
തിരുവനന്തപുരം: 2024 ലെ കേരള സംസ്ഥാന ടെലിവിഷന്‍ പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു. അമൃത ടി വി സംപ്രേക്ഷണം ചെയ്യുന്ന ‘മഴയെത്തും മുന്‍പേ’ മികച്ച ടെലി സീരിയലായും (സംവിധാനം: ജിജോ വര്‍ഗീസ് ആന്റണി), അതിലെ അഭിനേതാക്കളായ കൃഷ്ണചന്ദ്രന്‍ മികച്ച നടനായും, ശ്രീധന്യയെ മികച്ച നടിയായും തിരഞ്ഞെടുത്തു. കൗമുദി ടിവിയുടെ ‘വസുധ’ (സംവിധാനം: സൂരജ് എസ്.എസ്) ആണ് രണ്ടാമത്തെ മികച്ച സീരിയല്‍. കിഷോര്‍ റോഷിക്, ജാനകി മന്ത്ര എന്നിവരാണ് രണ്ടാമത്തെ മികച്ച നടീനടന്മാര്‍. മികച്ച ടെലിഫിലിമുകള്‍ക്കുള്ള പുരസ്‌കാരം ‘മൊളഞ്ഞി’ (20 മിനിറ്റില്‍ കുറഞ്ഞത്), ‘എഫ് ഫോര്‍ ഫ്രീഡം’ (20 മിനിറ്റില്‍ കൂടിയത്) എന്നീ ടെലിഫിലിമുകള്‍ സ്വന്തമാക്കി. മികച്ച സംവിധായകനായി അമോസിനെയും (പരിപാടി: ഒപ്പോണന്റ്), മികച്ച ബാലതാരമായി ബേബി അമേയയെയും (സ്വര്‍ഗവാതില്‍പ്പക്ഷി, ഉപ്പും മുളകും) തിരഞ്ഞെടുത്തു. മഴവില്‍ മനോരമയിലെ ‘മറിമായം’ മികച്ച ടിവി ഷോയ്‌ക്കും (എന്റര്‍ടൈന്‍മെന്റ്), ഫ്‌ളവേഴ്സ് ടിവിയിലെ ‘ഫ്‌ളവേഴ്സ് കോമഡി ഇത് ഐറ്റം വേറെ’ മികച്ച കോമഡി പ്രോഗ്രാമിനുമുള്ള അവാര്‍ഡുകള്‍ നേടി.
വാര്‍ത്താ-കഥേതര വിഭാഗങ്ങളില്‍ മനോരമ ന്യൂസിലെ ‘നാട്ടുസൂത്രം’ മികച്ച കറന്റ് അഫയേഴ്സ് ടിവി ഷോ ആയും ഏഷ്യാനെറ്റ് ന്യൂസിലെ ‘ജസ്റ്റ് കിഡിങ് കുട്ടികള്‍ക്കുള്ള മികച്ച പരിപാടിയായും തിരഞ്ഞെടുക്കപ്പെട്ടു. മികച്ച വാര്‍ത്താ അവതാരകയായി സ്വപ്ന ബി നായരും (അമൃത ടിവി), മികച്ച ആങ്കര്‍/ഇന്റര്‍വ്യൂവറായി ഹാഷ്മി താജ് ഇബ്രാഹിമും (24 ന്യൂസ്), മികച്ച ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസ്റ്റായി പ്രശാന്ത് കൃഷ്ണ ജിയും (മാതൃഭൂമി) പുരസ്‌കാരങ്ങള്‍ നേടി. ജനറല്‍ വിഭാഗത്തില്‍ ‘സേവ്സ് ഓഫ് ദി എംപയര്‍’, സയന്‍സ് വിഭാഗത്തില്‍ ‘നീലഗിരി മാര്‍ട്ടന്‍’, ജീവചരിത്ര വിഭാഗത്തില്‍ ‘ലെജന്‍ഡ്സ്’ (കെ വേണു), വനിതാ വിഭാഗത്തില്‍ ‘ഐ ആം എയ്റ്റീന്‍’ എന്നിവ മികച്ച ഡോക്യുമെന്ററികള്‍ക്കുള്ള അവാര്‍ഡ് സ്വന്തമാക്കി. രചനാവിഭാഗത്തില്‍ ജിതിന്‍ കെ.സി എഴുതിയ ‘താരശരീരം ടെലിവിഷന്‍ പരിഭാഷപ്പെടുത്തുമ്പോള്‍’ മികച്ച ലേഖനമായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍, ഡോ. നെത്തല്ലൂര്‍ ഹരികൃഷ്ണന്റെ ‘ടെലിവിഷന്‍ വിനിമയവും വിശകലനവും’ എന്ന ഗ്രന്ഥം പ്രത്യേക ജൂറി പരാമര്‍ശം നേടി.
അവാര്‍ഡ് നിര്‍ണയത്തിനായി കഥാവിഭാഗത്തില്‍ 81 എന്‍ട്രികളും കഥേതര വിഭാഗത്തില്‍ 140 എന്‍ട്രികളുമാണ് ലഭിച്ചത്. പി. സുകുമാര്‍ (കഥാവിഭാഗം) ജോണ്‍ സാമുവല്‍ (കഥേതര വിഭാഗം), ഡോ. വത്സലന്‍ വാതുശ്ശേരി (രചനാ വിഭാഗം) എന്നിവരാണ് ജൂറി ചെയര്‍പേഴ്സണ്‍മാര്‍.