കൊടുവള്ളി: മാനിപുരം പുഴയില്‍ ഒഴുക്കില്‍പ്പെട്ട 10 വയസ്സുകാരിക്കായി വീണ്ടും തിരച്ചില്‍ പുനരാരംഭിച്ചു. പുഴയില്‍ ആഴമുള്ള സ്ഥലങ്ങളും പാറക്കെട്ടുകളും അരികുകളും വിശദമായി പരിശോധന നടത്തുന്ന രീതിയിലാണ് അഗ്‌നി സേനയും സന്നദ്ധ പ്രവര്‍ത്തകരുടെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. ഇന്ന് രാവിലെ ആറോടെയാണ് തിരച്ചില്‍ പുനരാരംഭിച്ചത്.
വെള്ളിയാഴ്ച നാലോടെയാണ് പാലത്തിനു സമീപം തന്‍ഹ ഷെറിന്‍ ഒഴുക്കില്‍പ്പെട്ടത്. രാത്രി തിരച്ചില്‍ നിര്‍ത്തിവെച്ചിരുന്നു. ഇന്ന് പുഴയില്‍ നീരൊഴുക്ക് കുറയുകയും കലങ്ങിയ വെള്ളം തെളിയുകയും ചെയ്തിട്ടുതോടെ തിരച്ചില്‍ പുനരാരംഭിക്കുകയായിരുന്നു.
പൊന്നാനി ഗേള്‍സ് സ്‌കുളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയാണ് തന്‍ഹ. കഴിഞ്ഞ ദിവസം പിതൃസഹോദരന്റെ വിവാഹം നടന്നിരുന്നു. തുടര്‍ന്ന് വീട്ടിലെ തുണികള്‍ അലക്കാനായി കാറില്‍ മാതാവും 12 കാരനായ സഹോദരനും, പിതൃസഹോദരനും ഭാര്യയും കടവില്‍ എത്തുകയായിരുന്നു. കടവിലെ പാറയില്‍ നില്‍ക്കുകയായിരുന്ന തന്‍ഹ പുഴയിലേക്ക് വീഴുകയായിരുന്നു.