• Tue. Sep 2nd, 2025

24×7 Live News

Apdin News

മഹാബലിയെ മാവേലിയാക്കിയ മഹാഅബദ്ധം

Byadmin

Sep 2, 2025



രു ഓണക്കാലത്ത്, ശ്രീ മഹാഭാഗവതം കിളിപ്പാട്ട്, വാമനാവതാരം വായിച്ചിരിക്കേ അതിലെ കഥയും നാം കാലങ്ങളായി കേട്ടുവരുന്ന ഓണക്കഥയും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് ആലോചിച്ചു. ഓണത്തെക്കുറിച്ചല്ല, മഹാബലിയേയും വാമനനേയും കുറിച്ചായിരുന്നു ആലോചന. ഭാഗവതത്തില്‍ മാത്രമല്ല, മേല്‍പ്പത്തൂരിന്റെ നാരായണീയത്തിലും വാമനാവതാര-ബലി കഥ വരുന്നുണ്ട്.

കള്ളവുമില്ല, ചതിയുമില്ല, എള്ളോളം പൊളിവചനമില്ല എന്ന് തട്ടി മൂളുന്ന കാലത്ത് കാലങ്ങളായി പ്രചരിക്കുന്ന കള്ളമാണ്, വാമനന്‍ മാബലിയെ ചതിച്ച് പറ്റിച്ച് ഭൂമി വാങ്ങിയെടുത്തെന്നും പാതാളത്തിലേക്ക് ഉച്ചിയില്‍ച്ചവിട്ടിത്താഴ്‌ത്തിയെന്നുമുള്ളത്.

പ്രചാരണത്തിനാധാരമായ പുരാണ കഥ ഭാഗവതത്തില്‍ പറയുന്നതാണ് ആധാരം. അത് നാരായണീയത്തില്‍ മേല്‍പ്പുത്തൂര്‍ രണ്ട് ദശകത്തിലായി വര്‍ണിക്കുന്നു: വാമനാവതാരം (30), ബലി ദര്‍പ്പഹരണം (31).

ഭാഗവതത്തില്‍ 134-ാം പേജിലാണ് ഈ ഭാഗം. (വിദ്യാരംഭത്തിന്റെ കോപ്പി, കുറഞ്ഞത് 50 കൊല്ലം പഴക്കം കാണണം). ദേവന്മാരും അസുരന്മാരും ശത്രുതയില്‍. എങ്കിലും പാലാഴി കടയാനും അമരത്വം കൈവരിക്കാനും രണ്ടു കൂട്ടരും ഒന്നിച്ചു. നിലനില്‍പ്പാണല്ലോ പ്രശ്‌നം. (കേരള രാഷ്‌ട്രീയമൊക്കെയായി ചിലപ്പോള്‍ സമാനത തോന്നും. പക്ഷേ ആ തലത്തിലേക്ക് മനസ് പോകരുത്).

പക്ഷ-പ്രതിപക്ഷ ധാരണയില്‍ പാലാഴി കടഞ്ഞു, ഫലം വന്നപ്പോള്‍ ഇടഞ്ഞു, യുദ്ധം തുടങ്ങി, അസുരന്മാരെ ദേവന്മാര്‍ വധിച്ചു. മഹാബലിയും കൊല്ലപ്പെട്ടു. അസുര ഗുരു ശുക്രാചാര്യര്‍ വലിയ സിദ്ധനാണ്. മഹാബലി മരിച്ചതോടെ അദ്ദേഹത്തിനു ശുണ്ഠി പിടിച്ചു.

മഹാകവി വള്ളത്തോള്‍ ഈ വിഷയത്തില്‍ അസ്സല്‍ കവിത എഴുതിയിട്ടുണ്ട്.

