• Sun. May 25th, 2025

24×7 Live News

Apdin News

മലയാള സര്‍വ്വകലാശാലയില്‍ എംഎ, എംഎസ്‌സി; രജിസ്‌ട്രേഷന്‍ മെയ് 30 വരെ

Byadmin

May 25, 2025


പ്രവേശന വിജ്ഞാപനം, പ്രോസ്‌പെക്ടസ് www.malayalamuniversity.edu.in- ല്‍
ബിരുദക്കാര്‍ക്കും ഫൈനല്‍ പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം
അപേക്ഷാ ഫീസ് ഒരു കോഴ്‌സിന് 475 രൂപ. എസ്‌സി/എസ്ടി/ഭിന്നശേഷിക്കാര്‍ക്ക് 240 രൂപ
അഡ്മിഷനായുള്ള അഭിരുചി പരീക്ഷ ജൂണ്‍ ആദ്യവാരം

തുഞ്ചത്ത് എഴുത്തച്ഛന്‍ മലയാള സര്‍വ്വകലാശാല (വാക്കാട്, മലപ്പുറം) 2025-26 വര്‍ഷത്തെ വിവിധ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്ക് പ്രവേശനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. വിജ്ഞാപനം, വിവരണപത്രിക ഔദ്യോഗിക വെബ്‌സൈറ്റായ www.malayalamuniversity.edu.in- ല്‍ ലഭ്യമാണ്. ഓണ്‍ലൈനില്‍ മെയ് 30 വരെ രജിസ്റ്റര്‍ ചെയ്യാം. കോഴ്‌സുകളും സീറ്റുകളും ചുവടെ-

എംഎ- ഭാഷാശാസ്ത്രം 20, മലയാളം (സാഹിത്യപഠനം) 20, മലയാളം (സാഹിത്യരചന) 20, മലയാളം (സംസ്‌കാര പൈതൃകം) 20, എംഎ (ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍) 20, എംഎ- പരിസ്ഥിതി പഠനം 10, എംഎസ്‌സി- പരിസ്ഥിതിപഠനം 10, എംഎ- വികസന പഠനവും തദ്ദേശ വികസനവും 20, ചരിത്രം 20, സോഷ്യോളജി 20, ചലച്ചിത്ര പഠനം 20, താരതമ്യ സാഹിത്യ-വിവര്‍ത്തന പഠനം 20.

ബിരുദധാരികള്‍ക്കും പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. എംഎസ്‌സി പരിസ്ഥിതി പഠന കോഴ്‌സിലേക്ക് അപേക്ഷിക്കുന്നവര്‍ പ്ലസ്ടു തലത്തില്‍ സയന്‍സ് പഠിച്ചിരിക്കണം.

പ്രായപരിധി 35 വയസ്. എസ്‌സി/എസ്ടി/ഭിന്നശേഷിക്കാര്‍/പിന്നോക്ക വിഭാഗക്കാര്‍ എന്നീ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 37 വയസുവരെയാകാം. സ്ത്രീകള്‍ക്കും ഭിന്നലിംഗക്കാര്‍ക്കും പ്രായപരിധിയില്ല.

സര്‍വ്വകലാശാല നടത്തുന്ന അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും എല്ലാ കോഴ്‌സുകളിലേക്കുമുള്ള പ്രവേശനം. ഒരാള്‍ക്ക് പരമാവധി മൂന്ന് വിഷയങ്ങള്‍ക്കുള്ള പ്രവേശന പരീക്ഷയെഴുതാം. പ്രവേശന നടപടികളും മാനദണ്ഡങ്ങളും വിവരണപത്രികയിലുണ്ട്.

അപേക്ഷാ ഫീസ് ഒരു കോഴ്‌സിന് 475 രൂപ (എസ്‌സി/എസ്ടി/ഭിന്നശേഷിക്കാര്‍ക്ക് 240 രൂപ), രണ്ട് കോഴ്‌സുകള്‍ക്ക് യഥാക്രമം 900 (450) രൂപ, മൂന്ന് കോഴ്‌സുകള്‍ക്ക് 1100 (600) രൂപ എന്നിങ്ങനെ നല്‍കണം. ഓണ്‍ലൈന്‍ വഴി ഫീസ് അടയ്‌ക്കാനുള്ള റാങ്ക് ലിസ്റ്റ് വെബ്‌സൈറ്റിലുണ്ട്.

അഭിരുചി പരീക്ഷ ജൂണ്‍ ആദ്യവാരം നടത്തും. അഭിരുചി പരീക്ഷക്കുള്ള ഹാള്‍ടിക്കറ്റ് ഇ-മെയില്‍ വഴി ലഭിക്കും. പരീക്ഷാകേന്ദ്രം, തീയതി, സമയം എന്നിവ ഹാള്‍ടിക്കറ്റില്‍ ഉണ്ടായിരിക്കും.

 



By admin