
മുംബൈ: മഹാരാഷ്‌ട്രയിലും യുപിയിലും ജനനം രേഖപ്പെടുത്തുന്ന സിവിൽ രജിസ്ട്രേഷൻ സംവിധാനത്തിൽ വൻ തട്ടിപ്പ് നടന്നിട്ടുണ്ടെന്ന് മുതിർന്ന ബിജെപി നേതാവ് കിരിത് സോമയ്യ. കേന്ദ്രസര്‍ക്കാരിന്റെ ഈ പോർട്ടൽ 2025 നവംബർ-ഡിസംബർ മാസങ്ങളിൽ ഹാക്ക് ചെയ്ത് ഒരു ലക്ഷത്തിലധികം വ്യാജ ജനന സർട്ടിഫിക്കറ്റുകൾ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് കിരിത് സോമയ്യയുടെ വെളിപ്പെടുത്തല്‍ ഞെട്ടലുളവാക്കിയിരിക്കുകയാണ്. ബംഗ്ലാദേശ് നുഴഞ്ഞുകയറ്റക്കാര്‍ക്ക് നിയമപരിരക്ഷ ഉണ്ടാക്കാനാണ് വ്യാജമായി ജനനം രേഖപ്പെടുത്തുന്ന തട്ടിപ്പ് നടന്നതെന്നാണ് കരുതുന്നത്. മഹാരാഷ്‌ട്രയിലും ഉത്തർപ്രദേശിലും ഉടനീളം കണ്ടെത്തിയ ഈ ക്രമക്കേടുകൾ നുഴഞ്ഞുകയറ്റക്കാരെ നിയമവിധേയമാക്കാൻ വേണ്ടിയാണെന്നും ഇത് ഗുരുതരമായ ദേശീയ സുരക്ഷാ ഭീഷണിയാണെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ സുരക്ഷയ്‌ക്ക് ഗുരുതരമായ ഭീഷണി ഉയർത്തുകയാണ് ഈ തട്ടിപ്പ്. കാരണം ഇങ്ങിനെ രജിസ്റ്റര്‍ ചെയ്യപ്പെട്ടാല്‍ നുഴഞ്ഞുകയറിയവര്‍ നിയമപരമായി രേഖയുണ്ടെന്ന് അവകാശപ്പെട്ടാല്‍ അതിന് നിഷേധിക്കാന്‍ സര്‍ക്കാരിനാവില്ല എന്നതാണ് വാസ്തവം.
ജനനം രജിസ്റ്റര്‍ ചെയ്യാനുള്ള കേന്ദ്രത്തിന്റെ സിആർഎസ് പോർട്ട്‍ ആരാണ് ഹാക്ക് ചെയ്തത്? ഔദ്യോഗിക രേഖകൾ കൃത്രിമമായി ഉപയോഗിച്ചു നടത്തിയ ഈ തട്ടിപ്പിനുപിന്നില്‍ വന്‍ ലോബിയുടെ പ്രവര്‍ത്തനമാണ് നടന്നിരിക്കുന്നത്. “മഹാരാഷ്‌ട്രയിലെ ജൽഗാവ്, പരോള, യവത്മാൽ ജില്ലകളിലും ഉത്തർപ്രദേശിലെ റായ്ബറേലി, അലിഗഡ് എന്നിവിടങ്ങളിലും ക്രമക്കേടുകൾ കണ്ടെത്തി. 1,000 നും 1,500 നും ഇടയിൽ ജനസംഖ്യയുള്ള നിരവധി ഗ്രാമങ്ങളിൽ, 10,000 നും 27,000 നും ഇടയിൽ ജനന രജിസ്ട്രേഷനുകൾ അധികൃതർ കണ്ടെത്തിയിരിക്കുകയാണ്. ഇതില്‍ 99 ശതമാനം എൻട്രികളും 20 നും 60 നും ഇടയിൽ പ്രായമുള്ള വ്യക്തികളുടേതായിരുന്നു എന്നതാണ് തമാശ.
