• Mon. Jan 26th, 2026

24×7 Live News

Apdin News

മാതാ ഭിക്ഷാംദേഹി….

Byadmin

Jan 26, 2026



ഭിക്ഷയെടുക്കുക എന്ന് പറഞ്ഞാല്‍ ഏറ്റവും മോശമായ ഒന്നാണെന്ന് നാം പറയാറുണ്ട്. ഭിക്ഷയെടുക്കേണ്ട ഗതി വരുത്തരുതെ എന്ന് നാം പ്രാര്‍ഥിക്കാറുമുണ്ട്. പ്രത്യേകിച്ച് കേരളത്തില്‍ ഭിക്ഷകൊടുക്കുക എന്ന ശീലമേയില്ലായെന്നത് ഒരു സത്യവുമാണ്. എന്തിനാണ് ഭിക്ഷയെടുക്കുന്നത് അതിന്റെ ആവശ്യകതയെന്താണ്.

നമ്മളുടെ ഏത് അഹങ്കാരത്തേയും കളയാന്‍ ഭിക്ഷ സഹായിക്കും. ഒന്നുമില്ലാത്തവനായി നില്‍ക്കുമ്പോഴാണ് നാം നമ്മളെ മനസ്സിലാക്കുക. ലോകത്തില്‍ നാം കെട്ടിപ്പൊക്കിയ ഒന്നും തന്നെ നമ്മളുടെ കൂടെ ഉണ്ടാകില്ലായെന്ന് മനസ്സിലാക്കണമെങ്കില്‍ മൂന്നു ദിവസം ഭക്ഷണം കിട്ടാതെ ഇരുന്നാല്‍ മതിയാകും. നിങ്ങള്‍ ജീവിതത്തില്‍ ചെയ്ത ധര്‍മ്മം മാത്രമാണ് ആ സമയം കൂടെയുണ്ടാകുക, അതാണ് അന്നമായി നിങ്ങളുടെ മുന്നില്‍ വരിക. അവിടെയാണ് ധര്‍മ്മിണീ ധര്‍മ്മവര്‍ദ്ധിനീ എന്ന വാക്ക് അനുഭവവേദ്യമാകുക. ഭക്ഷണം കിട്ടാതെ വരുമ്പോഴാണ് ചെയ്ത പുണ്യപാപങ്ങളെ അറിയാനാകുക. ഏവിടെയാണ് നമുക്ക് പിഴച്ചത് എന്ന് മനസ്സിലാക്കാന്‍ അതു മാത്രം മതിയാകും. ആയിരം ക്ലാസ്സിനു തുല്യമാണ് ആ അനുഭവം.

നിങ്ങളെത്ര പഠിച്ചിട്ടുണ്ട്, സമൂഹത്തിലെത്ര വലിയ ഉന്നതി നിങ്ങള്‍ക്ക് ഉണ്ട്, ഉണ്ടാക്കിയിട്ടുണ്ട് ഇതൊന്നും തന്നെ ഭിക്ഷയെടുക്കുന്ന സമയം നിങ്ങളെ സഹായിക്കില്ല. അതെല്ലാം മാറ്റിവയ്‌ക്കണ്ടിവരും. നിങ്ങളുടെ സ്വന്തമെന്ന എല്ലാ അഹങ്കാരവും അവിടെ ഇല്ലാതാകും.

ഒന്നുമില്ലാത്തവരെ പോലെ, നമ്മളെ ഇന്നുവരെ കാണാത്തവരുടെ കൂടെ നിന്ന് അന്നം മേടിക്കണം. അല്ലെങ്കില്‍ അറിയാത്തവവരുടെ മുന്നില്‍ അന്നത്തിന് യാചിക്കണം. ചില സമയം ചിലര്‍ നിങ്ങളെ അധിക്ഷേപിക്കുമ്പോള്‍, നാം ഓര്‍ത്തുപോകും, നാം ഇതുപോലെ അന്നം ചോദിച്ച എത്രപേരെ അധിക്ഷേപിച്ചിട്ടുണ്ടെന്ന്. അന്നം അഞ്ചുപേരുടെ അല്ലെങ്കില്‍ ഏഴ് പേരുടെ അടുത്ത് മാത്രമേ യാചിക്കാവൂ എന്നാണ്. കിട്ടാതെ വരുമ്പോള്‍ അന്ന് ജലം മാത്രമാണ്, പട്ടിണി കിടക്കണം. അപ്പോ വിശപ്പ് എന്തെന്ന് മനസ്സിലാകും. അന്നത്തിന്റെ വില മനസ്സിലാകും. പിന്നെ കിട്ടുന്ന ഏത് ഭക്ഷണവും രുചികരമാകും. ആരു തന്നു, അവരുടെ ജാതി, മതം, കുലം, ഗോത്രം ഇവയൊന്നും നിങ്ങള്‍ക്ക് ആസമയം ഓര്‍മ്മ വരില്ല. അപ്പോഴാണ് എല്ലാവരും ഒന്നാണെന്ന് നിങ്ങള്‍ക്ക് സ്വയം അനുഭവവേദ്യമാകൂ.

