ഛത്തീസ്ഗഡില്‍ ബിജാപ്പൂര്‍ ജില്ലയിലെ ഉള്‍വനത്തില്‍ സുരക്ഷാസേന 31 മാവോയിസ്റ്റുകളെ ഏറ്റുമുട്ടലില്‍ വധിച്ചത് നിര്‍ണായക വിജയമാണ്. ഇന്ദ്രാവതി നാഷണല്‍ പാര്‍ക്കിന്റെ ഭാഗമായ ഉള്‍വനത്തിലാണ് സിആര്‍പിഎഫും ഛത്തീസ്ഗഡ് പോലീസിലെ സ്പെഷ്യല്‍ സ്‌ക്വാഡും ചേര്‍ന്ന് അവരെ നേരിട്ടത്. ഇവിടങ്ങളില്‍ മാവോയിസ്റ്റുകള്‍ ഒളിച്ചുകഴിയുന്നുണ്ടെന്ന് വിവരം ലഭിച്ചതിനെത്തുടര്‍ന്ന് തെരച്ചില്‍ നടത്തുമ്പോള്‍ സുരക്ഷാഭടന്മാര്‍ക്കെതിരെ പുലര്‍ച്ചെ അവര്‍ വെടിയുതിര്‍ക്കുകയായിരുന്നു. സുരക്ഷാസേനയുടെ തിരിച്ചടിയിലാണ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടത്. എ.കെ. 47 തോക്കുകളും സ്‌ഫോടക വസ്തുക്കളുമടക്കം വന്‍തോതിലുള്ള ആയുധശേഖരം പിടിച്ചെടുക്കുകയുണ്ടായി. രണ്ട് സുരക്ഷാഭടന്മാര്‍ വീരമൃത്യു വരിച്ചു. ഇക്കഴിഞ്ഞ ജനുവരിയില്‍ ബിജാപ്പൂര്‍ ജില്ലയില്‍ത്തന്നെ എട്ട് മാവോയിസ്റ്റുകളെ ഏറ്റുമുട്ടലില്‍ വധിച്ചിരുന്നു. ഈ വര്‍ഷം വിവിധ ഏറ്റുമുട്ടലുകളില്‍ 81 മാവോയിസ്റ്റുകളും കൊല്ലപ്പെട്ടു. കഴിഞ്ഞവര്‍ഷം 216 മാവോയിസ്റ്റുകളെയാണ് വധിച്ചത്. 2026 മാര്‍ച്ച് മാസത്തോടെ രാജ്യത്തുനിന്ന് മാവോയിസ്റ്റുകളെ തുടച്ചുനീക്കുമെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ പ്രതികരിച്ചത്.
കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ കേന്ദ്രത്തിലെ യുപിഎ ഭരണകാലത്ത് രാജ്യവ്യാപകമായിത്തന്നെ മാവോയിസ്റ്റ് ഭീകരവാദം തഴച്ചുവളരുകയുണ്ടായി. ഇതിനെ അടിച്ചമര്‍ത്തുന്നതിനു പകരം അന്ന് ചില കേന്ദ്രമന്ത്രിമാര്‍തന്നെ മാവോയിസ്റ്റ് അനുകൂല നിലപാടെടുത്തു. സോണിയ നേതൃത്വം നല്‍കിയ സൂപ്പര്‍ ക്യാബിനറ്റായ ദേശീയ ഉപദേശക സമിതിയിലെ പലരും മാവോയിസ്റ്റ് അനുഭാവികളായിരുന്നു. അറസ്റ്റിലായ മാവോയിസ്റ്റുകള്‍ക്ക് ഇളവ് നല്‍കണമെന്ന മട്ടില്‍ കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് എഴുതിയ കത്ത് പുറത്തുവന്നത് വലിയ വിവാദമായിരുന്നു. മഹാരാഷ്‌ട്രയിലെ ഗഡ്ചിരോളിയില്‍ പിടിയിലായ മാവോയിസ്റ്റുകളെയാണ് ജയറാം രമേശ് അനുകൂലിച്ചത്. ഒരു ഇടവേളയ്‌ക്കുശേഷം മഹാരാഷ്‌ട്രയില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ മാവോയിസ്റ്റുകളുടെ താവളമായ ഗഡ്ചിരോളിയിലേക്ക് ബസ് സര്‍വീസ് തുടങ്ങുകയുണ്ടായി. തലയ്‌ക്ക് ലക്ഷങ്ങള്‍ വിലയിട്ട മാവോയിസ്റ്റുകള്‍ പലരും ആയുധംവച്ച് കീഴടങ്ങുകയും ചെയ്തു. ഛത്തീസ്ഗഡില്‍ 2023 ല്‍ മുഖ്യമന്ത്രി വിഷ്ണുദേവ് സായിയുടെ നേതൃത്വത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ തിരിച്ചെത്തിയതോടെയാണ് മാവോയിസ്റ്റുകള്‍ക്കെതിരായ നടപടികള്‍ ശക്തമാക്കിയത്. അവരുടെ നീക്കങ്ങള്‍ മനസ്സിലാക്കുക മാത്രമല്ല, അവരെ പിന്തുടര്‍ന്ന് വധിക്കുന്നതിനും സുരക്ഷാസേനകള്‍ തയ്യാറായി. പോലീസ് സ്‌ക്വാഡുകള്‍ സത്വര നടപടി സ്വീകരിച്ചത് മാവോയിസ്റ്റ് വിരുദ്ധ വേട്ടയ്‌ക്ക് ആക്കം കൂട്ടി.
മനുഷ്യസ്‌നേഹത്തിന്റെ മുഖംമൂടിയണിഞ്ഞ് രാജ്യത്ത് വിധ്വംസക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും, നിരപരാധികളെ കൊന്നൊടുക്കുകയും ചെയ്യുന്നവരാണ് മാവോയിസ്റ്റുകള്‍. അസംഘടിത- അധ:സ്ഥിത ജനവിഭാഗങ്ങളുടെ രക്ഷകരായി പ്രത്യക്ഷപ്പെടുന്ന ഇക്കൂട്ടര്‍ ചൈന പോലുള്ള ശത്രുരാജ്യങ്ങളില്‍നിന്ന് ആയുധവും പണവും സ്വീകരിച്ചാണ് അക്രമങ്ങള്‍ നടത്തുന്നത്. പല സ്ഥലങ്ങളിലും സമാന്തര ഭരണം സ്ഥാപിച്ചിരുന്ന മാവോയിസ്റ്റുകളെ വലിയൊരു ശതമാനത്തോളം തുരത്താന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം കഴിഞ്ഞു. ജനങ്ങളില്‍ ബഹുഭൂരിപക്ഷത്തിനും വികസനത്തിന്റെ ഫലങ്ങള്‍ ലഭിക്കുന്നില്ല എന്നു പരാതിപ്പെടുന്നവരാണ് മാവോയിസ്റ്റുകള്‍. എന്നാല്‍ അരികുവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളിലേക്ക് വികസനമെത്താന്‍ ഒരു വിധത്തിലും ഇവര്‍ അനുവദിക്കില്ല എന്നതാണ് വിരോധാഭാസം. റോഡുകളും പാലങ്ങളുമൊക്കെ തകര്‍ത്ത് വനവാസി ജനവിഭാഗങ്ങളെ ബന്ദികളെപ്പോലെയാക്കി ഇടതു ഭീകരവാഴ്ച അടിച്ചേല്‍പ്പിക്കുകയാണിവര്‍. അയല്‍രാജ്യമായ നേപ്പാളില്‍ മാവോയിസ്റ്റുകള്‍ അധികാരത്തില്‍ വന്നതോടെ ഭാരതത്തില്‍ ഇടതു ഭീകരത ശക്തിപ്പെടുകയുണ്ടായി. 2014 ല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷമാണ് മാവോയിസ്റ്റുകള്‍ക്കെതിരെ രാജ്യമെമ്പാടും ശക്തമായ നടപടികളെടുക്കാന്‍ തുടങ്ങിയത്. ഇത് വിജയം കാണുന്നു എന്ന തിരിച്ചറിവാണ് മാവോയിസ്റ്റുകള്‍ കൂട്ടത്തോടെ കീഴടങ്ങാന്‍ കാരണം. മാവോയിസ്റ്റ് ഭീകരതയെ തുടച്ചുനീക്കിക്കൊണ്ടല്ലാതെ രാജ്യത്ത് വികസന മുന്നേറ്റം നടത്താനാവില്ല. രാഷ്‌ട്രത്തിന്റെ ഐക്യവും അഖണ്ഡതയും നിലനിര്‍ത്താനും മാവോയിസ്റ്റുകളെ അമര്‍ച്ച ചെയ്യേണ്ടതുണ്ട്.