• Sun. Jan 11th, 2026

24×7 Live News

Apdin News

മാറാട്: അവര്‍ ഒന്നായിരുന്നു എന്നും

Byadmin

Jan 10, 2026



മാറാട് കൂട്ടക്കൊല എന്ന കേരളം കണ്ട ഏറ്റവും വലിയ ഭീകരാക്രമണത്തെ, മാറാട് കലാപം എന്നും രണ്ടാം മാറാട് കലാപമെന്നും പേരുമാറ്റി വിളിച്ചത് ആസൂത്രിതമായ ആഖ്യാന നിര്‍മ്മിതിയുടെ ഭാഗമായിട്ടാണ്. കാല്‍നൂറ്റാണ്ടിന്റെ ഓര്‍മ്മയുടെ അകലം മാത്രമുള്ള ഒരു സംഭവത്തെയാണ് രാഷ്‌ട്രീയക്കാരും ഒരു വിഭാഗം മാധ്യമങ്ങളും മാറ്റിപ്പണിഞ്ഞ് തങ്ങളുടെ നിക്ഷിപ്ത താല്‍പര്യങ്ങളെ സംരക്ഷിക്കുന്നത്. 2002ലും 2003ലും മാറാട് അക്രമമുണ്ടായിട്ടുണ്ട്. ആകസ്മികമായി ഉണ്ടായ ഒരു സംഭവം കലാപമായി മാറിയെന്നതാണ് 2002ല്‍ സംഭവിച്ചത്. എന്നാല്‍ 2003ല്‍ നടന്നത് ഏകപക്ഷീയമായ ആസൂത്രിത കൂട്ടക്കൊലയായിരുന്നു. അന്നത്തെ മാധ്യമങ്ങള്‍ മുഴുവന്‍ അതിനെ വിശേഷിപ്പിച്ചത് കൂട്ടക്കൊല എന്നതുതന്നെയായിരുന്നു. (പിന്നീട് മാറ്റിയെങ്കിലും.) 2002ലെ അക്രമത്തിലെ പ്രതികളെ തെരഞ്ഞുപിടിച്ച കൊല്ലുകയായിരുന്നില്ല 2003ല്‍ ഉണ്ടായത്. മറിച്ച് കടപ്പുറത്ത് കാറ്റുകൊള്ളാനിരുന്ന വയോധികനെ വരെ ഭീകരര്‍ വെട്ടിക്കൊന്നു. അവര്‍ക്കാവശ്യം മാറാട്ടെ പരമ്പരാഗത ഹിന്ദുമത്സ്യത്തൊഴിലാളികളായിരുന്നു. അവര്‍ ആര്‍എസ്എസ് കാരായിരിക്കണമെന്നുപോലും ഭീകരര്‍ക്ക് നിര്‍ബ്ബന്ധമുണ്ടായിരുന്നില്ല.

അക്രമികള്‍ മാറാട് കടപ്പുറത്തേക്ക് എത്തിയത് ഒറ്റപ്പെട്ടവരായല്ല. പള്ളിയും പള്ളിക്കമ്മിറ്റിയും ലീഗും എന്‍ഡിഎഫും ജമാഅത്തെ ഇസ്ലാമിയും ഇടതുംവലതും ഇകെയും എപിയും ഒരു പദ്ധതിയുടെ ഭാഗമായി വിവിധറോളുകള്‍ വഹിച്ചുകൊണ്ടാണ് അത് നടപ്പാക്കിയത്. സ്ഥലത്തെ പോലീസ് ഉദ്യോഗസ്ഥരെ മാറ്റിനിയമിച്ചും കടല്‍കോടതികള്‍ നീട്ടിവെപ്പിച്ചും മതസൗഹാര്‍ദ്ദറാലി നടത്തി ശാന്തമാണ് തീരം എന്ന് വരുത്തിത്തീര്‍ത്തും പ്രാദേശിക ഭരണകൂടം മുതല്‍ സംസ്ഥാന ഭരണംകൂടം വരെ അറിഞ്ഞും അറിയാതെയും ഈ പദ്ധതിയുടെ ഭാഗമായി. അതോടെ ഭീകരരുടെ വിജയകരമായ ഓപ്പറേഷനായി അത് മാറി.

യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ജമാഅത്തെ ഇസ്ലാമിയായിരിക്കും ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുകയെന്നും കേരളത്തില്‍ ഒന്നും രണ്ടുമല്ല പല മാറാടുകള്‍ ഉണ്ടാവുമെന്നുമുള്ള സിപിഎം നേതാവ് എ.കെ. ബാലന്റെ പ്രസ്താവന അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള സിപിഎമ്മിന്റെ അടവ് നയങ്ങളിലൊന്ന് മാത്രമാണ്. മാറാട് കൂട്ടക്കൊലയില്‍ ഇരയാക്കപ്പെട്ടവരോടുള്ള ഐക്യദാര്‍ഢ്യമോ, ഭീകരര്‍ക്കെതിരെയുള്ള നിലപാടോ, നാട്ടില്‍ സമാധാനം പുലരണമെന്ന നിഷ്‌കളങ്കമായ ആഗ്രഹമോ അതിന് പിന്നിലില്ല. കാരണം അന്ന് ജമാഅത്തെ ഇസ്ലാമിയുടെ ഹിഡണ്‍ അജണ്ട നടപ്പാക്കിയത് സിപിഎമ്മായിരുന്നു.

ജമാഅത്തെ ഇസ്ലാമിയെ ഇടത്തും കാന്തപുരം വിഭാഗത്തെ വലത്തും നിര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിട്ടവരാണ് ഇവര്‍. പൊടുന്നനെ ജമാഅത്ത് വിരോധമെന്ന പൊയ്വെടിപൊട്ടിച്ച് അവര്‍ കേരളീയരെ വിഡ്ഢികളാക്കാന്‍ ശ്രമിക്കുന്നു. ജമാഅത്തെ ഇസ്ലാമി സൃഷ്ടിച്ച ന്യൂനപക്ഷവര്‍ഗീയതയുടെ ആദ്യ വരിക്കാരാകാന്‍ മത്സരിച്ച ചരിത്രമാണ് സിപിഎമ്മിനുള്ളത്. കേവലമത് രാഷ്‌ട്രീയ സഖ്യത്തില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നതല്ല. ജമാഅത്തെ ഇസ്ലാമിയുടെ അടുക്കളയില്‍ വേവിച്ചെടുത്ത ഭീകരതയുടെ വിതരണക്കാരും പ്രായോജകരും പ്രൊപ്പഗന്റിസ്റ്റുകളുമായി സിപിഎം മാറി. കാളനാവാമെങ്കില്‍ കാളയുമാവാമെന്ന പ്രയോഗം സൃഷ്ടിച്ച അപരത്വം ജമാഅത്തെ ബുദ്ധിയില്‍ വിരിഞ്ഞ കമ്മ്യൂണിസ്റ്റ് കുതന്ത്രമായിരുന്നു.

അമീറിനൊപ്പം പാര്‍ട്ടി സെക്രട്ടറി വട്ടത്തിലിരുന്ന് ചര്‍ച്ച ചെയ്തത് വര്‍ഗരാഷ്‌ട്രീയത്തിന്റെ സാധ്യതകളായിരുന്നില്ല. വര്‍ഗീയതയുടെ അപകടകരമായ ബലസാധ്യതകളായിരുന്നു. മലപ്പുറത്തെ 23 പഞ്ചായത്തുകളിലും കോഴിക്കോട്ടെ പതിനൊന്ന് പഞ്ചായത്തുകളിലും ഒക്കച്ചങ്ങായിമാരായി മാറി ഭരണത്തിന്റെയും പ്രതിപക്ഷത്തിന്റെയും മധുരം നുണയുന്നതില്‍ ആ ചര്‍ച്ച എത്തിയിട്ടുണ്ട്. കെ.ടി. ജലീലിന്റെ പാര്‍ട്ടിപ്രവേശത്തിലും ന്യൂനപക്ഷത്തിന്റെ അതിജീവനസമരമാണ് തെരഞ്ഞെടുപ്പുകള്‍ എന്ന ഇരവാദത്തിന്റെ മൗദൂദി ശൈലി കടമെടുത്ത് പ്രസംഗിക്കുന്ന നവയുവമാര്‍ക്‌സിസ്റ്റുകളും ഉദയം ചെയ്തത് അമീര്‍ – സെക്രട്ടറി ചര്‍ച്ചയുടെ തുടര്‍ച്ചയായിട്ടാണ്. ജമാഅത്തെ ഇസ്ലാമിയുടെ ശൂറയും സിപിഎമ്മിന്റെ പോളിറ്റ് ബ്യൂറോയും സിഐഎയിലും 370-ാം വകുപ്പിലും എസ്‌ഐആറിലും തുടങ്ങി നിരവധി വിഷയങ്ങളില്‍ ഒരേ സ്വരത്തില്‍ പാടിത്തുടങ്ങിയതും യാദൃച്ഛികമായിരുന്നില്ല.

