മഹാരാഷ്ട്രയിലെ പള്ളിയില്‍ ജലാറ്റിന്‍ സ്റ്റിക്ക് പൊട്ടിത്തെറിച്ച് അപകടം. സ്‌ഫോടനത്തില്‍ പള്ളിക്കകം തകര്‍ന്നു. ആര്‍ക്കും പരിക്കില്ല. ബീഡ് ജില്ലയിലെ ആര്‍ദ മസ്‌ല ഗ്രാമത്തില്‍ ഇന്ന് പുലര്‍ച്ചയാണ് സംഭവം. അപകടവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് പിടികൂടി.
ഒരാള്‍ പള്ളിയുടെ പിന്നിലൂടെ പ്രവേശിച്ച് ജലാറ്റിന്‍ സ്റ്റിക്കുകള്‍ സ്ഥാപിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. വലിയ രീതിയിലുള്ള പൊലീസിനെ ഇവിടെ വിന്യസിച്ചിട്ടുണ്ട്.
സ്‌ഫോടനത്തിന് പിന്നാലെ ഗ്രാമത്തലവന്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ഉടന്‍ തന്നെ ഉന്നത പൊലീസ് സംഘം പ്രദേശത്തെത്തി. ബോംബ് സ്‌ക്വാഡും ഫോറന്‍സിക് സംഘവും സ്ഥലത്ത് എത്തിയിട്ടുണ്ട്. സംഭവത്തിന് പിന്നിലുള്ളവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും ക്രമസമാധാനം നിലനിര്‍ത്താന്‍ സഹകരിക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടു.