‘മാർക്കോ’ എന്ന സൂപ്പർ ഡ്യൂപ്പർ ഹിറ്റ് സിനിമക്ക് ശേഷം ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രത്തിന്‍റെ പോസ്റ്റർ ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിലൂടെ പുറത്തു വിട്ടു. ‘കാട്ടാളൻ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ആൻ്റണി പെപ്പെയാണ് പ്രധാന വേഷത്തിൽ എത്തുന്നത്. കത്തിയാളുന്ന അഗ്നിക്ക് മുമ്പിൽ പെപ്പെ നിൽക്കുന്ന താണ് പോസ്റ്ററിൽ. വയലൻസ് സിനിമകൾ വിവാദമാകുന്ന സാഹചര്യത്തിൽ വയലൻസ് സിനിമയുമായി വീണ്ടും കൂബ്സ് എത്തുമ്പോൾ പ്രേക്ഷകർ ആകാംക്ഷയിലാണ്.
നവാഗതനായ പോൾ ജോർജ് ആണ് ചിത്രം സംവിധാനം നിർവ്വഹിക്കുന്നത്. തന്‍റെ രണ്ടാമത്തെ പ്രൊഡക്ഷൻ തന്നെ ഒരു പുതിയ സംവിധായകനെ ഏൽപ്പിച്ചു കൊണ്ട് വീണ്ടും പ്രേക്ഷകരുടെ കയ്യടി നേടുകയാണ് നിർമ്മാതാവായ ഷെരീഫ് മുഹമ്മദ്.
മലയാള സിനിമയിലേക്ക് ഒരു പിടി കഴിവുറ്റ കലാകാരന്മാർക്ക് അവസരം നൽകുക മാത്രമല്ല, മറ്റു ഭാഷ ചിത്രങ്ങൾ പോലെ നമ്മുടെ സിനിമകളെ വേറൊരു തലത്തിൽ എത്തിക്കാൻ പോന്ന സാങ്കേതിക മികവും, പ്രൊഡക്ഷൻ ക്വാളിറ്റിയും നൽകി കൊണ്ട് മാർക്കോ പോലെയോ അതിനേക്കാൾ ഉയരത്തിലോ ഇനിയും വിജയങ്ങൾ കൊയ്തെടുക്കാനുള്ള തയ്യാറെടുപ്പിലുമാണ് ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സ്.
ചിത്രത്തിന്‍റേതായി മറ്റ് വിവരങ്ങളൊന്നും തന്നെ അണിയറപ്രവർത്തകർ നിലവിൽ പുറത്ത് വിട്ടിട്ടില്ല. എങ്കിലും മലയാളത്തിൽ നിന്നും മറ്റ് ഭാഷകളിൽ നിന്നുമായി പ്രഗത്ഭരായ സാങ്കേതിക വിഭാഗം ഈ ചിത്രത്തിനായി ഒരുങ്ങുന്നുണ്ടെന്നാണ് അനൗദ്യോഗിക റിപ്പോർട്ടുകൾ. എന്തായാലും അടുത്ത അപ്ഡേറ്റഡിന് വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ. ഡിജിറ്റൽ മാർക്കറ്റിംഗ് ഒബ്സിക്യൂറ എൻ്റർടെയ്ൻമെൻ്റ്സ്, പിആർഒ ആതിര ദിൽജിത്ത്.