ന്യൂദല്‍ഹി: മഹാകുംഭമേളയില്‍ 30 പേരുടെ മരണത്തിനിടയാക്കിയ തിക്കിനും തിരക്കിനും പിന്നില്‍ ഗൂഢാലോചനയാണെന്നും അന്വേഷണം അവസാനിച്ചാല്‍ ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ നാണിച്ചു തലതാഴ്‌ത്തേണ്ടിവരുമെന്നും ബിജെപി എംപി രവിശങ്കര്‍ പ്രസാദ്. കഴിഞ്ഞ ദിവസം ലോക്സഭയില്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് രവിശങ്കര്‍ പ്രസാദ് ഇക്കാര്യം പറഞ്ഞത്.
ഏകദേശം 40 കോടി പേര്‍ ഇതുവരെ മഹാകുംഭമേളയില്‍ പങ്കെടുത്തിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. “മഹാകുംഭമേളയില്‍ വലിയൊരു ദുരന്തമുണ്ടായി. ഒരു അന്വേഷണം നടന്നുവരികയാണ്. അവിടെ ഒരു ഗൂഢാലോചന മണക്കുന്നുണ്ട്. അന്വേഷണം മുഴുവന്‍ നടന്നുകഴിഞ്ഞാല്‍ കുറ്റവാളികള്‍ നാണം കൊണ്ട് തലകുനിയ്‌ക്കേണ്ടി വരും. “- മുന്‍ കേന്ദ്രമന്ത്രികൂടിയായ രവിശങ്കര്‍ പ്രസാദ് എംപി പറഞ്ഞു.
പ്രതിപക്ഷം സനാതന്‍ എന്നും മഹാകുംഭ് എന്നും ഉള്ള വാക്കുകള്‍ കേള്‍ക്കുമ്പോള്‍ വിറളി പിടിക്കുകയാണ്. സനാതനത്തെ അപമാനിക്കുന്നത് ഹിന്ദുസ്ഥാന്‍ സഹിക്കുകയില്ല. – അദ്ദേഹം പറഞ്ഞു.
ജനവരി 29ന് പവിത്രദിനമായ മൗനി അമാവാസ്യ ദിനത്തില്‍ അമൃതസ്നാനത്തിനായി ലക്ഷങ്ങള്‍ ഊഴം കാത്ത് നില്‍ക്കുന്നതിനിടയിലാണ് പുലര്‍ച്ച ഒന്നരമണിക്ക് ശേഷം തിക്കും തിരക്കുമുണ്ടായത്. 30 പേര്‍ മരിച്ചു. 60 പേര്‍ക്ക് പരിക്കേറ്റു. ഒരു ബസില്‍ എത്തിയ 120 പേരാണ് തിക്കും തിരക്കും സൃഷ്ടിച്ചതെന്ന് സംശയിക്കപ്പെടുന്നുണ്ട്. ഈ ബസ് യുപിയിലെ സംഭാലില്‍ നിന്നും പുറപ്പെട്ടതാണെന്നും ഇതില്‍ 40 മലയാളികള്‍ ഉണ്ടായിരുന്നുവെന്നും ചില റിപ്പോര്‍ട്ടുകള്‍ ഉണ്ട്.