• Mon. May 26th, 2025

24×7 Live News

Apdin News

മഴക്കെടുതിയില്‍ സംസ്ഥാനത്ത് 7 മരണം

Byadmin

May 25, 2025



കോഴിക്കോട്: സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഏഴു പേര്‍ മരിച്ചു. കോഴിക്കോട് സഹോദരങ്ങള്‍ വലൈദ്യുതാഘാതമേറ്റ് മരിച്ചു. കോടഞ്ചേരി ചന്ദ്രന്‍കുന്നേല്‍ ബിജു- ഷീബ ദമ്പതികളുടെ മക്കളായ നിധിന്‍ (14), എബിന്‍ (10) എന്നിവരാണ് മരിച്ചത്. തേക്കിന്റെ കൊമ്പ് കാറ്റത്ത് ഒടിഞ്ഞ് വൈദ്യുതി ലൈനില്‍ പതിച്ചതിനെ തുടര്‍ന്ന് വൈദ്യുതി ലൈന്‍ പൊട്ടി തോട്ടില്‍ വീണാണ് അപകടം. ഈ സമയം രണ്ടുപേരും തോട്ടില്‍ മീന്‍ പിടിക്കാന്‍ ഇറങ്ങിയതായിരുന്നുവെന്നാണ് അറിയുന്നത്.

ഞായറാഴ്ച വൈകിട്ട് ആറരയോടൊണ് സംഭവം. പ്രദേശത്ത് അതിശക്തമായ മഴയും കാറ്റും തുടരുന്നുണ്ട്. കോഴിക്കോട് ഓടുന്ന ബൈക്കിന് മുകളിലേക്ക് തെഞ്ഞ് വീണ് ഒരാള്‍ മരിച്ചു. ഇടുക്കിയില്‍ മരം വീണ് തൊഴിലാളി മരിച്ചു. കൊടുങ്ങല്ലൂരില്‍ വഞ്ചി മറിഞ്ഞ് ഒരാള്‍ കൂടി മരിച്ചു. പാലക്കാട് മഴക്കെടുതിയില്‍ രണ്ട് മരണം.

കോഴിക്കോട് വില്ല്യാപ്പള്ളിയില്‍ ഓടുന്ന ബൈക്കിന് മുകളിലേക്ക് തെങ്ങ് കടപുഴകി പ്രദേശവാസിയായ പവിത്രന്‍ എന്നയാളാണ് മരിച്ചത്.കനത്ത മഴ കാരണംവിലങ്ങാടുള്ള ഒമ്പത് കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി.കഴിഞ്ഞ രാത്രി ഇവിടെ ഒരു വീടിന്റെ വശത്തേക്ക് മണ്ണിടിഞ്ഞു വീണിരുന്നു. മുക്കം വാലില്ലാപ്പുഴയില്‍ സംരക്ഷണഭിത്തി കിടപ്പുമുറിയിലേക്ക് ഇടിഞ്ഞ് വീണ് ഒന്നരമാസം പ്രായമുള്ള കുഞ്ഞിന് പരിക്കേറ്റു.

തൊട്ടില്‍പ്പാലത്ത് കരിങ്ങാട് തോടിന്റെ തീരം ഇടിഞ്ഞു. നാലു കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. ദേശീയ പാത നിര്‍മ്മാണം നടക്കുന്ന പയ്യോളിയില്‍ കഴിഞ്ഞ രാത്രി വലിയ വെള്ളക്കെട്ട് രൂപപ്പെട്ടു. ഒളവണ്ണയില്‍ മരങ്ങളും വൈദ്യുതി തൂണുകളും റോഡിലേക്ക് വീണു.

പാലക്കാട് ജില്ലയില്‍ മീന്‍പിടിക്കാന്‍ പോയ തിരുമിറ്റക്കോട് മൈലാഞ്ചിക്കാട് പള്ളത്ത്പടി സുരേഷ് ശങ്കരന്‍(48)നെ വെള്ളക്കെട്ടില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. ഇടുക്കി പാമ്പാടുംപാറയില്‍ മരം വീണ് തൊഴിലാളിയായ മധ്യപ്രദേശ് സ്വദേശി മാലതി മരിച്ചു. രാമക്കല്‍മേട് തോവാളപടിയില്‍
ശക്തമായ മഴയില്‍ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ മറിഞ്ഞെങ്കിലും കാറില്‍ ഉണ്ടായിരുന്നവര്‍ പരിക്കേല്‍ക്കാതെ രക്ഷപെട്ടു. വൈദ്യുതി പോസ്റ്റിലേക്ക് ഇടിച്ചു കയറിയ കാര്‍ തലകീഴായി മറിയുകയായിരുന്നു.

കൊടുങ്ങല്ലൂര്‍ കാഞ്ഞിരപ്പുഴയില്‍ മണല്‍ വാരുന്നതിനിടെ വഞ്ചി മറിഞ്ഞ് കാണാതായ രണ്ടാമത്തെ ആളുടെ മൃതദേഹവും കണ്ടെത്തി. എറിയാട് കൊട്ടിക്കല്‍ ഓട്ടറാട്ട് പ്രദീപിന്റെ മൃതദേഹമാണ് പടിഞ്ഞാറെ വെമ്പല്ലൂര്‍ കടപ്പുറത്തടിഞ്ഞത്. അപകടത്തില്‍ പാലക്കപ്പറമ്പില്‍ സന്തോഷ് കഴിഞ്ഞ ദിവസം മരിച്ചിരുന്നു.

