
തിരുവനന്തപുരം: ഗുരുതരമായ കുറ്റകൃത്യം ചെയ്ത രാഹുല്‍ മാങ്കൂട്ടത്തിലിനെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്റണി പറഞ്ഞു.
രാഹുല്‍ ഗുരുതരമായ കുറ്റങ്ങള്‍ ചെയ്‌തെന്ന് പുറത്തുവരുന്ന ശബ്ദസന്ദേശങ്ങളിലൂടെ വ്യക്തമാകുന്നു. ഗര്‍ഭച്ഛിദ്രത്തിന് സ്ത്രീയെ പ്രേരിപ്പിച്ചത് ഭാരതീയ ന്യായസംഹിത അനുസരിച്ച് മജിസ്‌ട്രേറ്റിന്റെ അനുമതി ഇല്ലാതെ പോലീസിന് കേസെടുക്കാവുന്നതാണ്. പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയെന്നും വ്യക്തമാകുന്നുണ്ട്. ഇത്രയും തെളിവുകള്‍ ഉണ്ടായിട്ടും ചോദ്യം ചെയ്യാന്‍ പോലീസ് തയ്യാറാകുന്നില്ല. പിണറായി സര്‍ക്കാരും കോണ്‍ഗ്രസും തമ്മിലുള്ള ഒത്തു കളിയുടെ വലിയ ഉദാഹരണമാണിത്. രാഹുല്‍ മാങ്കൂട്ടം മതമൗലികവാദികളുടെ പിന്തുണയോടെ വന്ന നേതാവാണ്. മതമൗലികവാദികളെ പിണറായി വിജയനും പേടിക്കുന്നുണ്ട്. അതിനാലാണ് പോലീസിനെ ഉപയോഗിച്ച് നടപടി സ്വീകരിക്കാതെ മൗനം പാലിക്കുന്നത്. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കൂടുതല്‍ സമരം നടത്തിയത് ബിജെപിയാണ്. കാളയുമായി സമരം നടത്തിയത് പ്രതിപക്ഷനേതാവിനെ വിറപ്പിച്ചിരുന്നു.
തദ്ദേശ തെരഞ്ഞെടുപ്പില്‍ പാലക്കാട് ജില്ലയില്‍ സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യം മാങ്കൂട്ടത്തിലിന് കോണ്‍ഗ്രസ് നല്‍കി. സ്ത്രീത്വത്തെ അപമാനിച്ചതിന് ഇദ്ദേഹത്തിനെതിരെ എന്ത് നടപടി എടുത്തു എന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കോണ്‍ഗ്രസും വ്യക്തമാക്കണം. ബിജെപിയുടെ സമരത്തെ തുടര്‍ന്നാണ് രാഹുലിന് വല്ലപ്പോഴും പാലക്കാട് വന്നുപോകേണ്ട ഗതി വന്നത്. സ്ഥിര താമസം ജില്ലക്ക് പുറത്തേക്ക് മാറ്റേണ്ടി വന്നു. പെണ്‍കൂട്ടിക്ക് നീതി ലഭിക്കുന്നതുവരെ ബിജെപി പ്രക്ഷോഭവുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.