• Sun. Apr 20th, 2025

24×7 Live News

Apdin News

മഹാരാഷ്‌ട്രയില്‍ ഹിന്ദു ഐക്യം തകര്‍ക്കാന്‍ ശ്രമം…ബിജെപിയ്‌ക്കെതിരെ ഉദ്ധവ് താക്കറെയും രാജ് താക്കറെയും ഒന്നിക്കുന്നതിന് പിന്നില്‍ ശരദ് പവാര്‍?

Byadmin

Apr 20, 2025


മുംബൈ: വീണ്ടും ഹിന്ദു ഐക്യത്തെ തകര്‍ക്കാന്‍ മഹാരാഷ്‌ട്രയില്‍ ശരദ് പവാര്‍ പ്രവര്‍ത്തിക്കുന്നതായി റിപ്പോര്‍ട്ട്. ശിവസേനയുടെ സ്രഷ്ടാവായ ബാല്‍ താക്കറെയെ മഹാരാഷ്‌ട്ര രാഷ്‌ട്രീയത്തില്‍ നിന്നും ബിജെപി മായ്‌ക്കാന്‍ ശ്രമിക്കുന്നു എന്ന അരക്ഷിതാവസ്ഥ സൃഷ്ടിച്ചാണ് താക്കറെ സഹോദരന്മാര്‍ എന്നറിയപ്പെടുന്ന ഉദ്ധവ് താക്കറെയെയും രാജ് താക്കറെയെയും ഒന്നിപ്പിക്കാന്‍ ശരത് പവാര്‍ പക്ഷം ഗൂഢശ്രമം നടത്തുന്നത്.

പണ്ട് 2022ല്‍ മഹാരാഷ്ട നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉദ്ദവ് താക്കറെയെ ബിജെപിയുമായി തെറ്റിച്ച അതേ തന്ത്രം ഇപ്പോഴും പയറ്റപ്പെടുന്നതോടെയാണ് പിന്നില്‍ ശരദ് പവാറിന്റെ കരങ്ങളാണോ എന്ന സംശയം ഉയരുന്നത്. അന്ന് തെരഞ്ഞെടുപ്പിന് മുന്‍പ് ബിജെപി- ഉദ്ധവ് താക്കറെ ശിവസേന മുന്നണിയാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. ഈ മുന്നണി കേവല ഭൂരിപക്ഷം നേടുകയും ചെയ്തു. അന്ന് കൂടുതല്‍ സീറ്റുകള്‍ നേടിയ ബിജെപിയ്‌ക്കാണ് സ്വാഭാവികമായും മുഖ്യമന്ത്രിസ്ഥാനം കിട്ടേണ്ടത്. എന്നാല്‍ ഇത്തരുണത്തില്‍ ബിജെപിക്ക് മുഖ്യമന്ത്രിസ്ഥാനം നല്‍കിയാല്‍ അതുവരെ ഹിന്ദുത്വ രാഷ്‌ട്രീയം ഉയര്‍ത്തിപ്പിടിച്ച് വളര്‍ന്ന ശിവസേനയ്‌ക്ക് അടിവേരുകള്‍ നഷ്ടമാകുമെന്ന് ഭയപ്പെടുത്തിയത് ശരദ് പവാറാണ്. മാത്രമല്ല, ശിവസേന കുടുംബത്തില്‍ നിന്നുള്ളവര്‍ മുഖ്യമന്ത്രിയാകണമെന്ന പ്രലോഭനവും നല്‍കി. ആ പ്രലോഭനത്തില്‍ ഉദ്ധവ് താക്കറെയുടെ കുടുംബം വീഴുകയായിരുന്നു. അങ്ങിനെയാണ് ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയും മകന്‍ ആദിത്യ താക്കറെ പരിസ്ഥിതി മന്ത്രിയും ആയി. അന്ന് ബിജെപിയുമായുള്ള സഖ്യം ഇവര്‍ വേര്‍പ്പെടുത്തുകയും ശരദ് പവാറിന്റെ എന്‍സിപിയ്‌ക്കും കോണ്‍ഗ്രസിനും കൈകൊടുക്കുകയും ചെയ്തു ഉദ്ധവ് താക്കറേ. പിന്നീടാണ് ഉദ്ധവ് താക്കറെയുടെ പാര്‍ട്ടിയിലെ ഏക്നാഥ് ഷിന്‍ഡേയുടെ നേതൃത്വത്തിലുള്ള വിഭാഗം ഭരണത്തിലെ ശരത് പവാറിന്റെയും കൂട്ടരുടെയും സര്‍വ്വാധിപത്യം കണ്ട് മനം മടുത്ത് ബിജെപിയ്‌ക്കൊപ്പം ചേര്‍ന്നത്.

