
തിരുനാവായ: മണ്ണിലും വിണ്ണിലും സഹസ്രങ്ങളുടെ മനസിലും നാവാമുകുന്ദന്റെ അനുഗ്രഹം. നിളാപ്രവാഹമായ സന്ധ്യയില്‍ മഹാമാഘ മഹോത്സവ വേദിയില്‍ മഹാമേരു പ്രയാണത്തിന് ഭക്തിനിര്‍ഭരമായ സ്വീകരണം.
മഹാമാഘ യജ്ഞശാലയില്‍ പ്രതിഷ്ഠിക്കാനുള്ള മഹാമേരുവുമായി ഭാരതപ്പുഴയുടെ ഉദ്ഭവ സ്ഥാനമായ തമിഴ്‌നാട്ടിലെ ഉദുമല്‍പേട്ട തിരുമൂര്‍ത്തി മലയില്‍ നിന്ന് ഈ മാസം 19ന് ഭാരതീയ ധര്‍മപ്രചാര സഭ ആചാര്യന്‍ യതീശാനന്ദയുടെ നേതൃത്വത്തില്‍ ആരംഭിച്ച രഥയാത്രയാണ് ഇന്നലെ നിളാ തീരത്തെത്തിയത്.

മുത്തുക്കുട, താളമേള താലപ്പൊലി, ശംഖനാദം, ഹരേരാമ ഹരേകൃഷ്ണ, ഹരഹര മഹാദേവ മന്ത്രങ്ങള്‍… രഥയാത്ര തിരുനാവായയിലെത്തിയപ്പോള്‍ അവിസ്മരണീയവും വര്‍ണനാതീതവുമായ അന്തരീക്ഷം. ഭക്തസഹസ്രങ്ങളെ സാക്ഷിയാക്കി മഹാമാഘ സഭ സഭാപതി മഹാമണ്ഡലേശ്വര്‍ ആനന്ദവനം ഭാരതിയുടെ നേതൃത്വത്തില്‍ സ്വീകരിച്ച് നാവാമുകുന്ദ ക്ഷേത്ര സന്നിധിയിലേക്ക് ആനയിച്ചു. ഇവിടെ നിന്ന് തോണിയില്‍ മഹാമേരുവിനെ നിളയിലൂടെ യജ്ഞശാലയിലെത്തിച്ച് പ്രതിഷ്ഠിച്ചു.

മഹാമേരുവും യജ്ഞശാലയിലെത്തിയതോടെ മഹാമാഘ മഹോത്സവ വേദിലേക്ക് ഭക്തജനങ്ങള്‍ പ്രവഹിക്കുകയാണ്. രാത്രി നിളാ ആരതിക്ക് കാഹളം മുഴങ്ങി, ഓംകാര നാദം അലയടിച്ചു. ജന്മപുണ്യത്തിന്റെ പാലത്തിലേറി നിള കടന്ന് ഭക്തര്‍ ആരതി ദര്‍ശിച്ച് നാവാമുകുന്ദനെ പ്രണമിച്ചു. താത്കാലിക പാലം തുറന്നതോടെ ഭാരതപ്പുഴയുടെ മധ്യഭാഗത്ത് ഒരുക്കിയ യജ്ഞശാലയില്‍ത്തന്നെയായിരുന്നു ചടങ്ങുകളും പൂജകളും.