നിർമാതാവ് ആന്റോ ജോസഫിന്റെ പുതിയ ചിത്രമായ ‘പേട്രിയറ്റിന്’ ആശംസകൾ നേർന്ന് നടൻ ഉണ്ണി മുകുന്ദൻ . ‘മാർക്കോ’ എന്ന സിനിമ യാഥാർഥ്യമാക്കാൻ അദ്ദേഹം നൽകിയ വലിയ പിന്തുണയെക്കുറിച്ചും ഉണ്ണി മുകുന്ദൻ സോഷ്യൽ മീഡിയ പോസ്റ്റിൽ പറയുന്നു. ഒരു സാധാരണ ഫോൺ കോളിലൂടെയുള്ള അഭ്യർഥന മാനിച്ച് വലിയൊരു സിനിമയുടെ അവകാശം വിട്ടുനൽകിയയാളാണ് ആന്റോ ജോസഫെന്നും ഉണ്ണി മുകുന്ദൻ പറയുന്നു.
‘എന്റെ എക്കാലത്തെയും ഹിറ്റുകളുടെ നിർമ്മാതാവിന് ആശംസകൾ. ഞാൻ നെഞ്ചേറ്റിയ സ്വപ്നങ്ങൾക്ക് വഴിയൊരുക്കിയവയായിരുന്നു ആ സിനിമകൾ. സിനിമയ്‌ക്കായി തന്റെ സർവവും നിക്ഷേപിച്ച ആന്റോ ചേട്ടന് ആശംസകൾ. ‘ പേട്രിയറ്റ് ‘ സിനിമാ ഇൻഡസ്ട്രിയിലെ സുഹൃത്തുക്കളിൽ നിന്ന് ഞാൻ കേട്ടതുപോലെ, മലയാള സിനിമയിലെ അതിശയകരമായ സൃഷ്ടിയാണ്. സൂപ്പർസ്റ്റാറുകളും മികച്ച സാങ്കേതിക വിദഗ്ധരും ഒത്തുചേർന്ന ഈ ചിത്രം, അതിന്റെ ക്രാഫ്റ്റിന് മാത്രമല്ല, ആന്റോ ചേട്ടൻ എന്ന മനുഷ്യന് വേണ്ടിക്കൂടി വലിയ വിജയം അർഹിക്കുന്നുണ്ട്.
മല്ലു സിംഗ് മുതൽ എന്റെ കരിയറിനെ മറ്റൊരു തലത്തിലേക്ക് ഉയർത്തിയ ‘മാളികപ്പുറം’ വരെയുള്ള സിനിമകൾ നിർമിച്ചത് അദ്ദേഹം ആണ്. എന്റെ നിർമാണ കമ്പനിയായ യുഎംഎഫ് തുടങ്ങിയപ്പോൾ ആദ്യം വിളിച്ച് ആശംസകൾ അറിയിച്ചത് മുതൽ, ഒരു സാധാരണ ഫോൺ കോളിലൂടെയുള്ള എന്റെ അഭ്യർഥന കേട്ട് ‘മാർക്കോ’ എന്ന സിനിമ നിർമിക്കാനുള്ള എൻഒസി യാതൊരു മടിയും കൂടാതെ കൈമാറിയ ആ മനുഷ്യന്റെ ഔദാര്യത്തെക്കുറിച്ച് പറയാതിരിക്കാൻ കഴിയില്ല.
ആ മനുഷ്യൻ ഇല്ലായിരുന്നെങ്കിൽ മാർക്കോ ഉണ്ടാകുമായിരുന്നില്ല. സിനിമയുടെ വിജയകരമായ പൂർത്തീകരണത്തിൽ നിന്ന് ഞാൻ ആസ്വദിച്ച വൻ വിജയത്തിൽ നിന്ന് ഒരു പൈസ പോലും നിങ്ങൾ എടുത്തില്ല എന്നതാണ് വസ്തുത . നിങ്ങൾ എപ്പോഴും വിജയിക്കണമെന്ന് ഞാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നതിന്റെ യഥാർത്ഥ കാരണവും ഇത് തന്നെ. മമ്മൂക്കയ്‌ക്കും, ലാലേട്ടനും, ഫഹദിനും, സ്കിപ്പറിനും മഹേഷിനും പേട്രിയറ്റിന്റെ മുഴുവൻ ടീമിനും ആശംസകൾ. തിയേറ്ററുകളിൽ മാത്രം കണ്ട് ചിത്രം വിജയിപ്പിക്കുക’’–ഉണ്ണി മുകുന്ദൻ കുറിച്ചു.