”തപമനവധി ചെയ്ത് താന്തനായി
തനതുടജത്തില്‍ വസിച്ചിരുന്ന ശുക്രന്‍
ഭയദമൊരശരീരി വാക്കു കേട്ടാന്‍
പ്രളയഘനാഘന ഗര്‍ജനം കണക്കെ
ബലി പടയില്‍ മരിച്ചു, പേര്‍ത്തുമങ്ങേ
പ്പെരുമ മുഴുത്തു ജയിച്ചു ദേവരാജന്‍
കഥയിനിയുമീ തൊട്ടറിഞ്ഞതില്ലേ
കവിയഥവാ പകലും കിനാവു കാണ്‍മേന്‍…”

എന്നിങ്ങനെയാണ് കവിത. മരിച്ച മഹാബലിയെ ദേവഗുരു ശുക്രന്‍ വീണ്ടും ജനിപ്പിച്ചു. മന്വന്തരങ്ങള്‍ പലതു കഴിഞ്ഞു, ബലവാന്മാരായ അസുരന്മാര്‍ മഹാബലിയുടെ നേതൃത്വത്തില്‍ ദേവന്മാരെ വീണ്ടും ആക്രമിച്ചു. (പണ്ട് അഫ്ഗാനും ഗാന്ധാരവുമൊക്കെ ഒരു ഭൂഖണ്ഡമായിരുന്നുവെന്നൊക്കെ ചിന്തിച്ച്, ഇപ്പോഴത്തെ ഭരണം പിടിക്കലും അര്‍ഹരെ പുറത്താക്കലുമൊക്കെ ആലോചിച്ച് വീണ്ടും വഴി തെറ്റരുത് )
ഇത്തവണത്തെ രണത്തില്‍ ഭരണം ഇന്ദ്രാദികള്‍ക്ക് നഷ്ടമായി. പ്രതിപക്ഷം ഭരണം പിടിച്ചു. ദേവന്മാര്‍ സ്വര്‍ല്ലോകത്തിനു പുറത്തായി.

കുറച്ചു നാള്‍ അധികാരത്തില്‍ നിന്ന് പുറത്തായപ്പോള്‍ പു
കിലായി. ഇന്ദ്രന്റെ പത്‌നിയ്‌ക്കുള്‍പ്പെടെ അസ്വസ്ഥതയായി. പക്ഷഭേദമില്ലാതെ അസുരനേയും ദേവനേയുമൊക്കെ സൃഷ്ടിക്കുന്ന ബ്രഹ്‌മാവ് വഴി പറഞ്ഞു കൊടുത്തു. പയോവ്രതം നോക്കാന്‍. വിഷ്ണു പ്രസാദിക്കും. ഫലം കാണും. ദേവന്മാര്‍ക്ക് അധികാരം തിരികെ കിട്ടും. വ്രതം നോക്കി. വിഷ്ണു അവതാര സന്നദ്ധനായി.

ഭാഗവത പ്രകാരം:

”ചിങ്ങമാസത്തില്‍ ശുക്ലപക്ഷദ്വാദശ തിഥൗ വന്നൊരുമിച്ച വിഷ്ണ്വര്‍ക്ഷഭിജിത് കാലേ ദിനേശോന്നതേ ദിനമധ്യേ പുരുഷോദയേശുഭേ …വിഷ്ണു, അദിതിതന്‍ (ദേവമാതാവ്) ഗര്‍ഭത്തില്‍ മന്നിലങ്ങവതരിച്ചീടിനാന്‍ വാമന വേഷത്തോടെ…
അതായത് ചിങ്ങത്തിലെ പൗര്‍ണമി വാമന അവതാര ദിനമാണെന്നര്‍ഥം. അത് ഓണമായതും മാവേലിയായതും ഓണത്തപ്പനായതും ചേരമാന്‍ പെരുമാളായതും മതം മാറിയതും മക്കത്ത് പോയതുമൊക്കെ പില്‍ക്കാല കഥകകള്‍, കള്ളവുമില്ലാ ചതിയുമില്ല എന്നു പറയുന്നുവെന്നു മാത്രം. അതവിടെ നില്‍ക്കട്ടെ. ( പിന്നെയും ചിന്ത, ചരിത്രം തിരുത്തിയെഴുതുന്നതും സ്വാതന്ത്ര്യ സമര കഥ പുതിയതു വരുന്നതുമൊന്നും തീണ്ടി വഴി തെറ്റരുതേ…)