അധികാര രാഷ്ടീയത്തിന്റെ ഗുണഭോക്താക്കളാകാനുള്ള മത്സരത്തില്‍ കോണ്‍ഗ്രസ്സിനെ കവച്ചുവെയ്‌ക്കാനായിരുന്നു സിപിഎം ശ്രമിച്ചത്. ജമാഅത്തെ ഇസ്ലാമിയും പിഡിപിയും സുന്നിയും മുജാഹിദുമെല്ലാം ഇടതു രാഷ്‌ട്രീയത്തിന്റെ, ചുവപ്പ് ചേര്‍ത്താല്‍ സ്വീകാര്യരായിമാറുന്ന മധുരമനോജ്ഞ രാഷ്‌ട്രീയമാണ് സിപിഎം പ്രചരിപ്പിക്കാനാഗ്രഹിച്ചത്. ഒത്തുകൂടലുകളില്‍, ഒപ്പുചാര്‍ത്തലുകളില്‍ ഇടത്, ഇസ്ലാം ബുദ്ധിജീവികള്‍ ഒരേ ആശയത്തിന്റെ വക്താക്കളായി മാറി. ദേശാഭിമാനിയും മാധ്യമവും തലക്കെട്ടുമാറാതെ ഒരേ പത്രം പോലെ വായനക്കാരന് തോന്നിയതില്‍ അത്ഭുതപ്പെടാന്‍ ഒന്നുമുണ്ടായിരുന്നില്ല.

എ.കെ. ബാലന്‍ ചൂണ്ടിക്കാണിച്ച മാറാട് കൂട്ടക്കൊലക്കാലത്ത് ഇവര്‍ രണ്ടെന്ന് തോന്നിക്കുകപോലും ചെയ്യാത്ത ഒറ്റത്തടിയായിരുന്നു. മാറാട് കൂട്ടക്കൊലയ്‌ക്ക് പിന്നിലെ ഗൂഢാലോചനയും ബാഹ്യബന്ധവും സാമ്പത്തിക സ്രോതസ്സും കണ്ടെത്താന്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യത്തെ മറയില്ലാതെ എതിര്‍ക്കാന്‍ ഇവര്‍ ഒന്നിച്ചുനിന്നു. ജുഡീഷ്യല്‍ കമ്മീഷനു മുമ്പാകെ പതിനഞ്ചാം സാക്ഷിയെയും അഞ്ചാം സാക്ഷിയെയും, പന്ത്രണ്ടാം സാക്ഷിയെയും തിരിച്ചറിയാനാവാതെ കുഴങ്ങി. പതിനഞ്ചാം സാക്ഷി സാക്ഷാല്‍ സഖാവ് പിണറായിയും പന്ത്രണ്ടാം സാക്ഷി പി.കെ. കുഞ്ഞാലിക്കുട്ടിയും അഞ്ചാം സാക്ഷി എന്‍ഡിഎഫ് നേതാവ് ഇ. അബൂബക്കറുമായിരുന്നു. പുറത്തുള്ള ജമാഅത്തെ ഇസ്ലാമിയയുടെ അകത്തെ വക്താക്കളായിരുന്നു ഇവരെല്ലാം. 2004 ജൂലൈ 16ന് മാറാട് ജുഡീഷ്യല്‍ കമ്മിഷന്‍ മുമ്പാകെ വിസ്തരിക്കപ്പെട്ട പിണറായി വിജയന്‍ പറഞ്ഞത് ഇ്ങനെയാണ്: ‘ഇക്കാര്യത്തില്‍ (സിബിഐ അന്വേഷണം) വളരെ വ്യക്തമായ നിലപാട് സിപിഎമ്മിന് നേരത്തെ തന്നെയുണ്ട്. അത് സിബിഐ അന്വേഷണം വേണ്ടായെന്നാണ്. ഇവിടെ സിബിഐ അന്വേഷണം ആര്‍എസ്എസ്, ബിജെപി എന്നിവരൊക്കെ ആവശ്യപ്പെട്ടത് ബിജെപിയുടെ സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ ഇരിക്കുന്നതിനാലാണ്. ക്രമസമാധാനം ഒരു സംസ്ഥാന വിഷയമാണ്. സംസ്ഥാനത്തെ പോലീസാണ് ഇത് സംബന്ധിച്ച് അന്വേഷിക്കേണ്ടത്. ആ ഉത്തരവാദിത്തം സിബിഐയെ ഏല്‍പ്പിക്കുന്നതിനോട് സിപിഎമ്മിന് യോജിപ്പില്ല. കേന്ദ്രഗവണ്‍മെന്റ് കൈയിലുള്ളതിനാല്‍ സിബിഐയെ ദുരുപയോഗപ്പെടുത്താമെന്ന ധാരണയിലാണ് സംഘപരിവാര്‍ സിബിഐ അന്വേഷണമെന്ന ആവശ്യം ഉന്നയിച്ചത്.’