പിന്നില്‍ അന്തർ സംസ്ഥാന റാക്കറ്റ്; അറസ്റ്റ് തുടങ്ങി
സോമയ്യയുടെ അഭിപ്രായത്തിൽ, അന്വേഷണത്തിൽ ഇതുവരെ അന്തർസംസ്ഥാന റാക്കറ്റുമായി ബന്ധമുള്ള എട്ട് പേരെ അറസ്റ്റ് ചെയ്തതായി അദ്ദേഹം പറഞ്ഞു. പ്രധാന പ്രതിയായ അവധേഷ് കുമാർ ദുബെ കമ്പ്യൂട്ടർ സംവിധാനങ്ങൾ ഉപയോഗിച്ച് വ്യാജ എൻട്രികൾ ഉണ്ടാക്കാൻ കൃത്രിമം നടത്തിയതായി ആരോപിക്കപ്പെടുന്നു. നുഴഞ്ഞുകയറ്റക്കാർക്ക് ഇന്ത്യൻ തിരിച്ചറിയൽ രേഖകൾ നൽകി അവരെ “നിയമവിധേയമാക്കാൻ” വ്യാജ ജനന സർട്ടിഫിക്കറ്റുകൾ ഉപയോഗിക്കുന്നുണ്ടെന്നും കിരിത് സോമയ്യ പറഞ്ഞു. .
ആയിരക്കണക്കിന് ബംഗ്ലാദേശി പൗരന്മാർ മുംബൈയിലെ തെരുവുകളിൽ നിയമപരമായ അംഗീകാരമില്ലാതെ കച്ചവടക്കാരായി ജോലിചെയ്യുന്നുണ്ടെന്ന് സോമയ്യ അവകാശപ്പെട്ടു. മുംബൈ പോലീസ് കമ്മീഷണറുടെയും മുനിസിപ്പൽ കമ്മീഷണറുടെയും പിന്തുണയോടെ നടത്തിയ തീവ്രമായ എൻഫോഴ്‌സ്‌മെന്‍റ് നീക്കം മുളുന്ദ് റെയിൽവേ സ്റ്റേഷൻ പരിസരം ഉൾപ്പെടെ അനധികൃത ബംഗ്ലാദേശികളുടെ നിരവധി കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നതിലേക്ക് നയിച്ചതായി അദ്ദേഹം പറഞ്ഞു.
പത്രസമ്മേളനത്തിനിടെ, ശിവസേന (യുബിടി) മേധാവി ഉദ്ധവ് താക്കറെയ്‌ക്കെതിരെയും സോമയ്യ രാഷ്‌ട്രീയ ആക്രമണം അഴിച്ചുവിട്ടു. മുസ്ലീം ജനസംഖ്യ കൂടുതലുള്ള മണ്ഡലങ്ങളിൽ ഈ അനധികൃത ബംഗ്ലാദേശി വോട്ടർമാർ എഐഎംഐഎമ്മിനെ പിന്തുണച്ചതായും 15 മുതൽ 20 ശതമാനം വരെ മുസ്ലീം വോട്ടർമാരുള്ള പ്രദേശങ്ങളിൽ തിരഞ്ഞെടുപ്പ് പിന്തുണ താക്കറെയുടെ പാർട്ടിയിലേക്ക് മാറിയതായും അദ്ദേഹം ആരോപിച്ചു.അതായത് ഉദ്ധവ് താക്കറെയുടെ ശിവസേനയും വോട്ടുകള്‍ക്കായി ബംഗ്ലാദേശി കുടിയേറ്റക്കാരെ മഹാരാഷ്‌ട്രയിലേക്ക് കൊണ്ടുവരാന്‍ കൂട്ടുനില്‍ക്കുകയാണ്. അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെ വോട്ട് ബാങ്കായി കണക്കാക്കുന്ന രാഷ്‌ട്രീയ നേതാക്കൾ എൻഫോഴ്‌സ്‌മെന്റ് നടപടികൾ തടസ്സപ്പെടുത്താൻ ശ്രമിക്കുകയാണെന്ന് കിരിത് സോമയ്യ അവകാശപ്പെട്ടു.
മുംബൈയെ “പച്ചവൽക്കരിക്കാന്‍” ശ്രമിക്കുന്നവര്‍ക്ക് 2026 ൽ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ നേതൃത്വത്തിൽ ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാരില്‍ നിന്ന് “ഉചിതമായ മറുപടി” ലഭിക്കുമെന്ന് കിരിത് സോമയ്യ താക്കീത് നല്‍കി.