• Fri. Oct 11th, 2024

24×7 Live News

Apdin News

മില്‍ട്ടണ്‍ ചുഴലിക്കാറ്റ് ഭീതിയില്‍ ഫ്‌ലോറിഡ; വന്‍ നാശം

Byadmin

Oct 11, 2024



വാഷിങ്ടണ്‍: യുഎസിലെ ഫ്‌ലോറിഡയില്‍ നാശം വിതച്ച് മില്‍ട്ടന്‍ ചുഴലിക്കാറ്റ്. ബുധനാഴ്ച വൈകിട്ടോടെ കരതൊട്ട ചുഴലിക്കാറ്റ് പ്രദേശത്താകെ നാശം വിതച്ചു. 125ലധികം വീടുകള്‍ നശിച്ചു. ചുഴലിക്കാറ്റിന് സാധ്യതയുണ്ടെന്ന് ഗവര്‍ണര്‍ നേരത്തെ മുന്നറിയിപ്പ് നല്കുകയും ആളുകളെ ഒഴിപ്പിക്കുകയും ചെയ്തിരുന്നു.

താമ്പ, സെന്റ് പീറ്റേഴ്‌സ്ബര്‍ഗ് എന്നിവിടങ്ങളിലാണ് കൂടുതല്‍ നാശനഷ്ടങ്ങളുണ്ടായത്. പ്രദേശങ്ങളിലെ വൈദ്യുതി വിതരണ സംവിധാനം മുടങ്ങി. ആശയവിനിമയ സംവിധാനങ്ങള്‍ താറുമാറായി. രണ്ട് ദശലക്ഷം പേരാണ് വൈദ്യുതി ഇല്ലാതെ ബുദ്ധിമുട്ടുന്നത്. ഒരു നൂറ്റാണ്ടിനിടെ ഫ്‌ലോറിഡയില്‍ ആഞ്ഞടിക്കുന്ന ഏറ്റവും വിനാശകരമായ ചുഴലിക്കാറ്റുകളില്‍ ഒന്നായിരിക്കും മില്‍ട്ടണ്‍ എന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡനും കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്കിയിരുന്നു.

മില്‍ട്ടന്‍ ചുഴലിക്കാറ്റിനെ അതിതീവ്ര വിഭാഗമായ കാറ്റഗറി മൂന്നിലാണ് ഉള്‍പ്പെടുന്നത്. മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് വീശിയിരുന്നത്. ഇന്നലെയോടെ കാറ്റിന്റെ വേഗത കുറഞ്ഞതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

കാറ്റിന്റെ വേഗത കുറഞ്ഞെങ്കിലും മില്‍ട്ടണിപ്പോഴും കാറ്റഗറി മൂന്നിലാണ്. കഴിഞ്ഞ സപ്തംബറില്‍ യുഎസില്‍ ഹെലന്‍ ചുഴലിക്കാറ്റ് യുഎസില്‍ നശനഷ്ടം വിതയ്‌ക്കുകയുണ്ടായി. പിന്നാലെയാണിപ്പോള്‍ മില്‍ട്ടണ്‍ വീശിയിരിക്കുന്നത്.

വടക്കന്‍ കരോലീന, തെക്കന്‍ കരോലീന, ജോര്‍ജിയ, ഫ്‌ലോറിഡ, ടെന്നസി, വെര്‍ജീനിയ എന്നിവിടങ്ങളിലാണ് ഹെലന്‍ വ്യാപകനാശം വിതച്ചത്. ഇരുനൂറ്റിമുപ്പതിലേറെയാളുകളാണ് കൊല്ലപ്പെട്ടത്.

By admin