• Sun. Jan 25th, 2026

24×7 Live News

Apdin News

മാവോയിസ്റ്റ് ഭീകരത : വൈദേശിക ബന്ധമുള്ള ആഭ്യന്തര ഭീഷണി

Byadmin

Jan 25, 2026



മാവോയിസ്റ്റ് ഭീകരവാദ പ്രവര്‍ത്തനത്തിന് സംരക്ഷണമൊരുക്കിക്കൊണ്ട് ആഗോളതലത്തിലും, ദേശീയതലത്തിലും അഭിപ്രായങ്ങള്‍ രൂപപ്പെടുത്തുക മാത്രമല്ല, പരിശീലനവും സാമ്പത്തിക സഹായവും നല്‍ക്കുന്ന നിരവധി ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നുമുണ്ട്. ഭാരതത്തെ ശിഥിലമാക്കാന്‍ പ്രവര്‍ത്തിക്കുന്ന ദേശദ്രോഹികള്‍ ഇക്കുട്ടരെ പലതരത്തില്‍ സഹായിച്ചിട്ടുമുണ്ട്.

കമ്യൂണിസം എക്കാലത്തും ആധിപത്യമനോഭാവമുള്ള പ്രത്യയശാസ്ത്രമാണ്. ആര്‍എസ്എസ് സര്‍സംഘചാലകായിരുന്ന ഗുരുജി ഗോള്‍വള്‍ക്കര്‍ കമ്യൂണിസം പ്രത്യയശാസ്ത്രപരമായി പൂര്‍ണ്ണതയില്ലാത്തതും പ്രായോഗികമായി അപകടകരവുമാണ്’ എന്നും മറ്റൊരിക്കല്‍ ‘കമ്യൂണിസം ഭാരതത്തിന്റെ ആഭ്യന്തര ഭീഷണികളില്‍ ഒന്നാണെന്നും’
പറഞ്ഞുവച്ചിട്ടുണ്ട്. ഈ രണ്ട് നിരീക്ഷണങ്ങളും പൂര്‍ണ്ണാര്‍ത്ഥത്തില്‍ ശരിയാണെന്ന് തെളിയിക്കുന്നതാണ് കമ്യൂണിസ്റ്റ് ഭീകരവാദത്തിന്റെ ചരിത്രം.

രാഷ്‌ട്രീയ പാര്‍ട്ടികളുടെ ഇരട്ടത്താപ്പും രാഷ്‌ട്രവഞ്ചനയും
മാവോയിസ്റ്റ് വേട്ട ശക്തമാകുന്ന ഘട്ടങ്ങളില്‍ സിപിഐ (എം) കേന്ദ്ര കമ്മിറ്റി എപ്പോഴും ഉയര്‍ത്തുന്ന ഒരുവാദമാണ് ‘മാവോയിസ്റ്റുകളെ വെറും കുറ്റവാളികളായോ തീവ്രവാദികളായോ മാത്രം കാണരുത്, മറിച്ച് അത് രാജ്യത്തെ സാമൂഹിക-സാമ്പത്തിക വ്യത്യാസങ്ങളില്‍ നിന്ന് ഉടലെടുത്ത ഒരു രാഷ്‌ട്രീയ പ്രശ്നമാണെന്ന്’ സിപിഐ (എം) പീപ്പിള്‍സ് ഡമോക്രസിയില്‍ നിരവധി ലേഖനങ്ങളില്‍ ഇത്തരം നയങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.

മാവോയിസ്റ്റ് ആശയങ്ങളോട് ചേര്‍ന്നുനില്‍ക്കുന്നതോ അല്ലെങ്കില്‍ അവര്‍ ഉന്നയിക്കുന്ന പ്രശ്നങ്ങള്‍ ശരിയാണെന്ന് വാദിക്കുന്നതോ ആയ നിലപാടാണ് സിപിഐ (എം) പലപ്പോഴും എടുത്തിട്ടുള്ളത്.

ഛത്തീസ്ഗഢ്, ഝാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ സൈനിക നടപടികളായ ഓപ്പറേഷന്‍ ഗ്രീന്‍ ഹണ്ടും മറ്റും ശക്തമാക്കിയപ്പോള്‍ സി.പി.ഐ (എം) ഇറക്കിയ പ്രസ്താവനയില്‍പറയുന്നത് തോക്ക് കൊണ്ട് ഈ പ്രശ്നം പരിഹരിക്കാനാവില്ലെന്നും ‘മാവോയിസം ഒരു രാഷ്‌ട്രീയ പ്രശ്നമാണ്, ക്രമസമാധാന പ്രശ്നമല്ല’
എന്നുമാണ്.