ദേവന്മാര്‍ സംഘടിതരായി. അവര്‍ വാമനനെ സജ്ജനാക്കി. ആവുന്നത്ര ശക്തി എല്ലാത്തരത്തിലും നല്‍കി. മഹാബലിയാണെങ്കിലോ ദേവന്മാരുടെ ഭരണം പിടിച്ച്, കണ്ടവര്‍ക്കെല്ലാം സ്വത്തെന്നല്ല വേണ്ടതൊക്കെ ദാനം ചെയ്ത് പേരെടുത്തു. ഖജനാവ് നോക്കിയില്ല, ഭൂമി ആരുടേതെന്ന് നോക്കിയില്ല, ചോദിച്ചവര്‍ക്കൊക്കെ കൊടുത്തു. വേണ്ടാത്തവര്‍ക്ക് അങ്ങോട്ടു ചോദിച്ചു കൊടുത്തു. (ഇതിനെ സമകാല ഭരണക്കാരുടെ കിറ്റുമായി കൂട്ടിച്ചേര്‍ത്ത് ദാനത്തിന്റെ വിലയും നിലയും കളയരുതേ!).

അങ്ങനെയിരിക്കെ വിവരമറിഞ്ഞ്, വാമനന്‍ ഭൃഗു കച്ഛത്തില്‍ മഹാബലിയുടെ യാഗ ശാലയിലെത്തി. ആര്‍ക്കും ബഹുമാനം തോന്നുന്ന മട്ടില്‍ വാമനന്‍ ചെന്നിരുന്നു. ആളുകള്‍ ബ്രഹ്‌മചാരിയെ പ്രശംസിച്ചത് മഹാബലി കേട്ടു. ങേ, എന്നെക്കാള്‍ വലിയവനോ എന്ന തോന്നലും ഉള്ളില്‍ വളര്‍ന്നു. അങ്ങനെ വാമനനെ കാണാന്‍ ചെന്നു.

കണ്ടപ്പോള്‍ കക്ഷിയെ വശത്താക്കുകയാണ് ബുദ്ധിയെന്നു തോന്നി. അങ്ങനെ ആരാ? എന്താ? എന്തിനാ? എങ്ങനെ? എന്തു വേണം എന്നായി. എല്ലാറ്റിനും ദാര്‍ശനികമായി, നിസ്സംഗനായി വാമനന്‍ മറുപടി നല്‍കി. അനാഥന്‍ ആകയാല്‍ ആരാണെന്ന് തിക്കു തന്നെ പിടിയില്ലെന്നും പറഞ്ഞു. അങ്ങ് വലിയ ആളാണെന്ന് കേട്ടു, കാണാന്‍ മാത്രം വന്നതാണെന്ന് മറുപടിയും പറഞ്ഞു.

അതോടെ മഹാബലി തനി സ്വഭാവം കാട്ടി. സ്വന്തം മഹത്വം സ്വയം തട്ടിവിട്ടു, അക്കൂട്ടത്തില്‍, തപോധന നന്ദനനാണെന്നൊക്കെ പറഞ്ഞിട്ടും ബ്രഹ്‌മചരിയാണെന്നറിഞ്ഞിട്ടും മഹാബലി ചോദിച്ചു, വസ്ത്രം വേണോ? രത്‌നം, പശുക്കള്‍, സ്വത്ത്? അതിനപ്പുറം ഭാര്യമാരെ വേണോ, പെണ്‍സുഹൃത്തുക്കള്‍ വേണോ, ദാസികള്‍ വേണോ എന്നൊക്കെ ചോദിച്ചു കളഞ്ഞു. അഹങ്കാരമെന്നോ അസാന്മാര്‍ഗികമെന്നോ ഒക്കെപ്പറയാം വേണമെങ്കില്‍. (ഇതൊക്കെ മുമ്പ് ഭരിച്ചവര്‍ ചെയ്ത മാതൃകയല്ലേ എന്നൊക്കെ ചോദിക്കാന്‍ തോന്നും, ശ്രദ്ധ പോകരുത്, അവര്‍ ചെയ്തത് നിങ്ങളും ചെയ്യണോ എന്നു ചോദിക്കാനും പോകണ്ട).

