ഹരിപ്പാട്: മില്ലുടമകള്‍ പണി തുടങ്ങി, ചെറുതന തേവേരി തണ്ടപ്ര പാടശേഖരത്തില്‍ പതിരിന്റെ പേരില്‍ ചുഷണം. കൊയ്തു കൂട്ടിയ നെല്ല് കെട്ടി കിടക്കുന്നു. അപ്പര്‍ കുട്ടനാട്ടിലെ ചെറുതന കൃഷിഭവന്‍ പരിധിയില്‍ തേവേരി തണ്ടപ്ര പാടശേഖരത്തിലാണ് സംഭരണം നടക്കാതെ കൊയ്തു കൂട്ടിയിട്ട നെല്ല് കെട്ടിക്കിടക്കുന്നത്.
പതിരിന്റെ പേരില്‍ ക്വിന്റലിന് മൂന്നു കിലോഗ്രാം അധികമായി നല്‍കണമെന്നാണ് മില്ലുടമകളുടെ ഏജന്‍സികള്‍ ആവശ്യപ്പെടുന്നത്. വേനല്‍ മഴ ലഭിച്ചില്ലെങ്കിലും ആവശ്യത്തിന്‍് വെള്ളം ലഭിച്ച നെല്ല് ഒരു കാരണവശാലും പതിരാകില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്.
മാത്രമല്ല ഗുണനിലവാരമുള്ള കൊയ്‌ത്തു യന്ത്രങ്ങള്‍ ഉപയോഗിച്ച് വിളവെടുപ്പ് നടത്തിയതിനാല്‍ കൊയ്‌ത്തു വേളയില്‍ തന്നെ പതിര് യന്ത്രത്തില്‍ നിന്ന് പുറത്തു പോകുമെന്നിരിക്കെയാണ് പതിരിന്റെ പേരില്‍ ചൂഷണത്തിന് ഇടനിലക്കാര്‍ രംഗത്ത് വരുന്നത്. ഇക്കുറി പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍, അസി. ഡയറക്ടര്‍, കൃഷി ഓഫീസര്‍, പാഡി മാര്‍ക്കറ്റിങ് ഓഫീസര്‍ എന്നിവരുടെ നേതൃത്വത്തില്‍ മോണിറ്ററിങ് സമിതിയെ തന്നെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
ഈ സമിതി ജില്ലയിലും ബ്ലോക്ക് തലത്തിലും പ്രവര്‍ത്തിക്കുമ്പോഴാണ് ഏജന്റുമാര്‍ ചൂഷണത്തിനൊരുങ്ങുന്നത്. 300 ഏക്കര്‍ വ്യാപ്തിയുള്ള പാടശേഖരത്തില്‍ ഏതാനം ദിവസമായി വിളവെടുപ്പ് നടന്നു വരികയാണ്.
ഏകദേശം പത്ത് ലോഡ് നെല്ലെങ്കിലും പാടശേഖരത്തില്‍ കെട്ടിക്കിടക്കുന്നതായി കര്‍ഷകരും പാടശേഖര ഭാരവാഹികളും പറഞ്ഞു. ഏജന്റുമാര്‍ മോയിസ്ചര്‍ ടെസ്റ്ററുമായി എത്തി സ്വന്തം തീരുമാങ്ങള്‍ കര്‍ഷകരുടെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയാണ്. മുമ്പ് പിഎംഒ നേരിട്ട് കളത്തിലെത്തി പരിശോധന നടത്തുകയും ഇരു കൂട്ടര്‍ക്കും സ്വീകാര്യമായ തീരുമാനങ്ങള്‍ കൈക്കൊള്ളുകയായിരുന്നു പതിവ്. സപ്ലൈകോ നിര്‍ദ്ദേശിച്ചിരിക്കുന്ന മാനദണ്ഡങ്ങള്‍ പാലിച്ചു നെല്ല് നല്‍കാന്‍ കര്‍ഷകര്‍ തയ്യാറാണ്.
അതിന് വിപരീതമായി കര്‍ഷകരെ ചൂഷണം ചെയ്ത് കൊള്ള ലാഭം കൊയ്യാനാണ് ശ്രമമെങ്കില്‍ മുഴുവന്‍ കര്‍ഷകരെയും ചേര്‍ത്ത് നി ര്‍ത്തി സമരം സംഘടിപ്പിക്കുമെന്നും പാടശേഖര ഭാരവാഹികള്‍ പറഞ്ഞു.