
മാലി: പശ്ചിമാഫ്രിക്കൻ രാജ്യമായ മാലിയിൽ അഞ്ച് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയി. തോക്കുധാരികളാണ് ഇന്ത്യക്കാരെ ബലമായി കടത്തിക്കൊണ്ടുപോയതെന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. എന്നാൽ, ജീവനക്കാരുടെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. അല്‍ഖ്വയ്ദ– ഐസിസ് ബന്ധമുള്ള സംഘടനകളാണിത് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.
ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ മാലിയിലെ കോബ്രിക്ക് സമീപം വ്യാഴാഴ്ചയാണു സംഭവം. വൈദ്യുതി പദ്ധതികളിൽ പ്രവർത്തിക്കുന്ന കമ്പനിയിലെ ജീവനക്കാരെ തോക്കുധാരികളായ ഒരുസംഘം ഭീകരർ തട്ടിക്കൊണ്ടുപോകുകയായിരുന്നു. സംഭവത്തെത്തുടർന്ന് കമ്പനിയിൽ ജോലി ചെയ്യുന്ന മറ്റ് ഇന്ത്യക്കാരെ തലസ്ഥാനമായ ബമാകോയിലേക്ക് മാറ്റി. അതേസമയം, ഇതുവരെ ഒരു സംഘടനയും സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല.
നിലവിൽ സൈനിക ഭരണകൂടത്തിന്റെ കീഴിലാണ് മാലി. ഇസ്ലാമിക് സ്റ്റേറ്റ്, അൽ-ഖ്വയ്ദ തുടങ്ങിയ ഭീകരസംഘടനകളും ഇവരുമായി ബന്ധമുള്ള ക്രിമിനൽ ഗ്രൂപ്പുകളും രാജ്യത്തു കനത്ത വെല്ലുവിളിയാണു സൃഷ്ടിക്കുന്നത്. തുടർച്ചയായ അക്രമങ്ങളും സംഘർഷങ്ങളും മൂലം ദരിദ്രരാജ്യമായ മാലിയിൽ ഇപ്പോൾ വൻപ്രതിസന്ധിയാണുള്ളത്.
2012 മുതൽ അട്ടിമറികളും സംഘർഷങ്ങളും നിറഞ്ഞ രാജ്യത്ത് വിദേശികളെ ലക്ഷ്യമിട്ടുള്ള തട്ടിക്കൊണ്ടുപോകലുകൾ സാധാരണമാണ്. സെപ്റ്റംബറിൽ ബമാകോയ്ക്ക് സമീപം രണ്ട് എമിറാത്തി പൗരന്മാരെയും ഒരു ഇറാനിയനെയും ജിഹാദികൾ തട്ടിക്കൊണ്ടുപോയിരുന്നു. പിന്നീട്, 50 മില്യൺ ഡോളർ നൽകിയാണ് ഇവരെ മോചിപ്പിച്ചത്. ജനുവരിയില്‍ തട്ടിക്കൊണ്ടു പോയ മൊറോക്കന്‍ ട്രക്ക് ഡ്രൈവര്‍മാരെ വന്‍തുക മോചനദ്രവ്യമായി ഈടാക്കിയ ശേഷം ഓഗസ്റ്റിലാണ് ഐഎസ് സംഘം വിട്ടയച്ചത്.