വാമനന്‍ മൂന്നടി സ്ഥലമേ ചോദിച്ചുള്ളു. പാദം കൊണ്ട് അളന്നെടുത്തോളാമെന്നും പറഞ്ഞു. യുദ്ധം ചെയ്ത് പിടിച്ചെടുത്ത രാജ്യമല്ലേ, കരുതല്‍ വേണ്ടേ? പാരകള്‍ വരുമെന്ന് കരുതണ്ടേ? അതൊന്നുമില്ലെങ്കില്‍ ഭരിക്കാന്‍ അയോഗ്യനല്ലേ? അങ്ങനെയുള്ളവര്‍ക്ക് സ്ഥാനം എപ്പോള്‍ വേണമെങ്കിലും പോകാമെന്നുറപ്പല്ലേ?

ശുക്രഗുരു കാര്യങ്ങള്‍ മനസിലാക്കി, വിലക്കി. ”ബലീ, ഇത് വെറും പയ്യനല്ല. ആളുടെ രൂപം നോക്ക്, നിറം, കായിക ശേഷി, കാല്‍മുട്ടുവരെ നീണ്ട കൈ വലുപ്പം, നീണ്ട കണ്ണുകള്‍…”
ആളെക്കണ്ടാല്‍ പോലും തിരിച്ചറിഞ്ഞ് മനസിലാക്കാന്‍, അതും ശത്രു ഗണത്തിലുള്ളയാളെ, പറ്റാത്ത വിധം മഹാബലി രാജാവെന്ന തരത്തില്‍ അലസനായി! ഗുരു വിലക്കി. മൂന്നടി എന്നല്ല, എന്തും നല്‍കാമെന്ന വാഗ്ദാനം നീട്ടി വക്കാന്‍, വേണ്ടിവന്നാല്‍ മാറ്റാന്‍ വരെ ഉപദേശവും അതിന് ന്യായവും പറഞ്ഞു. പക്ഷേ, ബലി കേട്ടില്ല. (ദാ, പിന്നേം കേന്ദ്ര ഏജന്‍സി, അതിനെതിരെ സംസ്ഥാന അന്വേഷണം, അതില്‍ കോടതി വിധി തുടങ്ങിയ ഭരണപ്പിടിപ്പു കേടിനെക്കുറിച്ച് നിങ്ങള്‍ ചിന്തിക്കുന്നു… നമ്മള്‍ ഇന്നത്തെ കാലത്തെ കാര്യമല്ല പറയുന്നത്. ദശാവതാരത്തിലെ അഞ്ചാമത്തെ അവതാര കാലത്താണ് എന്ന് ഓര്‍ക്കുക).

അനുസരിക്കാത്ത രാജാവിനെ തടയാന്‍ ഗുരു ശുക്രാചാര്യര്‍ കിണ്ടി വാലില്‍ കയറി ദാനജലം തടസപ്പെടുത്തി. അതില്‍ ഗുരുവിനു കണ്ണു പോലും നഷ്ടപ്പെടുത്തേണ്ടി വന്നു. പക്ഷേ ബലിയുണ്ടോ വിടുന്നു.

