തൊടുപുഴ : ഇടുക്കിയിൽ പന്ത്രണ്ടു വയസ്സുകാരന് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതിക്ക് ആറ് വർഷം തടവും പിഴയും ശിക്ഷ വിധിച്ചു. ഇടുക്കി വലിയ തോവള സ്വദേശി മണ്ണംപ്ലാക്കൽ സുരേഷ് നാരായണനെയാണ് (43) ഇടുക്കി അതിവേഗ പോക്സോ കോടതി ശിക്ഷിച്ചത്. 2025 ജൂണിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മാമ്പഴം നൽകാമെന്ന് വാഗ്ദാനം ചെയ്ത് കുട്ടിയെ വിളിച്ചുവരുത്തിയാണ് പ്രതി അതിക്രമം കാട്ടിയത്.
കുട്ടി വീട്ടിൽ തിരിച്ചെത്താൻ വൈകിയതിനെത്തുടർന്ന് പിതാവ് അന്വേഷിച്ചിറങ്ങുകയായിരുന്നു. മകനെ കണ്ടെത്തി തിരികെ കൊണ്ടുവരുമ്പോൾ കുട്ടിയുടെ മുഖഭാവത്തിൽ സംശയം തോന്നിയ പിതാവ് കാര്യങ്ങൾ ചോദിച്ചപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്.
ഉടൻതന്നെ അയൽവാസികളെയും കൂട്ടി പ്രതിയുടെ വീട്ടിലെത്തി ചോദ്യം ചെയ്യുകയും പോലീസിൽ വിവരം അറിയിക്കുകയും ചെയ്തു. കോടതി പ്രതിക്ക് ആറ് വർഷം തടവും 40,000 രൂപ പിഴയും വിധിച്ചുവെങ്കിലും വിവിധ വകുപ്പുകളിലെ ഉയർന്ന ശിക്ഷയായ മൂന്ന് വർഷം തടവ് അനുഭവിച്ചാൽ മതിയാകും. പ്രൊസീക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസീക്യൂട്ടർ ഷിജോമോൻ ജോസഫ് കോടതിയിൽ ഹാജരായി.