• Wed. Nov 6th, 2024

24×7 Live News

Apdin News

‘മാവേലി’യില്‍ കച്ചവടം കുറഞ്ഞു; തൊഴിലാളികള്‍ പ്രതിസന്ധിയില്‍; അവശ്യസാധനങ്ങള്‍ക്ക് കടുത്ത ക്ഷാമം

Byadmin

Nov 4, 2024



പൂച്ചാക്കല്‍: ആവശ്യ സാധനങ്ങളുടെ ലഭ്യതക്കുറവ് കാരണം സപ്ലൈക്കോ മാവേലിയില്‍ കച്ചവടം കുറഞ്ഞതോടെ നൂറ് കണക്കിന് ദിവസവേതനക്കാര്‍ പ്രതിസന്ധിയിലായി. മാവേലി സ്റ്റോറുകളിലും, മാവേലി സൂപ്പര്‍ മാര്‍ക്കറ്റുകളിലും വിറ്റുവരവിന്റെ അടിസ്ഥാനത്തില്‍, ഓരോ സ്റ്റോറിലും രണ്ട് മുതല്‍ നാല് ദിവസ വേതനക്കാരാണുള്ളത്. ഇവരില്‍ പലരും പത്തു മുതല്‍ ഇരുപത് വര്‍ഷം വരെ ജോലി ചെയ്തു വരുന്നവരാണ്.

രണ്ടു വര്‍ഷമായി, സപ്ലൈക്കോ മാവേലിയിലും സൂപ്പര്‍ മാര്‍ക്കറ്റുകളിലും സബ്‌സിഡി ഇനങ്ങള്‍ ലഭ്യമല്ലാതിരുന്നത് കൊണ്ട് സാധാരണക്കാര്‍ എത്താതെയായി. ജൂബിലി വര്‍ഷം പ്രമാണിച്ച് സാധനങ്ങള്‍ക്ക് പ്രത്യേക കിഴിവ് നല്‍കിയിട്ടും ജനങ്ങളില്‍ നിന്നും തണുത്ത പ്രതികരണമാണുണ്ടായത്. ഓരോ ഔട്ട്‌ലെറ്റിനും നിശ്ചിയിച്ചിട്ടുള്ള വില്‍പ്പന തോത് ലക്ഷ്യം കണ്ടില്ലെങ്കില്‍ ദിവസ വേതനക്കാരുടെ വരുമാനമാണ് കുറക്കുന്നത്. ഇരുപത് ലക്ഷം രൂപ പ്രതിമാസം വിറ്റുവരവുണ്ടായിരുന്ന ഒരു ഔട്ട്‌ലെറ്റില്‍ ഇപ്പോള്‍ വില്‍പ്പന നടക്കുന്നത് ആറ് ലക്ഷം രൂപയാണ്. സബ്‌സിഡി ഇനങ്ങള്‍ക്ക് വില വര്‍ദ്ധിപ്പിച്ചതും, ഉള്ളത് ഗുണ നിലവാരം കുറഞ്ഞ സാധനങ്ങളായതും, ആവശ്യത്തിനുള്ള സാധനങ്ങളുടെ ലഭ്യതക്കുറവും മാവേലി സ്റ്റോറുകളില്‍ നിന്ന് ഉപഭോക്താക്കളെ അകറ്റി എന്നത് വസ്തുതയാണ്.

ഓരോ ടൗണുകളിലും വ്യക്തികളും സ്ഥാപനങ്ങളും പുതിയ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ തുടങ്ങുമ്പോള്‍, സര്‍ക്കാരിന്റെ മാവേലി ക്ഷയിച്ചു വരുന്നതാണ് കാണുന്നത്. ഇരുപത് ലക്ഷത്തിന് മുകളില്‍ പ്രതിമാസ വിറ്റുവരവ് ഉണ്ടായിരുന്ന ഒരു ഔട്ട്‌ലെറ്റില്‍ മൂന്ന് ദിവസവേതനക്കാര്‍ ജോലി ചെയ്തിരുന്നു. ഏകദേശം പതിനാലായിരു രൂപ പ്രതിമാസം വേതനം കിട്ടിയിരുന്നതാണ്. ഇപ്പോള്‍ ആറ് ലക്ഷം രൂപയാണ് പ്രതിമാസ വിറ്റുവരവ്. അതുകൊണ്ട് ഒരാള്‍ക്ക് പത്ത് ദിവസം മാത്രമാണ് വീതമാണ് ജോലി നല്‍കുന്നത്.

അത് കൊണ്ട് അവരുടെ വരുമാനം നാലായിരം രൂപയായി ചുരുങ്ങി. രാവിലെ പത്ത് മുതല്‍ രാത്രി എട്ടു വരെയാണ് ഇവരുടെ ജോലി സമയം. രാത്രി ഔട്ട്‌ലെറ്റ് പൂട്ടി പുറത്തിറങ്ങുമ്പോള്‍ ഏട്ടരയാകും. നല്ല പ്രായത്തില്‍ സപ്ലൈക്കോയില്‍ ജോലിക്കെത്തി ഇവിടെ ജീവിതം ഹോമിച്ചവര്‍ക്ക് ഇനിയെന്ത് ചെയ്യുമെന്ന വലിയ ആശങ്കയാണ് ബാക്കിയാകുന്നത്.

 

By admin