നമ്മളുടെ സുഹൃത്തിനോട് ഒരു പത്തു രൂപ ചോദിക്കുന്ന രീതി ഒന്നോര്‍ത്തു നോക്കൂ.. ഒരു കൈ മുന്നിലേക്ക് നീട്ടി അത് ചോദിക്കുവാന്‍ ബുദ്ധിമുട്ടില്ല. എടാ ഒരു പത്തു രൂപ തന്നെ. നിനക്ക് പിന്നെ തരാം. ഇത് സ്വാഭാവികമായി നമുക്ക് വരും. ഇനി അതേ സുഹൃത്തിനോട് രണ്ടുകയ്യും ചേര്‍ത്ത് ഭിക്ഷ പോലെ അതെ പത്തു രൂപ ചോദിക്കൂ. താടാ എന്ന് പറയുവാന്‍ നിങ്ങള്‍ക്ക് സാധ്യമാകുമോ എന്ന് നോക്കൂ. സാധ്യമല്ലായെന്നതാണ് സത്യം. ആ രീതിയില്‍ നിങ്ങളുടെ വാക്ക് പുറത്തേക്ക് വരില്ല.

ഒന്നുമില്ലാത്തവരെന്ന് നാം കളിയാക്കുന്നവര്‍ അവര്‍ കിടക്കുന്നതിനിടയില്‍ നമുക്ക് കിടക്കുവാന്‍ സ്ഥലമൊരുക്കി തരും. ഭക്ഷണം കഴിച്ചോ എന്ന് ചോദിക്കും. കമ്പിളിയില്ലായെങ്കില്‍ തന്റെ കമ്പിളി എടുത്ത് തരും. ഇതാണ് ഭിക്ഷ നമ്മളെ പഠിപ്പിക്കുക. മുന്നിലാരായാലും പിന്നീട് ബഹുമാനിച്ചുപോകും. അവിടെ വലിപ്പ ചെറുപ്പം ഇല്ലാതെയാകും. വിദ്യാഭ്യാസം നമുക്ക് ആരോട് എങ്ങിനെ സംസാരിക്കണമെന്ന് പഠിപ്പിച്ചുതരും. ഭിക്ഷ നമുക്ക് ലോകസേവയാണ് ശരിക്കുള്ള ജീവിതമെന്ന് പഠിപ്പിച്ചുതരും. മാതാ ഭിക്ഷാ ദേഹി എന്ന് ആചാര്യസ്വാമികള്‍ പറഞ്ഞത് അഭിമാനപൂര്‍വ്വം പറയുന്ന നാം ഒരിക്കലെങ്കിലും അതു ആചരിച്ചു നോക്കിയാല്‍ മാത്രമേ എന്ത് കൊണ്ട് എല്ലാം ഉണ്ടായിട്ടും നമ്മളുടെ ആചാര്യന്മാര്‍ ഭിക്ഷയെടുത്തത് എന്തിനെന്ന് മനസ്സിലാകൂ…

ചിലത് അനുഭവവേദ്യമാണ്.. അനുഭവിച്ചാലെ ആനന്ദം മനസ്സിലാകൂ.. കഷ്ടപ്പാടിനെ അറിയാനല്ല ഭിക്ഷയെടുക്കുന്നത്… നമ്മളെവിടെയാണ് ഇപ്പോ നില്‍ക്കുന്നത് എന്നു മനസ്സിലാക്കാനാണ്… ജീവിതത്തില്‍ നാം പുണ്യമായ കര്‍മ്മങ്ങള്‍ ചെയ്തിട്ടുണ്ടോ. അത് നമ്മളുടെ കൂടെയുണ്ടോ. അത് അറിയുവാന്‍ പത്തു ദിവസത്തെ ഭിക്ഷ ധാരാളമാണ്.

ഓരോരുത്തരും താനുണ്ടാക്കിയ പേരില്‍ അഭിമാനിച്ച് അതിനെ പുല്‍കാന്‍ ശ്രമിക്കുമ്പോള്‍ അതിനെയെല്ലാം മാറ്റിവച്ച് നില്‍ക്കാന്‍ കഴിയുന്നവനെ ഭിക്ഷയെടുക്കാനാകൂ. അതു തന്നെയാണ് സംന്യാസം എന്ന അവസ്ഥ.

അത് വസ്ത്രം ധരിച്ചാലും ഇല്ലെങ്കിലും സാധ്യമാണ്. അതാണ് ഭാരതത്തിന്റെ ഔന്നത്യം.. അറിഞ്ഞ് അനുഭവിച്ച് ആചരിച്ച് കാണിക്കുന്ന പരമ്പരയുടെ മഹത്ത്വം.

By admin