• Wed. Aug 27th, 2025

24×7 Live News

Apdin News

മാരുതിയുടെ മെയ്‌ക്ക്-ഇന്‍-ഇന്ത്യ വൈദ്യുതി കാറായ ഇ-വിറ്റാരയുടെ കയറ്റുമതി ഉദ്ഘാടനം ചെയ്യവേ ട്രംപിന് ചില താക്കീതും സാധ്യതയും നല്‍കി മോദി

Byadmin

Aug 27, 2025



ഹന്‍സാല്‍പൂര്‍(ഗുജറാത്ത്): മാരുതി ഇന്ത്യയില്‍ നിര്‍മ്മിച്ച ആദ്യ വൈദ്യുതി കാറായ ഇ-വിറ്റാര കയറ്റുമതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് പ്രധാനമന്ത്രി മോദി. ഗുജറാത്തിലെ ഹന്‍സാല്‍പൂരിലുള്ള ഫാക്ടറിയിലാണ് മാരുതി ഇ-വിറ്റാര നിര്‍മ്മിച്ചത്. അമേരിക്ക ഇന്ത്യയ്‌ക്കെതിരെ ഉയര്‍ന്ന വ്യാപാരച്ചുങ്കം ഏര്‍പ്പെടുത്തിയ ദിവസം നടന്ന ഈ ചടങ്ങില്‍ മോദി നടത്തിയ പ്രസംഗത്തില്‍ ട്രംപിനുള്ള താക്കീതും ഇന്ത്യയുമായി സൗഹൃദത്തില്‍ നിന്നാലുള്ള സാധ്യതയും ഉള്‍ച്ചേര്‍ന്നിരുന്നു.

“ഇന്ത്യ ജനാധിപത്യത്തിന്റെ ശക്തിയാണ്. ഇന്ത്യയ്‌ക്ക് ജനസംഖ്യയുടെ മുന്‍തൂക്കമുണ്ട്. ഇന്ത്യയ്‌ക്ക് നൈപുണ്യമുള്ള ഒരു വമ്പന്‍ തൊഴില്‍ സേനയുണ്ട്. ഞങ്ങളുമായി യോജിച്ച് പ്രവര്‍ത്തിക്കാന്‍ വരുന്ന ആര്‍ക്കും അന്യോന്യം വിജയം നേടാവുന്ന സാഹചര്യം മേല്‍പ്പറഞ്ഞ ഘടകങ്ങള്‍ സൃഷ്ടിക്കുന്നു.” – ട്രംപിനെ ഉദ്ദേശിച്ച് മോദി പറഞ്ഞു.

മെയ്‌ക്ക് ഇന്‍ ഇന്ത്യ പദ്ധതിക്ക് കീഴിലുള്ള ഇന്ത്യയുടെ ഉല്‍പാദനക്കരുത്തിന്റെ ഉദാഹരണം കൂടിയാണ് മാരുതി ഇലക്ട്രിക് കാറുകളുടെ കയറ്റുമതിയെന്നും മോദി പറഞ്ഞു. 100 രാജ്യങ്ങളിലേക്കാണ് മാരുതിയുടെ ഇ-വിറ്റാര ഇന്ത്യയില്‍ നിന്നും പോകുക. യുഎസിലേക്ക് കയറ്റുമതി ചെയ്യുന്ന ഇന്ത്യയുടെ ഉല്‍പന്നങ്ങല്‍ക്ക് മേല്‍ ഉയര്‍ന്ന വ്യാപാരച്ചുങ്കം അടിച്ചേല്‍പിച്ച ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെയായിരുന്നു ഗുജറാത്തില്‍ നിന്നുള്ള മാരുതിയുടെ ഇലക്ട്രിക് കാറുകളുടെ ആദ്യബാച്ചിന്റെ ഈ കയറ്റുമതി. ആഗോള കയറ്റുമതിക്ക് ഇന്ത്യ ശ്രമിക്കുമ്പോള്‍ അതിനെ തകര്‍ക്കുന്ന യുഎസിന്റെ വ്യാപാരത്തീരുവ എന്ന വൈരുദ്ധ്യമാണ് ഇവിടെ വെളിപ്പെട്ടത്.

“ഇന്ന് ജപ്പാനിലെ സുസുകി കമ്പനി ഇന്ത്യയില്‍ അവരുടെ കാര്‍ നിര്‍മ്മിക്കുന്നു. എന്നിട്ട് ജപ്പാനിലേക്ക് കയറ്റുമതി ചെയ്യുന്നു. ഇന്ത്യയുടെ മെയ്‌ക്ക് ഇന്‍ ഇന്ത്യപദ്ധതിയുടെ കരുത്താണ് ഇത് കാണിക്കുന്നത്. ഇന്ത്യയും ജപ്പാനും തമ്മിലുള്ള ബന്ധത്തിന്റെ കരുത്താണ് ഇത് കാണിക്കുന്നത്. ആഗോളരാഷ്‌ട്രങ്ങളുടെ ഇന്ത്യയ്‌ക്ക് മേലുള്ള വിജയവുമാണ് ഇത് സൂചിപ്പിക്കുന്നത്. “- മോദിയുടെ ലക്ഷ്യമാക്കിയുള്ള മറ്റൊരു ചാട്ടുളി പ്രയോഗം കൂടി നടത്തി മോദി പറഞ്ഞു. മെയ്‌ക്ക് ഇന്‍ ഇന്ത്യ, മെയ്‌ക്ക് ഫോര്‍ ദി വേള്‍ഡ് എന്ന ഇന്ത്യയുടെ സ്വപ്നത്തിന്റെ സാക്ഷാല്‍ക്കാരം കൂടിയാണ് ഇവിടെ നടന്നതെന്നും മോദി പറഞ്ഞു.

 

 

By admin