
മലയാളത്തിൽ ഒരു കാലത്ത് ഏറ്റവും താരമൂല്യമുണ്ടായിരുന്ന നായിക നടിയായിരുന്നു കാവ്യ മാധവൻ. അന്ന് കാവ്യക്കൊപ്പം നായിക നിരയിലുണ്ടായിരുന്ന പലരും തമിഴിലും തെലുങ്കിലുമെല്ലാം വിജയം കെെവരിച്ചു. മീര ജാസ്മിൻ, നയൻതാര തുടങ്ങിയവർ ഉദാഹരണം. എന്നാൽ കാവ്യ മലയാളത്തിൽ തന്നെ തുടർന്നു. വളരെ കുറച്ച് തമിഴ് സിനിമകളേ കാവ്യ കരിയറിൽ ചെയ്തിട്ടുള്ളൂ. ഇതേക്കുറിച്ച് നടി മുമ്പൊരിക്കൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.
‘ ഇത്രയും കാലം എങ്ങനെ എനിക്ക് ഈ രംഗത്ത് നിൽക്കാൻ പറ്റിയെന്ന് ഞാൻ പലപ്പോഴും ആലോചിച്ചിട്ടുണ്ട്. ഞാൻ വേറെയാെരു ഭാഷയിലും അഭിനയിച്ചിട്ടുമില്ല. 9ാം ക്ലാസിൽ പഠിക്കുന്ന സമയത്ത് ഈ രംഗത്തേക്ക് വന്നു. അവിടം തൊട്ട് എനിക്ക് കുഴപ്പങ്ങളൊന്നും ദെെവം സഹായിച്ച് ഉണ്ടായിട്ടില്ല. ആരെയും അധികം അംഗീകരിക്കാത്ത മലയാളികൾ എന്നെ അംഗീകരിക്കുന്നു എന്ന് പറയുമ്പോൾ ഞാൻ എവിടെയും അംഗീകരിക്കപ്പെടുമെന്ന് എനിക്ക് സന്തോഷത്തോടെ വിചാരിക്കാം.
പുറത്ത് നിന്ന് വന്ന നായികമാരിൽ എത്ര പേരെ നമ്മുടെ ആൾക്കാർക്ക് ഇഷ്ടപ്പെട്ടു. വരുന്നു, ഒന്നോ രണ്ടോ സിനിമകളിൽ ഒന്നിച്ച് അഭിനയിക്കുന്നു, പോകുന്നു എന്ന് മാത്രം. തമിഴിലും തെലുങ്കിലും ഇപ്പോൾ ഹിന്ദിയിലും വരെ അഭിനയിക്കുന്ന വലിയൊരു ആർട്ടിസ്റ്റാണ് അസിൻ.
ആ കുട്ടി ആദ്യം അഭിനയിച്ചത് മലയാളത്തിലാണ്. ഒരു പടത്തിൽ അഭിനയിച്ച് പിന്നെ ആ കുട്ടിയെ ആരും മലയാളത്തിൽ ഒരു സിനിമയിലും വിളിച്ചിട്ടില്ല. തമിഴിലും തെലുങ്കിലും ഹിറ്റായ പല ആർട്ടിസ്റ്റുകളുടെയും തുടക്കം മലയാള സിനിമയിലാണ്. മലയാളികൾക്ക് ഇവിടെയുള്ള കുട്ടികളെ അംഗീകരിക്കാൻ ബുദ്ധിമുട്ടാണ്.ഞാനും അത് നേരിട്ടുണ്ട്.
മൂന്ന് തമിഴ് സിനിമകളിലേ ഞാൻ അഭിനയിച്ചിട്ടുള്ളൂ. വലിയൊരു ഗ്യാപ്പിന് ശേഷം സാധു മിരണ്ട എന്ന സിനിമയിൽ അഭിനയിച്ചു. ഇവിടത്തെ ജനങ്ങളിൽ ഒരു പത്ത് ശതമാനം ആൾക്കാരേ എന്നോട് നന്നായി എന്ന് പറഞ്ഞിട്ടുള്ളൂ. ഞാൻ നന്നായി മെലിഞ്ഞിരുന്നു ആ സമയത്ത്. ഹെയർസ്റ്റെെൽ മാറ്റിയിരുന്നു.
അത് നന്നായി എന്ന് പറഞ്ഞത്. അതും പുതുതലമുറയിലെ കുട്ടികൾ. ബാക്കിയെല്ലാവരും എന്നെ വഴിയിൽ വെച്ച് കാണുമ്പോൾ ചീത്ത പറയുമായിരുന്നു. എനിക്ക് തോന്നുന്നത് എന്നെ അവർ ആർട്ടിസ്റ്റ് എന്നതിലുപരി വീട്ടിലെ കുട്ടിയായാണ് കണ്ടിരിക്കുന്നത് എന്നാണ്. ഞാനതേക്കുറിച്ച് വളരെയധികം ബോധവതിയാണ് “ എന്നാണ് കാവ്യ പറഞ്ഞത്.