തിരുവനന്തപുരം: സംസ്‌ഥാനത്ത് മഴ ശക്‌തമാകുന്ന സാഹചര്യത്തില്‍ വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് ഓറഞ്ച്, മഞ്ഞ അലെര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. ഇന്ന് ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളില്‍ ഓറഞ്ച് അലെര്‍ട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഇന്ന് പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ മഞ്ഞ അലെര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കനത്ത മഴ തുടരുന്നതിനാല്‍ ഇടുക്കി, വയനാട്, തൃശൂര്‍ ജില്ലകളില്‍ ജില്ലാ കലക്‌ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. അംഗന്‍വാടികള്‍, മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍, ട്രെയിനിങ് ഇന്‍സ്‌റ്റിറ്റ്യൂട്ടുകള്‍, കേന്ദ്രീയ വിദ്യാലയം ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. റെസിഡന്‍ഷ്യല്‍ വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ക്ക് അവധി ഉണ്ടായിരിക്കില്ല. കോട്ടയം ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ക്ക് ഇന്നും അവധി പ്രഖ്യാപിച്ച് കലക്‌ടര്‍ ജോണ്‍ വി. സാമുവല്‍ ഉത്തരവായി.
അതേസമയം, കേരളം, ഗള്‍ഫ്, ലക്ഷദ്വീപ് മേഖലയില്‍ വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്ന ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സേ/ഇംപ്രൂവെ്‌മന്റ് പരീക്ഷകള്‍ക്ക് മാറ്റമുണ്ടായിരിക്കുന്നതല്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്‌ടര്‍ അറിയിച്ചു.
27, 28 തീയതികളില്‍ കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ മഞ്ഞ അലെര്‍ട്ട് പ്രഖ്യാപിച്ചു. അപകടകരമായ രീതിയില്‍ ജലനിരപ്പുയരുന്നതിനെത്തുടര്‍ന്ന് സംസ്‌ഥാന ജലസേചന വകുപ്പ് വയനാട്ടിലെ കബനി (കാക്കവയല്‍ സ്‌റ്റേഷന്‍) നദിയില്‍ മഞ്ഞ അലെര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ നദികളുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കേണ്ടതാണെന്നും യാതൊരു കാരണവശാലും നദികളില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ലെന്നും ജലസേചന വകുപ്പ് അറിയിച്ചു. അപകടസാധ്യത മുന്നില്‍ കാണുന്ന ഘട്ടത്തിലും സഹായങ്ങള്‍ക്കുമായി 1077, 1070 എന്നീ ടോള്‍ ഫ്രീ നമ്പറുകളില്‍ ബന്ധപ്പെടാം.