മുംബൈ: ഇന്ത്യയെ ഞെട്ടിച്ച വന്‍ രാഷ്ട്രീയകോളിളക്കമുണ്ടാക്കിയ മലേഗാവ് സഫോടനക്കേസില്‍ മുഴുവന്‍ പ്രതികളെയും കുറ്റവിമുക്തരാക്കി. നാസിക്കിലെ പ്രത്യേക എന്‍ഐഎ കോടതിയാണ് കേസിലെ ഏഴു പ്രതികളെയും കുറ്റവിമുക്തമാക്കിയത്. പാര്‍ലമെന്റംഗം പ്രജ്ഞ്യാസിംഗ് ഠാക്കൂര്‍ അടക്കമുള്ളവരാണ് മോചിതരായത്. 2008 സെപ്തംബറിലായിരുന്നു കേസ് ഉണ്ടായത്. എന്നാല്‍ കേസില്‍ എന്‍ഐഎ സമര്‍പ്പിച്ച ഒരു തെളിവുകളും പ്രതികള്‍ക്കെതിരേയുള്ള കുറ്റം തെളിയിക്കാന്‍ പര്യാപ്തമല്ലെന്നായിരുന്നു കോടതിയുടെ വിലയിരുത്തല്‍.
ആറുപേര്‍ മരണമടയുകയും 101 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത കേസില്‍ പ്രത്യേക ജഡ്ജി എ കെ ലഹോട്ടിയാണ് വിധി പ്രസ്താവിച്ചത്. കേസില്‍ ആരോപിക്കുന്ന കാര്യത്തില്‍ പ്രോസിക്യുഷന്‍ തെളിവ് നിരത്തുന്നതില്‍ പരാജയപ്പെട്ടെന്നായിരുന്നു കോടതി വിലയിരുത്തിയത്. ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തില്‍ വിധി പറയാനാകില്ലെന്നും യുഎപിഎ ഉള്‍പ്പെടെയുള്ള വകുപ്പ് ചേര്‍ത്തിരുന്ന കേസില്‍ ഗൂഡാലോചനയ്‌ക്കോ തീവ്രവാദക്കുറ്റം ചുമത്താന്‍ കാരണമാകുന്ന മതിയായ തെളിവോ ഹാജരാക്കാന്‍ എന്‍ഐഎയ്ക്ക് കഴിഞ്ഞില്ലെന്നും കോടതി വിലയിരുത്തി.
ഭോപ്പാലില്‍ നിന്നുള്ള മുന്‍ ബി.ജെ.പി എം.പി സാധ്വി പ്രജ്ഞാ സിംഗ് താക്കൂര്‍ ഉള്‍പ്പെടെ ഏഴ് വ്യക്തികളെ വിചാരണ ചെയ്തു. ലഫ്റ്റനന്റ് കേണല്‍ പ്രസാദ് ശ്രീകാന്ത് പുരോഹിത്, അന്ന് മിലിട്ടറി ഇന്റലിജന്‍സില്‍ ഉദ്യോഗസ്ഥനായിരുന്നു. മേജര്‍ (റിട്ട) രമേഷ് ഉപാധ്യായ; അജയ് രാഹിര്‍ക്കര്‍, സുധാകര്‍ ദ്വിവേദി, സുധാകര്‍ ചതുര്‍വേദി, സമീര്‍ കുല്‍ക്കര്‍ണി എന്നിവരാണ് കുറ്റവിമുക്തമാക്കപ്പെട്ടവര്‍. 2008 സെപ്തംബര്‍ 29 ന് മഹാരാഷ്ട്രയിലെ മാലേഗാവില്‍ സ്ഫോടനം നടന്നു. റംസാന്‍ മാസത്തിലും നവരാത്രി ഉത്സവത്തിന് തൊട്ടുമുമ്പുമാണ് സ്ഫോടനം നടന്നത്.