ദാന ജലം നല്‍കി, നടപടി തുടങ്ങി. അസുരന്മാര്‍ക്ക് കാര്യം പിടികിട്ടി. അപകടത്തിലേക്കാണ് പോക്കെന്നറിഞ്ഞ് അവര്‍ യുദ്ധവും തുടങ്ങി. മഹാബലി അസുരന്മാരെ പിന്തിരിപ്പിച്ചു. അവര്‍ അധോലോകത്തേക്ക് മാറി നിന്നു. യുദ്ധത്തില്‍ തോറ്റ അസുരന്മാരുടെ തലവന്‍ മഹാബലിയെ പിടിച്ചുകെട്ടി വാമനനു മുന്നില്‍ നിര്‍ത്തി. എന്തും നല്‍കാന്‍ തയാറെന്നു വീമ്പിളക്കിയ രാജാവ് നിസ്വനായി നിന്നു. വാക്കു പാലിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ നരകത്തില്‍ പോകും. അതൊഴിവാക്കണമെന്ന് മഹാബലിയോട് വാമനന്‍ പറയുകയും ചെയ്തു. (ചെസ്സുകളി പോലെ ചെക്ക് പറഞ്ഞോ എന്നല്ലേ ചോദിക്കാന്‍ പോവുന്നത്, അതെ, അന്നൊക്കെ അങ്ങനെയാണ് യുദ്ധം പോലും).

ശരീരം മാത്രമവശേഷിക്കുന്ന എന്റെ തലയില്‍ കാല്‍ വച്ച് ഞാന്‍ പറഞ്ഞ, നടത്തിയ വാഗ്ദാനം സത്യമാക്കാന്‍ സഹായിക്കണമേ എന്ന മഹാബലിയുടെ അപേക്ഷയിലാണ് വാമനന്‍ മൂന്നാം ചുവട് വച്ചത്; അനുഗ്രഹിച്ചത്. അനുഗ്രഹം കൈ കൊണ്ട് മാത്രമാണെന്ന് ധരിച്ചതാണ് പ്രശനം. കാല്‍ കൊണ്ടുമാകാം;

വാമന രൂപിയായ വിഷ്ണു പറഞ്ഞത് വായിച്ചാല്‍ ഇതു ബോധിക്കും. ഭാഗവതം പറയുന്നു:

ഞാനനുഗ്രഹം ചെയ്യുന്ന അവസരമായാല്‍, അര്‍ഹന്‍ ദീനനാകും, സമ്പത്തെല്ലാം പോയി അഹങ്കാരം മാറും. അനുഗ്രഹത്തിന് പാത്രമാകും. (സ്വര്‍ണവും ഡോളറും കടത്തുന്നതും കിടയ്‌ക്കുന്നതുമൊന്നുമോര്‍ക്കരുത്, അതൊക്കെ ഇല്ലാതാകുന്നതാണ് മോക്ഷ വഴി, മറ്റേത് മോഷണ വഴി… ഓര്‍മിക്കരുത്, അതൊന്നും). ഇവന് (ബലി) അനുഗ്രഹകാലമായി. ഇവന്‍ സാവര്‍ണ മനുവിന്റെ കാലത്ത് ഇന്ദ്രനാകും. അത്ര കാലം സുതലത്തില്‍ വസിക്കും. മറ്റ് അസുരന്മാര്‍ പോയത് അധോലോകത്താണേ, അതോര്‍ക്കണം. ബലിയുടെ മുന്‍തലമുറയില്‍ നിന്ന് മുത്തച്ഛനായ പ്രഹ്‌ളാദന്‍ വിഷ്ണുഭക്തനായിരുന്നതും മറക്്കരുത്.

പിന്നെങ്ങനെയാണ്, എന്നാണ്, ആരിലൂടെയാണ് മഹാബലി, മാവേലിയായത്? വാമനന്‍ വന്ന ചിങ്ങം മാവേലിക്കോല വരവായത്. ഭാഗവതത്തില്‍ പറയുന്ന ബലിയല്ല മാവേലി. അങ്ങനെയൊരു ബലിയില്ല, മുലയരിഞ്ഞ് എറിഞ്ഞ നങ്ങേലി ഇല്ലാത്തതുപോലെ.

എന്നാലും, കടങ്കഥയും യക്ഷിക്കഥയും ഒക്കെയും നമ്മുടെ നാട്ടു സംസ്‌കാരത്തിലെ മുതല്‍ക്കൂട്ടാണ്. കിടക്കട്ടെ, അതും ചെപ്പില്‍.

By admin