നെടുംങ്കണ്ടം: കാലവര്‍ഷക്കെടുതി മൂലം കനത്ത തിരിച്ചടിയായത് കര്‍ഷകര്‍ക്കും ചെറുകിട വ്യാപാരികള്‍ക്കും. നിനച്ചിരിക്കാതെയുള്ള പേമാരിയില്‍ ഒലിച്ച് പോയത് കര്‍ഷകരുടെ വര്‍ഷങ്ങളുടെ അധ്വാനമാണ്. കൂട്ടാര്‍, കല്ലാര്‍ പുഴക്ക് ഇരുവശമായി നെടുംങ്കണ്ടം, പാമ്പാടുംപാറ, കരുണാപുരം പഞ്ചായത്തുകളിലെ നിരവധി ചെറുകിട വ്യാപാരികളും, ഹോട്ടല്‍ ഉടമകളും വര്‍ഷങ്ങളായി വ്യാപാരം ചെയ്യുന്നുണ്ട്. ഇവരുടെ വര്‍ഷങ്ങളായുള്ള അധ്വാന മൂല്യങ്ങളാണ് ഒറ്റരാത്രിയിലെ പെരുമഴ കൊണ്ടുപോയത്. മുണ്ടിയെരുമ പൊതുവിതരണ കേന്ദ്രത്തിലെ റേഷന്‍ ഉല്‍പ്പന്നങ്ങളും നശിച്ചു.
മേഘ വിസ്‌ഫോടനമോ, അതിവൃഷ്ടിയോ ഉണ്ടാകുമെന്ന് സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്ന് യാതൊരുവിധ മുന്നറിയിപ്പുകളും ലഭിച്ചിരുന്നില്ല. മഴയുടെ അളവുകള്‍ രേഖപ്പെടുത്തുന്ന സര്‍ക്കാര്‍ സംവിധാനങ്ങള്‍ വളരെ പരിമിതമാണ്. തഹസീല്‍ദാരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ദുരന്ത മുന്നറിയിപ്പ് സംവിധാനങ്ങളും പരാജയപ്പെട്ടു. പാമ്പാടുംപാറ ഏലം ഗവേഷണ കേന്ദ്രത്തിലും, മൈയിലാടുംപാറ ഇന്ത്യന്‍ കാര്‍ഡമം റിസര്‍ച്ച് ഇന്‍സ്റ്റിട്യൂട്ടിലും മാത്രമാണ് ഔദ്യോഗികമായി മഴമാപിനികള്‍ പ്രവര്‍ത്തിക്കുന്നത്.
എന്നാല്‍ ഇതിന്റെ അധികാരികള്‍ മഴയുടെ ദൈനംദിന അളവുകളും മുന്‍ പ്രഖ്യാപനങ്ങളും പൊതുജന സേവനാര്‍ത്ഥം നല്‍കാറില്ല കൂടാതെ വിളിച്ച് അന്വേഷിച്ചാല്‍ പോലും മഴയുടെ അളവുകളും ലഭിക്കാറില്ലെന്നും പരാതിയുണ്ട്. രാമക്കല്‍മേട്, കൂട്ടാര്‍ എന്നിവിടങ്ങളില്‍ നിന്നും 20 കിലോമീറ്റര്‍ താഴെ മാത്രമാണ് പാമ്പാടുംപാറ ഏലം ഗവേഷണ കേന്ദ്രവുമായുള്ളത്.
2018ലെ പ്രളയത്തില്‍പ്പോലും മുണ്ടിയെരുമ ദേവഗിരി ജങ്ഷനില്‍ വെള്ളം കയറിയിരുന്നില്ലെന്നും സര്‍ക്കാര്‍ സംവിധാനങ്ങള്‍ കാലഘട്ടത്തിന് അനുസൃതമായി ഉയരാത്തതും പ്രദേശവാസികള്‍ക്ക് വേണ്ടത്ര പ്രകൃതി ദുരന്ത മുന്നറിയിപ്പുകള്‍ നല്‍കുന്നതിലും ഉണ്ടായ പരാജയമാണ് ദുരന്തത്തിന്റെ തീവ്രത വര്‍ദ്ധിക്കുവാന്‍ കാരണമെന്നതും പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
ഇരുണ്ട് വെളുത്തപ്പോള്‍ സമ്പാദ്യമെല്ലാം വെള്ളം കൊണ്ട് പോയി. കൂട്ടാര്‍ സ്വദേശിയായ റെജിയുടെ ട്രാവലര്‍ വാഹനം ആക്രിയായാണ് കൂട്ടാര്‍ ആറ്റില്‍ നിന്നും തിരികെ ലഭിച്ചത്. മുന്നറിയിപ്പ് ലഭിച്ചിരുന്നുവെങ്കില്‍ ദുരന്തം ഒഴിവാക്കാമായിരുന്നെന്നും നാട്ടുകാര്‍ പറയുന്നു.
വെളുപ്പിന് മൂന്ന് മണിയോടെയാണ് മഴയുടെ തീവ്രത വര്‍ദ്ധിച്ചത്. വാഹനം ഒഴുക്കില്‍പ്പെട്ടത് രാവിലെ ആറരയോടെയാണ്. മഴ മുന്നറിയിപ്പ് സൂചനകള്‍ നല്‍കുന്നതില്‍ ഇനിയെങ്കിലും ഹൈറേഞ്ച് മേഖലകളില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ നോക്കുകുത്തികളാകരുതെന്നും നാട്ടുകാര്‍ പറഞ്ഞു.