ആയിരക്കണക്കിന് കൊലപാതകങ്ങള്‍ നടത്താന്‍ പ്രേരണയും പ്രോത്സാഹനവും നല്‍കുക മാത്രമല്ല അതിനു വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ആശയത്തേയും സംഘടനയെയും വെള്ളപൂശലല്ലാതെ ഇത് ആശയപരമായ നിലപാടല്ല.

കേരളത്തില്‍ കോഴിക്കോട് മാവോയിസ്റ്റ് ബന്ധമുള്ള യുവാക്കളെ ഇടത് സര്‍ക്കാര്‍ തന്നെ അറസ്റ്റ് ചെയ്ത് യുഎപിഎ ചുമത്തിയപ്പോള്‍ ‘ജനാധിപത്യവിരുദ്ധമാണെന്ന്’ സിപി.എം തന്നെ പ്രസ്താവനകള്‍ നടത്തിയിരുന്നു.

ഉദാരവല്‍ക്കരണ നയങ്ങള്‍ക്കെതിരെ ദല്‍ഹിയിലും മറ്റും നടന്ന സി.പിഎമ്മിന്റെ സെമിനാറുകളിലും പ്രസംഗങ്ങളിലും, ഭരണകൂടം ജനങ്ങളെ ഭീകരവാദത്തിലേക്ക് തള്ളിവിടുന്നതാണെന്ന വാദം ഉയര്‍ത്തി മാവോയിസ്റ്റ് ഭീകരവാദത്തിന് അടിസ്ഥാനപരമായ ആശയ പിന്തുണ നല്‍കിരുന്നു.

‘മാവോയിസ്റ്റുകള്‍ ഉന്നയിക്കുന്ന സാമ്പത്തിക അസമത്വം എന്ന പ്രശ്നം യാഥാര്‍ത്ഥ്യമാണെന്ന് പാര്‍ട്ടി സമ്മതിക്കുന്നു’ എന്ന പ്രസ്താവന ഇത് ബോധ്യപ്പെടുത്തുന്നു. രാജ്യത്തെ സമ്പത്ത് ചിലരിലേക്ക് മാത്രം കേന്ദ്രീകരിക്കപ്പെടുന്നതും സാധാരണക്കാര്‍ ദാരിദ്ര്യത്തിലേക്ക് തള്ളപ്പെടുന്നതുമാണ് മാവോയിസ്റ്റ് പോലുള്ള തീവ്ര ഇടതുപക്ഷ ചിന്തകള്‍ വളരാന്‍ കാരണമെന്ന് സിപിഐ (എം) വിലയിരുത്തുന്ന പ്രബന്ധങ്ങള്‍ പാര്‍ട്ടി മുഖ പത്രങ്ങളില്‍ പതിവ് കാഴ്ചയാണ്. മാവോയിസ്റ്റ് ഭീകരവാദത്തിന്റെ കാര്യത്തില്‍ സിപിഐ യുടെ നയം എപ്പോഴും സിപിഎമ്മിനേക്കാള്‍ ഭീകരവാദത്തോട് ചേര്‍ന്നുനില്‍ക്കുന്നതാണ്.

മാവോയിസ്റ്റ് പ്രസ്ഥാനത്തിന്റെ തുടക്കമായ നക്സല്‍ബാരി സമരത്തിന് പിന്നിലെ കര്‍ഷക പ്രശ്നങ്ങളെ സിപിഐ അംഗീകരിക്കുന്നു. ഭൂമിക്കായുള്ള അവരുടെ പോരാട്ടം ന്യായമായിരുന്നുവെന്നും എന്നാല്‍ സായുധ വിപ്ലവം എന്ന വഴി തെറ്റായിപ്പോയെന്നുമാണ് പാര്‍ട്ടിയുടെ ചരിത്രപരമായ വിലയിരുത്തല്‍.

