
മലയാള സിനിമയിൽ കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ സംഭവിച്ച സർപ്രൈസിംഗ് താരോദയങ്ങളിൽ ഒന്നാണ് ബേസിൽ ജോസഫ്. ബേസിലിലെ സംവിധായകനും നടനും ഒരുപോലെ ആരാധകരുണ്ട്. മിനിമം ഗ്യാരണ്ടി ഓഫർ ചെയ്യുന്ന ഒരു നായകനടനായി മാറിയിരിക്കുകയാണ് ബേസിൽ ഇപ്പോൾ. ജാൻ എ മൻ, ജയ ജയ ജയ ജയഹേ, ഫാലിമി, ഗുരുവായൂർ അമ്പലനടയിൽ, സൂക്ഷ്മദർശിനി, പൊന്മാൻ എന്നിങ്ങനെ നിരവധി ഹിറ്റുകൾ ചുരുങ്ങിയ കാലം കൊണ്ട് സമ്മാനിക്കാൻ ബേസിലിനായി.
കഴിഞ്ഞ ദിവസം നടന്ന സൈലം അവാർഡ്സിനിടയിൽ ബേസിലിന്റെ അധ്യാപകൻ ബേസിലിനെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. പ്ലസ് ടു വിദ്യാർത്ഥിയായിരിക്കെ, മന്ത്രി ബിനോയ് വിശ്വത്തോട് ബേസിൽ ചോദിച്ച ഒരു കുസൃതിചോദ്യമാണ് ബേസിലിന്റെ അധ്യാപകൻ ഓർത്തെടുത്തത്.
ബേസിൽ പ്ലസ് ടുവിൽ പഠിക്കുന്ന സമയത്ത് കേരളത്തിലെ ക്ലീൻ ഇമേജുള്ള ഒരു മിനിസ്റ്റർ ഞങ്ങളുടെ സ്കൂളിൽ വന്നു. ബിനോയ് വിശ്വം. നിങ്ങളുടെ മുന്നിൽ ഒരു മിനിസ്റ്റർ വന്നാൽ നിങ്ങളെന്താവും ചോദിക്കുക? ബേസിൽ ചോദിച്ചത് ഒരു കിടുക്കാച്ചി ചോദ്യമായിരുന്നു. ജേർണലിസ്റ്റുകൾ പോലും ചോദിച്ചിട്ടുണ്ടാവില്ല അങ്ങനെയൊന്ന്. ” മിനിസ്റ്ററേ… മിനിസ്റ്ററെന്താ അഴിമതി ഒന്നും ചെയ്യാത്തതെന്ന്?” പിറ്റേദിവസത്തെ പത്രത്തിലൊക്കെ മിടുക്കന്റെ കുസൃതിചോദ്യം എന്ന തലക്കെട്ടോടെ അതു അച്ചടിച്ചുവന്നു,” അധ്യാപകന്റെ വാക്കുകളിങ്ങനെ.