ഉറ്റവര്‍ കൊല്ലപ്പെട്ട ദുഃഖം കടിച്ചമര്‍ത്തി, ഭരണകൂടവും നീതിന്യായ വ്യവസ്ഥയും തങ്ങള്‍ക്ക് നീതി നല്‍കുമെന്ന പ്രതീക്ഷയില്‍, പ്രതികാരചിന്തയുള്ളവരെപോലും സമാധാനിപ്പിച്ച്, സിബിഐ അന്വേഷണം ആവശ്യപ്പെട്ട മാറാട്ടെ പാവപ്പെട്ട ഹിന്ദുമത്സ്യെത്താഴിലാളികളെയാണ് ജമാഅത്തെ ഇസ്ലാമിയുടെ തിരക്കഥയില്‍ സിപിഎം അന്ന് വഞ്ചിച്ചത്. എന്‍ഡിഎഫ് സുപ്രീം കൗണ്‍സില്‍ നേതാവായ ഇ. അബൂബക്കര്‍ ജുഡീഷ്യല്‍ കമ്മീഷനു മുമ്പാകെ നല്‍കിയ മൊഴിയും വാക്കുകളില്‍ മാത്രമാണ് വ്യത്യസ്തമായത്. ഒരേ ആശയവും ഒരേ വാദഗതിയുമായിരുന്നു ഇവര്‍ക്കെല്ലാവര്‍ക്കും. മാറാട് സമാധാനശ്രമങ്ങള്‍ക്ക് ആദ്യം മുന്‍കൈയെടുത്ത കാലിക്കറ്റ് പ്രസ് ക്ലബിന്റെ അന്നത്തെ പ്രസിഡന്റ് എന്‍.പി. രാജേന്ദ്രന്‍, കമ്മീഷന് നല്‍കിയ മൊഴികളില്‍ പി.കെ. കുഞ്ഞാലിക്കുട്ടിയുടെ നിലപാട് വ്യക്തമാണ്. ‘സിബിഐ അന്വേഷണം ഒഴിവാക്കുകയെന്ന മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ സിംഗിള്‍ പോയിന്റ് അജണ്ടയാണ് അവസാനം ജയിച്ചത്. കുഞ്ഞാലിക്കുട്ടി പറഞ്ഞത്, ‘മുസ്ലിം ലീഗിന്റെ നിലപാട് നിങ്ങള്‍ക്ക് ബോധ്യമായിട്ടുണ്ടാകുമല്ലോ. സിബിഐ അന്വേഷണം നടത്താന്‍ കഴിയില്ല. എന്നാണ് കുഞ്ഞാലിക്കുട്ടി അപ്പോള്‍ ഞങ്ങളോട് പറഞ്ഞത്.’

ഇന്ന് ജമാഅത്തെ ഇസ്ലാമിയെ തള്ളിപ്പറയുന്ന എ.കെ. ബാലന്റെ പാര്‍ട്ടി സിപിഎമ്മിന് മാറാട്ടെ ഹിന്ദുസമൂഹത്തെ വഞ്ചിച്ചതില്‍ നിന്ന് കൈകഴുകാനാകില്ല. ജമാഅത്തെ ഇസ്ലാമിയയുടെ നാവും നിലപാടുമായിരുന്നു മാറാട് സംഭവത്തില്‍ സിപിഎമ്മിന് ഉണ്ടായിരുന്നത്. ഭീകരര്‍ക്കൊപ്പവും ഭീകരതയ്‌ക്കൊപ്പവും സഞ്ചരിച്ച ചരിത്രമാണ് സിപിഎമ്മിനുള്ളത്.

By admin