മാവോയിസ്റ്റുകളെ അടിച്ചമര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ 2020 ല്‍ അര്‍ദ്ധസൈനിക വിഭാഗങ്ങളെ വിന്യസിച്ചപ്പോള്‍, ‘സ്വന്തം ജനതയ്‌ക്കെതിരെ യുദ്ധം പ്രഖ്യാപിക്കരുത്’ എന്നായിരുന്നു സിപിഐയുടെ പ്രതികരണം. അതായത് ഭീകരവാദികളോട്’ മാനവീകനയം സ്വീകരിക്കണം എന്ന്.
അട്ടപ്പാടിയിലെ മഞ്ചക്കണ്ടിയില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടപ്പോള്‍, അന്നത്തെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഇതിനെ ശക്തമായി അപലപിച്ചുകൊണ്ട് പ്രസ്താവന ഇറക്കിയതില്‍ ‘മാവോയിസ്റ്റ് ആശയങ്ങളെ ആശയങ്ങള്‍ കൊണ്ട് നേരിടണം, തോക്കുകൊണ്ടല്ല’ എന്നും മാവോയിസ്റ്റുകള്‍ ശത്രുക്കളല്ല, വഴിതെറ്റിയ സഹോദരങ്ങള്‍’ എന്നും വാഴ്തു പാട്ടുപാടുന്നതായി കാണാം.
അതായത് മാവോയിസ്റ്റുകളെ രാജ്യത്തിന്റെ ശത്രുക്കളായോ ഭീകരവാദികളായോ കാണുന്നതിനെ സിപിഐ എതിര്‍ക്കുന്നു. അവര്‍ കമ്മ്യൂണിസ്റ്റ് ആശയങ്ങളില്‍ വിശ്വസിക്കുന്നവരാണെന്നും എന്നാല്‍ അവരുടെ പ്രവര്‍ത്തന ശൈലി തെറ്റാണെന്നുമാണ് സിപിഐയുടെ നിലപാട്.

വിദേശ ബന്ധങ്ങള്‍
മാവോയിസ്റ്റ് പ്രസ്ഥാനത്തിന്റെ ആഗോള ബന്ധത്തിന്റെ അടിസ്ഥാനം മാര്‍ക്സിസം-ലെനിനിസം-മാവോയിസം (MLM) എന്ന ആശയമാണ്. ലോകമെമ്പാടുമുള്ള സായുധ വിപ്ലവ ഗ്രൂപ്പുകളെ ഒന്നിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള റവല്യൂഷണറി ഇന്റര്‍നാഷണലിസ്റ്റ് മൂവ്‌മെന്റ് (RIM) എന്ന സംഘടനയില്‍ ഇന്ത്യന്‍ മാവോയിസ്റ്റുകള്‍ക്ക് എന്നും നിര്‍ണ്ണായക സ്വാധീനമുണ്ടായിരുന്നു.

ദക്ഷിണേഷ്യയിലെ മാവോയിസ്റ്റ് ഗ്രൂപ്പുകളെ ഏകോപിപ്പിക്കുന്നതിനായി 2001 മുതല്‍ പ്രവര്‍ത്തിക്കുന്ന സമിതിയാണ് കോര്‍ഡിനേഷന്‍ കമ്മിറ്റി ഓഫ് മാവോയിസ്റ്റ് പാര്‍ട്ടീസ് ഇന്‍ സൗത്ത് ഏഷ്യ (CCOMPOSA).

ഇതില്‍ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്), നേപ്പാളിലെ മാവോയിസ്റ്റുകള്‍, ബംഗ്ലാദേശിലെയും ശ്രീലങ്കയിലെയും തീവ്ര ഇടതുപക്ഷ ഗ്രൂപ്പുകള്‍ എന്നിവ ഈ കമ്മിറ്റിയില്‍ അംഗങ്ങളാണ്. ഏഷ്യയില്‍ ഒരു ‘വിപ്ലവ ഇടനാഴി’ സൃഷ്ടിക്കുക എന്നതാണ് ഇവരുടെ പ്രധാന ലക്ഷ്യം.

ഒരു കാലത്ത് നേപ്പാളിലെ മാവോയിസ്റ്റ് പ്രവര്‍ത്തനവും പൂര്‍ണമായും സായുധ സമീപനമായിരുന്നു. അന്നു മുതല്‍ ഇന്ത്യന്‍ മാവോയിസ്റ്റുകള്‍ക്ക് നേപ്പാള്‍ മാവോയിസ്റ്റുകളുമായി പല തരത്തിലുള്ള ബന്ധം ഉണ്ട്. ആയുധങ്ങള്‍ കടത്തുന്നതിനും പരിശീലനം നല്‍കുന്നതിനും അതിര്‍ത്തി കടന്നുള്ള സുരക്ഷിത താവളങ്ങള്‍ ഒരുക്കുന്നതിനും ഈ ബന്ധം സഹായിച്ചിട്ടുണ്ടെന്ന് ഇന്റലിജന്‍സ് ഏജസികള്‍ വെളിപ്പെടുത്തുന്നു.

