• Wed. Jan 21st, 2026

24×7 Live News

Apdin News

മഹാമാഘമഹോത്സവം: ദിനവും രാവിലെ മുതല്‍ നിളാ സ്നാനം

Byadmin

Jan 21, 2026



തിരുനാവായ: മഹാമാഘ മഹോത്സവം അവസാനിക്കുന്ന ഫെബ്രുവരി മൂന്ന് വരെ എല്ലാ ദിവസവും രാവിലെ 8.30ന് നിളാ സ്‌നാനം നടക്കും. ഓരോ ദിവസങ്ങളിലും ഓരോ സന്യാസി മഠങ്ങളിലുള്ളവരുടെ നേതൃത്വത്തിലാണ് സ്‌നാനം നിശ്ചയിച്ചിരിക്കുന്നത്. വിശ്വാസികള്‍ക്കും ഇവര്‍ക്കൊപ്പം നിളാ സ്‌നാനത്തില്‍ പങ്കെടുക്കാം. എല്ലാ ദിവസവും വൈകിട്ട് നിളാ ആരതിയും നടക്കും. പല തട്ടുകളുള്ള വിളക്കുകള്‍ ഇതിനായി ഉപയോഗിക്കും. മന്ത്രോച്ചാരണവും വാദ്യഘോഷങ്ങളും മണി മുഴക്കവും ഈ സമയം നടത്തും. രണ്ടു മണിക്കൂറോളമാണ് ഇതു നടത്തുന്നത്.

ഭാരതപ്പുഴയില്‍ തയാറാക്കിയ യജ്ഞശാലയ്‌ക്കു സമീപത്താണ് നിളാ ആരതി നടക്കുക. മഹോത്സവം നടക്കുന്ന ദിവസങ്ങളില്‍ വിശേഷ പൂജകളും നടക്കും.

മഹാമാഘ മഹോത്സവത്തിലേക്ക് കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസവും

നിലമ്പൂര്‍: തിരുനാവായയില്‍ നടത്തുന്ന മഹാമാഘ മഹോത്സവത്തിലേക്ക്, കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തില്‍ തീര്‍ഥയാത്ര നടത്തും. നിലമ്പൂര്‍ ഡിപ്പോയില്‍ നിന്ന് 26, ഫെബ്രുവരി ഒന്ന്, മൂന്ന് തീയതികളില്‍ പുലര്‍ച്ചെ നാലിന് പുറ പ്പെടും. കാടാമ്പുഴ, ചന്ദനക്കാവ്, വൈരംകോട്, തുഞ്ചന്‍പറമ്പ് എന്നിവിടങ്ങളിലെ ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ച് തിരുനാവായയില്‍ നിളാ നദിയില്‍ സ്നാനം നടത്തി ആരതിയിലും പങ്കെടുത്ത് മടങ്ങാം. നിരക്ക് 460 രൂപ. 9447436967.

മഹാമാഘ മഹോത്സവത്തിന്റെ പ്രസാദം അരയാല്‍ തൈകള്‍

തിരുനാവായ: തിരുനാവായയില്‍ നടക്കുന്ന മഹാമാഘമഹോത്സവന്റെ പ്രസാദം അരയാല്‍ തൈകള്‍. വിവിധ ക്ഷേത്രങ്ങളില്‍നിന്ന് ജ്വലിപ്പിച്ച ദീപവുമായി വരുന്ന സംഘങ്ങള്‍ക്ക് മേളാപ്രസാദമായി അരയാല്‍തൈകള്‍ നല്‍കും. വിവിധ ദേശങ്ങളില്‍ നിന്നെത്തുന്ന സംഘങ്ങള്‍ മഹോത്സവത്തിലെ കെടാ വിളക്കിലേക്ക് ആ ദീപത്തെ ലയിപ്പിക്കണമെന്ന് മഹാമാഘ സഭാപതി മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി പറഞ്ഞു. തിരികെ മടങ്ങുമ്പോള്‍ 1008 സംഘങ്ങള്‍ക്ക് അരയാല്‍ തൈകള്‍ മേളാപ്രസാദമായി നല്‍കും. തിരികെപ്പോകുമ്പോള്‍ ഭാരതപ്പുഴയില്‍ നിന്ന് ഒരു കുംഭത്തില്‍ തീര്‍ത്ഥവും എടുക്കണം. സ്വദേശത്ത് തിരിച്ചെത്തി, ഈ ആല്‍ത്തൈ സംഘാംഗങ്ങള്‍ ഒരുമിച്ചു ചേര്‍ത്ത് നട്ടുനനച്ച് സംരക്ഷിക്കുകയാണു ലക്ഷ്യമിടുന്നത്. അരയാല്‍ ദേവതമാരുടെ ഇരിപ്പിടമായ വൃക്ഷമാണെന്നാണ് ഹൈന്ദവ വിശ്വാസം. അരയാലെന്ന ഈ പീഠത്തിലെ ദേവതകള്‍ക്കുള്ള ആദ്യതീര്‍ത്ഥമായി നിളയിലെ പുണ്യജലം പകരണം. ഈ മരം ഓരോ വ്യക്തിയുടെയും കുടുംബത്തിന്റെയും ദേശത്തിന്റെയും വളര്‍ച്ചയ്‌ക്കായി സമര്‍പ്പിക്കുന്ന ദേവതാപീഠമാണെന്നാണ് സങ്കല്പമെന്ന് ആനന്ദവനം ഭാരതി പറഞ്ഞു. പ്രസാദമായി നല്‍കാനുള്ള അരയാല്‍ത്തൈകള്‍ ഒരുക്കിനല്‍കുന്നത് ‘മരസേന’ യാണ്. തൃശ്ശൂര്‍ കേന്ദ്രമായി 2017ല്‍ രൂപംകൊണ്ട കലാ സ്‌നേഹികള്‍ സിനിമാ നിര്‍മാണ കൂട്ടായ്‌മ പ്രകൃതിയുടെ സംരക്ഷണത്തിനായി രൂപംകൊടുത്ത സന്നദ്ധ സംഘമാണ് മരസേന.

By admin