
മൂന്നാഴ്ചക്കാലം വിവിധ രാഷ്‌ട്രീയ പാര്‍ട്ടികളും മുന്നണികളും നടത്തിയ പ്രചാരണത്തിനൊടുവില്‍, പരിഷ്‌കരിച്ച വോട്ടര്‍ പട്ടികയനുസരിച്ച് കേരളത്തിലെ രണ്ടേ മുക്കാല്‍ കോടി വോട്ടര്‍മാര്‍ ഇന്ന് പോളിങ് ബൂത്തുകളിലെത്തി വോട്ടു രേഖപ്പെടുത്തുകയാണ്. വളരെ നിര്‍ണായകമായ ഒരു നിയമസഭാ തെരഞ്ഞെടുപ്പാണിത്. സാങ്കേതികമായി നോക്കുമ്പോള്‍ അടുത്ത അഞ്ചുവര്‍ഷം കേരളം ആരു ഭരിക്കണം എന്നു തീരുമാനിക്കാന്‍ ജനങ്ങള്‍ക്ക് ലഭിക്കുന്ന അവസരമാണിത്. എന്നാല്‍ ഇതിനുമപ്പുറം ഈ തെരഞ്ഞെടുപ്പിന് നിര്‍ണായകമായ മറ്റൊരു പ്രാധാന്യമുണ്ട്. അത് കേരളം ആര് ഭരിക്കണം എന്നതിലല്ല, ഇവിടെ എന്ത് മാറ്റം വരണം എന്നതിലാണ്. ഇക്കാര്യത്തില്‍ ഒരു തീരുമാനം എടുത്ത ശേഷം വേണം ഓരോ വോട്ടര്‍മാരും ഇക്കുറി പോളിങ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്താന്‍.
മുഖ്യമായും മൂന്നു മുന്നണികളാണ് തങ്ങള്‍ക്ക് അനുകൂലമായ ജനവിധിക്കു വേണ്ടി തെരഞ്ഞെടുപ്പിനെ നേരിടുന്നത്. സിപിഎം നേതൃത്വം നല്‍കുന്ന എല്‍ഡിഎഫും, കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യുഡിഎഫും, കേന്ദ്രഭരണത്തിന് നേതൃത്വം നല്‍കുന്ന ബിജെപി നയിക്കുന്ന എന്‍ഡിഎയും. ഇതില്‍ എല്‍ഡിഎഫും യുഡിഎഫും പതിറ്റാണ്ടുകളായി കേരളം മാറിമാറി ഭരിക്കുന്നവരാണ്. ഇന്നത്തെ കേരളം നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് ഇവര്‍ രണ്ടുപേരുമാണ് ഉത്തരവാദികള്‍. കേരളത്തിലെ വികസനമില്ലായ്‌മയും അഴിമതിയും തൊഴിലില്ലായ്‌മയും സുജനപക്ഷപാതവും പരിസ്ഥിതി നാശവും വര്‍ഗീയ പ്രീണനവും ഭീകരവാദവും എല്‍ഡിഎഫ്- യുഡിഎഫ് സര്‍ക്കാരുകളുടെ സൃഷ്ടികളാണ്. കേരളത്തിലെ ആരോഗ്യ മേഖലയിലും വിദ്യാഭ്യാസ രംഗത്തും വ്യവസായ മേഖലയിലും ഇന്നു കാണുന്ന തകര്‍ച്ച ആറ് പതിറ്റാണ്ടിലേറെക്കാലത്തെ എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും ദുര്‍ഭരണത്തിന്റെ ഫലമാണ്.
പതിവുപോലെ എല്‍ഡിഎഫും യുഡിഎഫും ഇക്കുറിയും പുറത്തിറക്കിയിട്ടുള്ള പ്രകടന പത്രികകള്‍ ജനങ്ങളെ കബളിപ്പിക്കാന്‍ മാത്രമുള്ളതാണ്. രണ്ടു കൂട്ടരും പറയുന്ന വാഗ്ദാനങ്ങള്‍ നടപ്പാക്കാന്‍ വേണ്ടുവോളം സമയം ലഭിച്ചതാണ്. വാഗ്ദാനങ്ങള്‍ പാലിക്കുമെന്ന് പ്രതീക്ഷിച്ചാണ് ജനങ്ങള്‍ ഇവരെ മാറിമാറി അധികാരത്തിലേറ്റിയത്. എന്നാല്‍ പരസ്പര ധാരണയോടെ ഇക്കൂട്ടര്‍ ജനങ്ങളെ വഞ്ചിക്കുകയാണ് ചെയ്തത്. ജനങ്ങളെ കബളിപ്പിക്കുന്നതും വഞ്ചിക്കുന്നതും സിപിഎമ്മിനും കോണ്‍ഗ്രസിനും ഇവര്‍ നേതൃത്വം നല്‍കുന്ന മുന്നണികള്‍ക്കും ഒരു ശീലമായി മാറിയിരിക്കുന്നു. ജാള്യത എന്നൊരു വികാരം ഇവര്‍ക്കില്ല. അതുകൊണ്ട് നടപ്പാക്കില്ലെന്ന് ഉറപ്പുള്ള കാര്യങ്ങള്‍ പറഞ്ഞ് അധികാരം നേടാന്‍ ശ്രമിക്കുകയാണ്. ഈ വഞ്ചന തിരിച്ചറിയാനുള്ള ഉത്തരവാദിത്വം വോട്ടര്‍മാര്‍ കാണിക്കണം.
ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ നല്‍കുന്ന വാഗ്ദാനങ്ങള്‍ മാത്രമാണ് വോട്ടര്‍മാര്‍ ഗൗരവത്തില്‍ എടുക്കേണ്ടത്. പറയുന്നത് നടപ്പാക്കുമെന്ന് പ്രതീക്ഷിക്കാവുന്ന ഒരേയൊരു മുന്നണി എന്‍ഡിഎ ആണ്. കേന്ദ്രം ഭരിക്കുന്ന നരേന്ദ്രമോദി സര്‍ക്കാരിന്റെ പരിപൂര്‍ണ്ണ പിന്തുണയും ഇതിന് എന്‍ഡിഎയ്‌ക്കുണ്ട്. കേരളത്തില്‍ അധികാരം ലഭിക്കാതിരുന്നിട്ടുപോലും നിരവധി കാര്യങ്ങള്‍ ജനങ്ങള്‍ക്കു വേണ്ടി മോദി സര്‍ക്കാര്‍ ചെയ്തിട്ടുണ്ട്. കോണ്‍ഗ്രസ് ഒറ്റയ്‌ക്കും ഇടതു പാര്‍ട്ടികളുടെ പിന്തുണയോടും കേന്ദ്രം ഭരിച്ച കാലങ്ങളില്‍ കേരളത്തിന് ലഭിച്ച നേട്ടങ്ങള്‍ തുച്ഛമായിരുന്നു. വികസനത്തിന്റെയും ജനക്ഷേമത്തിന്റെയും കാര്യത്തില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ കേരളത്തിന് നല്‍കിയ സഹായവും പിന്തുണയും വളരെ വലുതാണ്. ബിജെപിയുടെ രാഷ്‌ട്രീയ എതിരാളികള്‍ പോലും ഇക്കാര്യം സമ്മതിക്കും.
കേരളത്തിന്റെ വികസനവും പുരോഗതിയും സമാധാനവും ആഗ്രഹിക്കുന്ന ജനങ്ങള്‍ ഇക്കുറി എന്‍ഡിഎയ്‌ക്ക് വോട്ടുനല്‍കണം. അത് പാഴായി പോകില്ലെന്ന് അവര്‍ക്ക് ഉറപ്പിക്കാം. കേരളത്തിന് ഒരു മാറ്റം സംഭവിക്കണമെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്വം നല്‍കുന്ന കേന്ദ്രസര്‍ക്കാരിനൊപ്പം സഞ്ചരിക്കണം. അഴിമതിയും സ്വജനപക്ഷപാതവും ഇല്ലാത്ത, വികസനവും ജനക്ഷേമവും ഉറപ്പുവരുത്തുന്ന ഒരു ഡബിള്‍ എഞ്ചിന്‍ സര്‍ക്കാര്‍ കേരളത്തില്‍ വരണമെങ്കില്‍ വോട്ടുനല്‍കേണ്ടത് എന്‍ഡിഎക്കാണ്. എല്‍ഡിഎഫോ യുഡിഎഫോ അധികാരത്തിലെത്തിയാല്‍ അത് ഒരിക്കല്‍ കൂടി അഴിമതിക്കും വര്‍ഗീയ പ്രീണനത്തിനും അവസരം നല്‍കലായിരിക്കുമെന്ന് തിരിച്ചറിയാനുള്ള വിവേകം ജനങ്ങള്‍ കാണിക്കണം. ഇടത്- വലത് മുന്നണികളുടെ ഇതുവരെയുള്ള ദുര്‍ഭരണത്തില്‍ നിന്ന് കേരളത്തെ മോചിപ്പിക്കാന്‍ ഈ നിയമസഭാ തെരഞ്ഞെടുപ്പിലൂടെ കഴിയണം. അതിനുവേണ്ടിയാവണം വിലയേറിയ സമ്മതിദാനാവകാശം വിനിയോഗിക്കേണ്ടത്.