യൂറോപ്പ് കേന്ദ്രീകരിച്ച് International Committee of Support to the People’s War in India (ICSPWI): ഇറ്റലി, ജര്‍മ്മനി, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഈ സംഘടന, ഇന്ത്യന്‍ മാവോയിസ്റ്റുകള്‍ക്കെതിരെയുള്ള സൈനിക നടപടികളെ ആഗോളതലത്തില്‍ എതിര്‍ക്കാനും അവര്‍ക്ക് വേണ്ടി പ്രചാരണം നടത്താനും ശ്രമിക്കാറുണ്ട്. യൂറോപ്പിലും അമേരിക്കയിലും മാവോയിസ്റ്റ് ആശയങ്ങളെ പിന്തുണയ്‌ക്കുന്ന മറ്റ് വിവിധ സാംസ്‌കാരിക-രാഷ്‌ട്രീയ സംഘടനകളും ശക്തമാണ്.

ഫിലിപ്പീന്‍സിലെ ന്യൂ പീപ്പിള്‍സ് ആര്‍മി (NPA) പോലുള്ള ഗ്രൂപ്പുകളുമായി ഭാരതത്തിലെ മാവോയിസ്റ്റൂകള്‍ക്ക് ആശയവിനിമയമുണ്ടെന്നത് വ്യക്തമാക്കുന്ന പത്ര റിപ്പോര്‍ട്ടുകളുണ്ട്. 2005 മുതല്‍ 2011 വരെ ഭാരതത്തിലെ മാവോയിസ്റ്റ് ഭീകരവാദികള്‍ക്ക് ഫിലിപ്പീന്‍സില്‍ പരിശീലനം ലഭിച്ചിരുന്നതിന് സര്‍ക്കാര്‍ രേഖകളുണ്ടെന്ന് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.മ്യാന്‍മര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന തീവ്രവാദ ഗ്രൂപ്പുകള്‍ വഴിയും തെക്കുകിഴക്കന്‍ ഏഷ്യയിലെ ആയുധ വിപണികള്‍ വഴിയും മാവോയിസ്റ്റുകള്‍ക്ക് ആധുനിക ആയുധങ്ങള്‍ ലഭിക്കാറുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 1986- 87 കാലഘട്ടത്തില്‍ എല്‍ടിടിഇ ഇന്ത്യന്‍ മാവോയിസ്റ്റുകള്‍ക്ക് പരിശീലനം നല്‍കിയിരുന്നതായി ഡക്കാണ്‍ ഹെറാര്‍ഡ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

നിലപാടില്ലാത്ത സര്‍ക്കാരുകളും ശക്തമല്ലാത്ത നടപടികളും
മാവോയിസ്റ്റ് ഭീകരവാദം 2004- 2014 കാലഘട്ടത്തിലാണ് ഏറ്റവും ശക്തിപ്പെട്ടത്. 1967 ല്‍ നക്സല്‍ ബാരിയില്‍ നടന്ന മാവോയിസ്റ്റ് സായുധ രാഷ്‌ട്രീയം അതിന് ശേഷം ആശയപരമായി 2004 വരെ ശക്തമായി നിലനിന്നിരുന്നുവെങ്കിലും തുടര്‍ച്ചയായ സായുധ അക്രമങ്ങള്‍ താരതമ്യേന കുറവായിരുന്നു. എന്നാല്‍ 2004 മുതല്‍ 2014 കാലത്ത് വര്‍ദ്ധിത നിരക്കില്‍ അക്രമങ്ങള്‍ വര്‍ദ്ധിച്ചു. വിദഗ്ധരുടെ പൊതുവേയുള്ള വിലയിരുത്തലില്‍ ആ കാലഘട്ടത്തിലെ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ മാവോയിസ്റ്റ് വേട്ടയിലെ സംയോജന കുറവും മാവോയിസ്റ്റ് ഇടനാഴികളില്‍ വികസന, സാങ്കേതിക രംഗങ്ങളില്‍ വന്ന മാറ്റങ്ങള്‍ വേണ്ടതരത്തില്‍ ഉപയോഗിക്കാത്തത്തിന്റെയോ ഫലമായി ഉണ്ടായ ആ പ്രദേശങ്ങളുടെ സാമൂഹ്യമായ ഒറ്റപ്പെടലും കാരണമായതായി കണക്കാക്കുന്നു. രാഷ്‌ട്രീയവും സാമൂഹികവുമായ പല കാരണങ്ങള്‍ക്കൊണ്ട് സര്‍ക്കാരിന്റെ മാവോയിസ്റ്റ് വേട്ട നാമമാത്രമായ നടപടികളില്‍ ഒതുങ്ങി. ഈ സാഹചര്യം ഉണ്ടാക്കിയത് വലിയ സുരക്ഷാ പ്രശ്നവും സാമൂഹ്യവിടവുമാണ്.

നാളെ: ഭീകരതയെ തകര്‍ത്തെറിഞ്ഞത് നിശ്ചയദാര്‍ഢ്യവും സാമൂഹികമുന്നേറ്റവും

By admin