കേരളത്തിൽ ഏറ്റവും ഉയർന്ന കലക്ഷൻ നേടുന്ന മലയാളസിനിമയായി എമ്പുരാൻ. ചിത്രത്തിന്റെ അണിയറപ്രവർത്തകരാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. 2024ൽ പുറത്തിറങ്ങിയ മഞ്ഞുമ്മൽ ബോയ്സ് ആയിരുന്നു ഈ സ്ഥാനത്ത്. 72 ദിവസംകൊണ്ട് മഞ്ഞുമ്മൽ ബോയ്സ് നേടിയ കലക്ഷൻ വെറും പത്ത് ദിവസംകൊണ്ടാണ് എമ്പുരാന് ലഭിച്ചത്.
ഇന്ത്യയിൽ നിന്നും ഇതുവരെയായി ചിത്രം 91.15 കോടി രൂപ കളക്ഷൻ നേടിക്കഴിഞ്ഞു. ചിത്രം വിദേശ കളക്ഷനിൽ 100 കോടി നേടിയതായി റിപ്പോർട്ട് വന്നുകഴിഞ്ഞു. ലോക ബോക്സ് ഓഫിസിൽ തിയേറ്ററിൽ എത്തി രണ്ടു ദിവസം പിന്നിട്ടപ്പോൾ തന്നെ മൊത്തം കളക്ഷനിൽ 100 കോടി തൊട്ട ചിത്രത്തിലെ വിവാദ ഭാഗങ്ങൾ വെട്ടിമാറ്റാൻ നിർമാതാക്കൾ തീരുമാനിച്ചിരുന്നു. കലാപത്തിന്റ കൂടുതൽ ദൃശ്യങ്ങൾ, സ്ത്രീകൾക്കെതിരായ ആക്രമണ ദൃശ്യങ്ങൾ എന്നിവയിലും മാറ്റം വരുത്തി.
‘മലയാള സിനിമ വ്യവസായത്തിലെ പുതിയ അടയാളപ്പെടുത്തലാണ് ഇത്. ഈ നിമിഷം ഞങ്ങൾക്കുള്ളതല്ല, തിയേറ്ററുകളിൽ പ്രതിധ്വനിച്ച നിങ്ങളുടെ ഓരോ ഹൃദയമിടിപ്പിനും, ഓരോ ആഹ്ലാദത്തിനും, കണ്ണീരിനും അവകാശപ്പെട്ടതാണ്. നിങ്ങളുടെ അടുത്തുള്ള തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്നു’- എന്ന് പറഞ്ഞു കൊണ്ടാണ് അണിയറപ്രവർത്തകർ സന്തോഷം പങ്കുവെച്ചത്.
ശ്രീ ഗോകുലം മൂവീസ്, ആശീർവാദ് സിനിമാസ്, ലൈക്ക പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ ഗോകുലം ഗോപാലൻ, ആന്റണി പെരുമ്പാവൂർ, സുഭാസ്കരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. മുരളി ഗോപിയുടേതാണ് തിരക്കഥ. ആദ്യദിനത്തിൽ 50 കോടി കളക്ഷന്‍ നേടുന്ന മലയാളത്തിലെ ആദ്യ ചിത്രമായി മാറുക കൂടിയായിരുന്നു എമ്പുരാൻ. മോഹന്‍ലാലിന്‍റെ തന്നെ ‘മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം’ എന്ന ചിത്രത്തിനായിരുന്നു ഇതുവരെ ഈ റെക്കോഡ്. ചിത്രം 20 കോടിയാണ് ആദ്യ ദിനം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് നേടിയിരുന്നത്.