
എല്ലാ കാലത്തും സിനിമ അഭിലാഷ് പിള്ളയുടെ മനസിലുണ്ടായിരുന്നു. അതിനാലാണ് മകളുടെ ജനനശേഷം ഇൻഫോപാർക്കിലെ ജോലി രാജി വെച്ച് സിനിമയ്‌ക്ക് പിന്നാലെ ഇറങ്ങി തിരിച്ചത്. ഇതിനോടകം സംവിധാനം, തിരക്കഥ രചന എന്നിവയിൽ എല്ലാം കഴിവ് തെളിയിച്ച് കഴിഞ്ഞു. ഉണ്ണി മുകുന്ദൻ നായകനായ മാളികപ്പുറം സിനിമയുടെ വിജയത്തിനുശേഷമാണ് അഭിലാഷ് പിള്ള എന്ന സംവിധായകനെ സിനിമാപ്രേമികൾ കൂടുതലായും അറിഞ്ഞ് തുടങ്ങിയത്. ഇപ്പോഴിതാ മാളികപ്പുറത്തിന്റെ റിലീസിനുശേഷം ഉണ്ടായ രസകരമായ ഒരു അനുഭവം പങ്കുവെക്കുകയാണ് അഭിലാഷ് പിള്ള. മുൻ കാമുകി വർഷങ്ങൾക്കുശേഷം തന്നെ ഫോൺ വിളിച്ച അനുഭവമാണ് സംവിധായകൻ പങ്കുവെച്ചത്. കോളേജിൽ പഠിച്ചിരുന്ന സമയത്ത് ഒരാളെ വളരെ സീരിയസായി ഇഷ്ടപ്പെട്ടിരുന്നു. അയാളും തിരിച്ച് അതേപോലെ തന്നെ ആ ഇഷ്ടം മുന്നോട്ട് കൊണ്ടുപോയിരുന്നുവെങ്കിൽ ഞാൻ ആ കുട്ടിയെ വിവാഹം കഴിച്ചേനെ. പക്ഷെ ഒരു സമയത്ത്… തേപ്പെന്ന് ഒന്നും ഞാൻ പറയുന്നില്ല
ഓരോരുത്തരുടെ മാനസീകാവസ്ഥയാണ്. ചിലപ്പോൾ അവർക്ക് അത് വർക്കാകാത്തതുകൊണ്ടാകും പ്രണയം തകർന്നു. അതിന്റെ കോമഡി എന്താണെന്ന് വെച്ചാൽ ആ ദേഷ്യത്തിന് ഞാൻ ആ പെൺകുട്ടിയുടെ റൂംമേറ്റിനെ തന്നെ പ്രണയിച്ച് ഞാൻ കല്യാണം കഴിച്ചു. ആറ് വർഷത്തോളം പ്രണയിച്ച ശേഷമാണ് കല്യാണം കഴിച്ചത്. വേറൊരു രസകരമായ സംഭവവുമുണ്ടായി. മാളികപ്പുറം സിനിമ ഞാൻ ചെയ്ത് കഴിഞ്ഞപ്പോൾ ആ പെൺകുട്ടി എനിക്ക് മെസേജ് അയച്ചു. വേറൊരു സ്ഥലത്താണിപ്പോൾ ഇന്ത‍്യയിലില്ല. എന്റെ നമ്പർ ആ കുട്ടി വാങ്ങി വിളിച്ചു. മാളികപ്പുറം കണ്ടുവെന്നും വളരെ നന്നായിട്ടുണ്ടെന്നും ഭയങ്കര അടിപൊളി സിനിമാക്കാരനായല്ലേ എന്നുമൊക്കെ പറഞ്ഞു. ശേഷം അടുത്ത പടത്തിൽ അഭിനയിക്കാൻ ഒരു വേഷം തരുമോയെന്ന് ചോദിച്ചു. അപ്പോൾ ഞാൻ പറഞ്ഞു എന്റെ ജീവിതത്തിൽ ഞാൻ ഒരു വേഷം മാറ്റിവെച്ചിട്ടുണ്ടായിരുന്നു അതിപ്പോൾ നന്നായിട്ട് എന്റെ വീട്ടിലൊരാൾ ചെയ്യുന്നുണ്ടെന്ന് ഞാൻ പറഞ്ഞു. എന്റെ മറുപടി കേട്ടതും അവൾ വേഗം കോൾ കട്ട് ചെയ്ത് പോയി.