
ഇരിട്ടി: അറസ്റ്റിലായ മാവോയിസ്റ്റ് നേതാവ് സുന്ദരിയെ ആന്റി നക്സല്‍ സേന തലശേരി കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങി ആറളത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. 2016ല്‍ സുന്ദരിയുടെ നേതൃത്വത്തില്‍ അഞ്ചംഗ മാവോയിസ്റ്റ് സംഘം ആറളം പഞ്ചായത്തിലെ വിയറ്റ്നാമില്‍ രജനിയുടെ വീട്ടിലെത്തി തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി അരിയും സാധനങ്ങളും വാങ്ങി പോവുകയും ലഘുലേഖകള്‍ വിതരണം ചെയ്യുകയും ചെയ്ത കേസിലാണ് തെളിവെടുപ്പിന് എത്തിച്ചത്.
ആറളം പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ആദ്യ മാവോവാദി കേസായിരുന്നു ഇത്. കര്‍ണാടക സര്‍ക്കാര്‍ പ്രഖ്യാപിച്ച കിഴടങ്ങല്‍ പാക്കേജ് പ്രകാരം ബെംഗളൂരുവില്‍ കീഴടങ്ങിയ മാവോവാദി സംഘത്തില്‍ ഉള്‍പ്പെട്ടതായിരുന്നു സുന്ദരി.
വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന സുന്ദരിക്ക് ആറളം, തിരുനെല്ലി, പോലീസ് സ്റ്റേഷനുകളില്‍ നിരവധി കേസുണ്ട്. ഇരിട്ടി ഡിവൈഎസ്പി ധനഞ്ജയ ബാബുവിന്റെ നേതൃത്വത്തില്‍ കനത്ത സുരക്ഷയിലാണ് തെളിവെടുപ്പിനെത്തിച്ചത്. തെളിവെടുപ്പിന് ശേഷം ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ മെഡിക്കല്‍ പരിശോധന പൂര്‍ത്തിയാക്കി തലശേരി കോടതിയില്‍ ഹാജരാക്കി.