ലക്‌നൗ: മാതാപിതാക്കള്‍ ക്രിസ്തുമതം സ്വീകരിച്ചതിനോട് പൊരുത്തപ്പെടാനാകാതെ കൗമാര പ്രായക്കാരനായ മകന്‍ വീട് വിട്ടുപോയി. കുട്ടിയെ കാണാനില്ലെന്ന് കാട്ടി മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് സംഭവം പുറത്തറിഞ്ഞത്.
പൊലീസ് അന്വേഷണത്തില്‍, കുട്ടി എഴുതി വീട്ടില്‍ വച്ചിരുന്ന കത്ത് കണ്ടെത്തി. കുടുംബത്തിന്റെ മതപരിവര്‍ത്തനത്തെ തുടര്‍ന്നുള്ള വേദനയും അസ്വസ്ഥതയുമാണ് കത്തിലുണ്ടായിരുന്നത്. ‘അമ്മ ,അച്ഛാ, മതം മാറി നിങ്ങള്‍ എല്ലാം നേടി, എന്നാല്‍ നിങ്ങള്‍ക്ക് എന്നെ നഷ്ടപ്പെട്ടു. എനിക്ക് ഈ മതത്തില്‍ ജീവിക്കാന്‍ കഴിയില്ല’ -കത്തില്‍ പറയുന്നു.
മൂന്ന് മാസം മുമ്പ് മാതാപിതാക്കള്‍ ക്രിസ്തുമതം സ്വീകരിച്ചതിന് ശേഷം ആണ്‍കുട്ടി അനുഭവിച്ച വൈകാരിക അസ്വസ്ഥത വെളിപ്പെടുത്തുന്നതാണ് കത്ത്.
ജൗന്‍പൂരിലെ മഡിയാവ് പ്രദേശത്തു നിന്നുള്ള കുടുംബം നിലവില്‍ ഭൗട്ടി പട്ടണത്തിലെ വാടക വീട്ടിലാണ് താമസിക്കുന്നത്. കുട്ടിയുടെ പിതാവ് ഉന്ത് വണ്ടിയില്‍ വസ്ത്രങ്ങള്‍ വിറ്റ് ഉപജീവനമാര്‍ഗം കണ്ടെത്തുന്ന ആളാണ്.മാതാപിതാക്കളും 13 വയസുള്ള ഇളയ സഹോദരനും ഉള്‍പ്പെടുന്നതാണ് കുട്ടിയുടെ കുടുംബം.
ഡിസംബര്‍ 14 ന് പുലര്‍ച്ചെ 4 മണിയോടെ കുട്ടി വീട്ടില്‍ നിന്ന് ഇറങ്ങിയെന്നാണ് പൊലീസ് പറയുന്നത്. രണ്ട് ദിവസത്തിന് ശേഷമാണ് പൊലീസ് സ്റ്റേഷനില്‍ പരാതി എത്തിയത്.
കുട്ടിയുടെ കത്തില്‍ ഒരു മതത്തെയും വ്യക്തമായി പരാമര്‍ശിക്കുന്നില്ലെങ്കിലും മാതാപിതാക്കള്‍ അടുത്തിടെ ക്രിസ്തുമതം സ്വീകരിച്ചതായി അന്വേഷണത്തില്‍ വ്യക്തമായതായി പൊലീസ് വെളിപ്പെടുത്തി. കാണാതായ കുട്ടിയെ കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.
ഉത്തര്‍പ്രദേശില്‍ ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്തുളള മതപരിവര്‍ത്തനം ഇപ്പോഴും നടക്കുന്നു എന്നതിന്റെ തെളിവാണ് സംഭവം.