ഉദ്ധവ് താക്കറെയുടെ മകന്‍ ആദിത്യതാക്കറെയെ കൂട്ടബലാത്സംഗക്കേസില്‍ പ്രതിയാക്കുന്നതിനായി ഹൈക്കോടതിയില്‍ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ അച്ഛന്‍ പരാതി നല്‍കിയതോടെ വീണ്ടും ഉദ്ധവ് താക്കറെയ്‌ക്ക് അരക്ഷിതാവസ്ഥ ഉണ്ടായിരിക്കുന്നു. ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഈ കേസില്‍ ആദിത്യ താക്കറെയ്‌ക്ക് എതിരുമാണ്. ഇത് ഉദ്ധവ് താക്കറെയുടെ മനസ്സില്‍ അരക്ഷിതാവസ്ഥ ഉണ്ടാക്കിയിരിക്കുകയാണ്. അതാണ് അദ്ദേഹമിപ്പോള്‍ 19 വര്‍ഷം മുന്‍പ് അധികാരം പങ്കുവെയ്‌ക്കുന്നതിലുള്ള അഭിപ്രായഭിന്നതയില്‍ ശിവസേന വിട്ട് പോയി മഹാരാഷ്‌ട്ര നവനിര്‍മ്മാണ്‍ സമിതി എന്ന പേരില്‍ സ്വന്തം പാര്‍ട്ടിയുമായി മുന്നോട്ട് പോകുന്ന ബന്ധം രാജ് താക്കറെയുമായി ചങ്ങാത്തം കൂടുന്നത്. അധികാരത്തിന്റെ പേരില്‍ തമ്മില്‍ തല്ലിയവര്‍ ബാല്‍ താക്കറെയുടെയും ശിവസേനയുടെയും ആധിപത്യം ബിജെപി ഭരണത്തില്‍ നഷ്ടപ്പെടുന്നുവെന്ന പ്രചാരണത്തില്‍ വീണുപോയിരിക്കുകയാണ്. അതാണ് അവര്‍ തമ്മില്‍ അടുക്കുന്നതിനെക്കുറിച്ച് ആലോചന ഉണ്ടാകുന്നത്. ഇതിന് പിന്നില്‍ ശരദ് പവാറിന്റെ കരങ്ങള്‍ ആണെന്നാണ് സംശയിക്കപ്പെടുന്നത്.

2024ല്‍ ലോക് സഭാ തെരഞ്ഞെടുപ്പില്‍ മോദി സര്‍ക്കാരിനെ പിന്തുണച്ച നേതാവാണ് രാജ് താക്കറെ. പക്ഷെ അദ്ദേഹത്തിന്റെ മകന്‍ അമിത് താക്കറെ 2024ലെ ലോക് സഭാ തെരഞ്ഞെടുപ്പില്‍ തോറ്റുപോയിരുന്നു. വെറും 1.5 ശതമാനം വോട്ട് പങ്ക് മാത്രം ലഭിച്ച അമിത് താക്കറെ ദയനീയമായി പരാജയപ്പെട്ടിരുന്നു. മുംബൈയിലെ മാഹിം സീറ്റിലാണ് അമിത് താക്കറെ ദയനീയമായി പരാജയപ്പെട്ടത്. തന്റെ മകന്റെ രാഷ്‌ട്രീയഭാവി സുരക്ഷിതമാക്കാന്‍ കൂടി രാജ് താക്കറെ പുതിയൊരു പ്ലാറ്റ് ഫോം തേടിക്കൊണ്ടിരിക്കുകയാണ്. ദുര്‍ബലനായ ഉദ്ധവ് താക്കറെയ്‌ക്കൊപ്പം ഈ പ്രതിസന്ധി ഘട്ടത്തില്‍ ചേര്‍ന്നാല്‍ കൂടുതല്‍ അധികാരവിലപേശല്‍ നടത്താന്‍ കഴിയുമെന്നും രാജ് താക്കറെ കണക്കുകൂട്ടുന്നുണ്ടായിരിക്കാമെന്ന് കരുതുന്നു.



By admin