തൃശൂര്‍ ചെറുതുരുത്തിയില്‍ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളില്‍ മരക്കൊമ്പ് വീണു. ഒരു മണിക്കൂറോളം ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. കൊടുങ്ങല്ലൂര്‍ ചാവക്കാട് മേഖലയില്‍ കടലേറ്റം രൂക്ഷമായി. ബോട്ടില്‍ നിന്ന് കടലില്‍ വീണ മത്സ്യത്തൊഴിലാളിയെ മറ്റു ബോട്ടിലുണ്ടായിരുന്നവര്‍ രക്ഷപ്പെടുത്തി. തൃശൂര്‍ ചെന്ത്രാപ്പിന്നി പപ്പടം നഗറില്‍ വെള്ളം കയറി. മുപ്പതോളം വീടുകള്‍ വെള്ളത്തിലാണ്. അരിമ്പൂര്‍ കോള്‍പ്പാട ശേഖരത്തിലുണ്ടായ മിന്നല്‍ ചുഴലിയില്‍ പമ്പ് ഹൗസ് തകര്‍ന്നു. മോട്ടോര്‍ ഷെഡ്ഡിന്റെ മേല്‍ക്കൂര പറന്നുപോയി.

മുത്തങ്ങയില്‍ വൈദ്യുതി പോസ്റ്റ് തകര്‍ത്ത് റോഡിന് കുറുകെ മരം വീണു. കെഎസ്ആര്‍ടി ബസ് അല്‍പ്പനേരം മരത്തിനിടയില്‍ കുടുങ്ങി. വയനാട് നിരവില്‍പുഴയില്‍ കൃഷിനാശം. 1500 വാഴകള്‍ കാറ്റിലും മഴയിലും നശിച്ചു.

കണ്ണൂര്‍ ആലക്കോട് കനത്ത മഴയില്‍ രണ്ട് വീടുകള്‍ തകര്‍ന്നെങ്കിലും ആര്‍ക്കും പരിക്കില്ല.പുലര്‍ച്ചെ രണ്ടു മണിയോടെയായിരുന്നു സംഭവം.കനത്ത മഴയില്‍ കണ്ണൂര്‍ മാടായിപ്പാറയില്‍ മാടായി ഫെസ്റ്റിനു വേണ്ടി നിര്‍മിച്ച കൂറ്റന്‍ പന്തല്‍ തകര്‍ന്നു.

ആലപ്പുഴയില്‍ ശക്തമായ കാറ്റിലും മഴയിലും രണ്ടിടങ്ങളിലായി മരം വീണ് വീട് തകര്‍ന്നു. കുറുങ്ങാട് റംലത്തിന്റെ വീടാണ് രാത്രിയില്‍ തകര്‍ന്നു വീണത്. കുടുംബാംഗങ്ങള്‍ക്ക് പരിക്കേറ്റു.

പത്തനംതിട്ട ജില്ലയിലും മഴയിലും ശക്തമായ കാറ്റിലും വ്യാപക നാശം.പമ്പ ചാലക്കയം റോഡിലും വടശ്ശേരിക്കര ചിറ്റാര്‍ റോഡിലും മരങ്ങള്‍ വീണ് ഏറെനേരെ ഗതാഗത തടസമുണ്ടായി. പ്ലാപ്പള്ളി ആങ്ങമൂഴി റോഡില്‍ മരം കാറിനു മുകളില്‍ വീണു. യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.

കൊല്ലത്ത് കിഴക്കന്‍മലയോര മേഖലയിലും നഗരപ്രദേശങ്ങളിലും ഇടവിട്ട് ശക്തമായ മഴയുണ്ട്.ഇന്നലെ രാത്രി പുനലൂര്‍ കോട്ടവട്ടം സ്വദേശി ജോസിന്റെ വീട്ടിലേക്ക് തേക്ക് മരം ഒടിഞ്ഞു വീണു. ആര്‍ക്കും പരിക്കില്ല. കൊട്ടാരക്കരയിലും വീടിന് മുകളിലേക്ക് മരം വീണെങ്കിലും അപകടം ഒഴിവായി. ഏരൂരില്‍ മരം വീണ് രണ്ടു വീടുകള്‍ക്ക് നാശനഷ്ടമുണ്ടായി. നെട്ടയം സ്വദേശികളായ ബാലന്‍, സതി എന്നിവരുടെ വീടുകള്‍ക്ക് മുകളിലാണ് മരങ്ങള്‍ വീണത്. വീടുകളുടെ മേല്‍ക്കൂര തകര്‍ന്നു. കുളത്തൂപ്പുഴയില്‍ ബിനു എന്നയാളുടെ വീട്ടിലേക്ക് മരം കടപുഴകി വീണ് വീട് തകര്‍ന്നു.

 

By admin