• Mon. Oct 21st, 2024

24×7 Live News

Apdin News

മഹാരാഷ്‌ട്രയിൽ തൊണ്ണൂറ്റി ഒൻപത് സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക പുറത്തിറക്കി ബിജെപി; നാഗ്പൂർ സൗത്ത് വെസ്റ്റിൽ നിന്ന് ഫഡ്‌നാവിസ് മത്സരിക്കും

Byadmin

Oct 20, 2024


ന്യൂദൽഹി: മഹാരാഷ്‌ട്ര നിയമസഭാ തിരഞ്ഞെടുപ്പിനുള്ള 99 സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക ബിജെപി ഞായറാഴ്ച പുറത്തിറക്കി. പട്ടിക പ്രകാരം ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് നാഗ്പൂർ സൗത്ത് വെസ്റ്റിൽ നിന്നും സംസ്ഥാന ബിജെപി അധ്യക്ഷൻ ചന്ദ്രശേഖർ കൃഷ്ണറാവു ബവൻകുലെ കാംതി മണ്ഡലത്തിൽ നിന്നും മത്സരിക്കും.

കൂടാതെ  മന്ത്രി ഗിരീഷ് മഹാജൻ ജാംനറിൽ, സുധീർ മുൻഗന്തിവാർ ബല്ലാർപൂരിൽ, ശ്രീജയ അശോക് ചവാൻ ഭോക്കറിൽ, ആശിഷ് ഷേലാർ വാന്ദ്രെ വെസ്റ്റിൽ, മംഗൾ പ്രഭാത് ലോധ മലബാർ ഹില്ലിൽ, രാഹുൽ നർവേക്കർ കൊളാബയിൽ, ഛത്രപതി ശിവേന്ദ്ര രാജെ ഭോസാലെ സത്താറയിൽ നിന്ന് മത്സരിക്കും. ജൽഗാവ് സിറ്റിയിൽ നിന്നുള്ള സുരേഷ് ദാമു ഭോലെ, ഔറംഗബാദ് ഈസ്റ്റിൽ നിന്നുള്ള അതുൽ സേവ്, താനെയിൽ നിന്നുള്ള സഞ്ജയ് മുകുന്ദ് കൽക്കർ, മലാഡ് വെസ്റ്റിൽ നിന്നുള്ള വിനോദ് ഷെലാർ എന്നിവരും പട്ടികയിലുണ്ട്.

മഹാരാഷ്‌ട്ര തെരഞ്ഞെടുപ്പിനുള്ള എൻഡിഎയുടെ പദ്ധതികൾ ചർച്ച ചെയ്യാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വസതിയിൽ നടന്ന യോഗത്തിന് രണ്ട് ദിവസത്തിന് ശേഷമാണ് പ്രഖ്യാപനം. മഹാരാഷ്‌ട്രയിൽ 288 നിയമസഭാ സീറ്റുകളാണുള്ളത്, ശിവസേന (ഏകനാഥ് ഷിൻഡെ വിഭാഗം), അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപി എന്നിവയ്‌ക്കൊപ്പം ഭരണകക്ഷിയായ മഹായുതി സഖ്യത്തിന്റെ ഭാഗമാണ് ബിജെപി.

മഹായുതി സഖ്യത്തിനുള്ളിലെ സീറ്റ് വിഭജന ചർച്ചകൾ അന്തിമഘട്ടത്തിലാണെന്ന് ഉപമുഖ്യമന്ത്രി ഫഡ്‌നാവിസ് നേരത്തെ സ്ഥിരീകരിച്ചിരുന്നു. വെള്ളിയാഴ്ച ആഭ്യന്തരമന്ത്രി അമിത് ഷായുമായുള്ള കൂടിക്കാഴ്ചയിൽ സീറ്റ് വിഭജനം സംബന്ധിച്ച് അനുകൂലമായ ചർച്ചകൾ നടന്നതായി മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയും അറിയിച്ചിരുന്നു.

288 സീറ്റുകളിൽ ഷിൻഡെയുടെ നേതൃത്വത്തിലുള്ള വിഭാഗം 85-90 സീറ്റുകളിലും അജിത് പവാറിന്റെ എൻസിപി 50 സീറ്റുകളിലും ബാക്കിയുള്ളതിൽ ബിജെപിയും മത്സരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മഹാരാഷ്‌ട്രയിൽ നവംബർ 20 ന് വോട്ടെടുപ്പ് നടക്കും, നവംബർ 23 ന് ഫലം പ്രഖ്യാപിക്കും.



By admin