പൊരുളറിയാതെ ശങ്കിച്ചുനിന്ന എനിക്ക് അതിന്റെ അര്‍ത്ഥവും സന്ദേശവും പെട്ടെന്ന് മനസ്സിലായി.

വൈകുന്നേരം തിരിച്ചുവന്ന ചെറുപ്പക്കാരന്‍ എന്നെ ആ വീട്ടില്‍ കൊണ്ടുപോയി. പ്രേംനസീറിന്റെ മൂത്ത സഹോദരിയാണവര്‍. ആങ്ങളയുടെ അതേ മുഖവും അതേ സുസ്മിതവും. അവരുടെ മുറ്റത്ത് വട്ടത്തിലിരുന്ന് അവിടെക്കൂടിയവരോട് അല്പം സംസാരിക്കുകയും ചെയ്തു. പ്രേംനസീറിന്റെ പെങ്ങളുടെ സല്‍ക്കാരത്തെക്കാള്‍ അവരുടെ സ്‌നേഹവും ആഥിത്യവുമാണ് എന്റെ മനസ്സില്‍ ഇപ്പോഴും നിറഞ്ഞുനില്‍ക്കുന്നത്. തന്റെ ഈ പെങ്ങളുടെ മകളെ തന്നെയാണ് പ്രേംനസീര്‍ മകനെക്കൊണ്ട് വിവാഹം കഴിപ്പിച്ചത്. അതിനാല്‍ ഷാനവാസിനെ കാണാന്‍ പോകുമ്പോഴെല്ലാം എന്റെ സ്വപ്നവും പിറകെ പുലര്‍ന്ന യാഥാര്‍ത്ഥ്യവും അതിലെ കഥാപാത്രമായ ചെറുപ്പക്കാരനും ഞങ്ങളുടെ തമാശ നിറഞ്ഞ സംഭാഷണങ്ങള്‍ക്ക് വിഷയമായിത്തീരുമായിരുന്നു.

പ്രേംനസീറിന്റെയോ ഷാനവാസിന്റെയോ ചലച്ചിത്ര മണ്ഡലങ്ങളല്ല എന്നെ എപ്പോഴും ആകര്‍ഷിച്ചത്. സിനിമ എനിക്ക് താല്പര്യമുള്ള മേഖലയോ എനിക്ക് ബന്ധപ്പെട്ടതോ അല്ലതാനും. എന്റെ മനസ്സില്‍ എപ്പോഴും പ്രേംനസീര്‍ ആപാദചൂഢം ബഹുമാന്യനായ വലിയൊരു മനുഷ്യനാണ്, ഒട്ടേറെ സല്‍ഗുണങ്ങള്‍ നിറഞ്ഞ വ്യക്തിത്വമാണ്. തലക്കുന്നില്‍ ബഷീര്‍ ആവശ്യപ്പെട്ടതനുസരിച്ച് ഒരിക്കല്‍ പ്രേംനസീര്‍ സ്മരണികയില്‍ എഴുതിയ ലേഖനത്തിന്റെ ശീര്‍ഷകത്തില്‍ അദ്ദേഹത്തെ വിശേഷിപ്പിച്ചത് ‘ജെന്റ്ല്‍മാന്‍’ എന്നാണ്. അദ്ദേഹത്തിന്റെ മകനും മാന്യനായിരുന്നു. മക്കളെ സിനിമയുമായി ബന്ധപ്പെടുത്തുന്നതില്‍ ഒട്ടും താല്പര്യമില്ലാത്ത പിതാവായിരുന്നു പ്രേംനസീര്‍. ഷാനവാസിന്റെ ഇഷ്ടം കൊണ്ടും നിര്‍ബന്ധം കൊണ്ടുമാണ് അദ്ദേഹം സിനിമയിലെത്തുന്നത്. സിനിമയേക്കാള്‍ ജീവിതവും അതിലെ നന്മകളുമായിരുന്നു തന്റെ കാര്യത്തിലും മറ്റുള്ളവരുടെ കാര്യത്തിലും പ്രേംനസീര്‍ പ്രധാനമായി കണ്ടത്. പക്ഷെ, ഷാനവാസ് സിനിമയിലെത്തി. ആ രംഗത്ത് പിതാവിനെപ്പോലെ ശോഭിക്കാന്‍ കഴിഞ്ഞില്ലെങ്കിലും വന്ദ്യ പിതാവിന്റെ പ്രതിച്ഛായയായി മലയാളികള്‍ അദ്ദേഹത്തെ ഓര്‍ക്കുകതന്നെ ചെയ്യും.



By admin