മുസ്‌ളീങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള മേഖലയില്‍ ഒരു മോട്ടോര്‍സൈക്കിളില്‍ ബോംബ്് വെച്ച് സ്‌ഫോടനം നടത്തിയെന്നായിരുന്നു നേരത്തേ എന്‍ഐഎയുടെ കണ്ടെത്തല്‍. ഇത് ആറ് ജീവന്‍ അപഹരിക്കുകയും നൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കേസില്‍ 2008 ഒക്ടോബറിലാണ് സാധ്വി പ്രജ്ഞയെ അറസ്റ്റ് ചെയ്തത്. സ്‌ഫോടനത്തിന് ഉപയോഗിച്ച മോട്ടോര്‍ സൈക്കിള്‍ അവരുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തതാണെന്ന് കണ്ടെത്തി. മുന്‍കാല ഭീകരാക്രമണങ്ങള്‍ക്ക് പ്രതികാരമായി മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങള്‍ ലക്ഷ്യമിട്ടുള്ള ഗൂഢാലോചനയുടെ ഭാഗമാണ് കേസെന്ന് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് (എടിഎസ്) അവകാശപ്പെട്ടിരുന്നു.
പ്രജ്ഞ്യാസിംഗിന്റെ ഉടമസ്ഥതയില്‍ ഉള്ളതായിരുന്നു സ്‌ഫോടകവസ്തു വെച്ച മോട്ടോര്‍ സൈക്കിള്‍ എന്നായിരുന്നു എന്‍ഐഎ കുറ്റപത്രത്തില്‍ പറഞ്ഞിരുന്നത്. എന്നാല്‍ സ്‌ഫോടനം നടന്ന മോട്ടോര്‍സൈക്കിള്‍ പ്രജ്ഞ്യാസിംഗിന്റേതാണെന്ന് കണ്ടെത്താനോ മോട്ടോര്‍സൈക്കിളുമായി പ്രജ്ഞാസിംഗിന് ഏതെങ്കിലും തരത്തില്‍ ബന്ധമുണ്ടെന്നതോ സ്ഥാപിക്കാന്‍ എന്‍ഐഎയ്ക്ക് കഴിഞ്ഞില്ലെന്ന് എന്‍ഐഎ കോടതി വ്യക്തമാക്കി. മോട്ടോര്‍ബൈക്കില്‍ ആര്‍ഡിഎക്‌സ് സ്ഥാപിച്ചതിനും തെളിവില്ലെന്ന് പറഞ്ഞ് കോടതി തള്ളി. നേരത്തേ ഇത് രണ്ടും സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം കുറ്റപത്രത്തില്‍ കാണിച്ചിട്ടുണ്ട്.
കേസ് ആദ്യം അന്വേഷിച്ചത് ഹേമന്ദ് കര്‍കറെയുടെ നേതൃത്വത്തിലുള്ള സംഘം ആയിരുന്നു. എന്നാല്‍ ഹേമന്ദ് കര്‍ക്കറെയ്ക്ക് ശേഷം 2011 ല്‍ എന്‍ഐഎ കേസ് ഏറ്റെടുത്തു. ഈ കേസില്‍ വലിയ ഗൂഡാലോചനയും ആസൂത്രണവും നടന്നതായിട്ടാണ് എന്‍ഐഎ കണ്ടെത്തിയത്. രാജ്യത്ത് വര്‍ഗ്ഗീയ സംഘര്‍ഷം ഉണ്ടാക്കാനുള്ള ശ്രമം നടന്നെന്നും എന്‍ഐഎ യുടെ കണ്ടെത്തലില്‍ പറഞ്ഞിരുന്നു. 323 സാക്ഷികള്‍ ഉണ്ടായിരുന്ന കേസില്‍ 36 പേര്‍ കൂറുമാറുകയും ചെയ്തിരുന്നു. നേരത്തേ കേസില്‍ പ്രതി ചേര്‍ത്തിരുന്ന കടുത്ത ഇസ്‌ളാമിക വിരുദ്ധ പരാമര്‍ശം നടത്തുന്ന വിവാദനായിക പ്രജ്ഞാസിംഗ് ഠാക്കൂര്‍ ആരോഗ്യപ്രശ്‌നം ചൂണ്ടിക്കാട്ടി ജാമ്യം നേടിയിരുന്നു. പിന്നീട് ബിജെപി ടിക്കറ്റില്‍ ലോക്‌സഭയിലേക്ക് മത്സരിച്ചു ജയിക്കുകയും ചെയ്തു. രാഷ്ട്രീയമായി ഏറെ ചര്‍ച്ച ചെയ്തകേസില്‍ 17 വര്‍ഷത്തിന് ശേഷമാണ് വിധി വരുന്നത്.