ഗുവാഹത്തി: ഉല്ലാസ് പദ്ധതിക്ക് കീഴില്‍ രാജ്യത്ത് സമ്പൂര്‍ണ സാക്ഷരത നേടുന്ന ആദ്യ സംസ്ഥാനമായി മിസോറം. മുഖ്യമന്ത്രി ലാല്‍ദുഹോമയാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. 98.2% ആണ് മിസോറമിന്റെ സാക്ഷരതാ നിരക്ക്.
ജനസംഖ്യയുടെ 95% പേരെങ്കിലും സാക്ഷരരായിരിക്കണമെന്നത് നിര്‍ബന്ധമാക്കുന്ന വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പദ്ധതിയാണ് ഉല്ലാസ്. പീരിയോഡിക് ലേബര്‍ ഫോഴ്സ് സര്‍വേ (2023-2024) അനുസരിച്ച് മിസോറം 98.2% സാക്ഷരതാ നിരക്കിലെത്തി. സമഗ്ര ശിക്ഷ, നവ ഭാരത് സാക്ഷരതാ പരിപാടി എന്നിവയിലൂടെ സ്‌കൂള്‍ വിദ്യാഭ്യാസ വകുപ്പിന്റെ നിരന്തരമായ പരിശ്രമത്തിന്റെ ഫലമാണ് ഈ നേട്ടം. സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റിയുടെ കീഴില്‍ സംസ്ഥാന സര്‍ക്കാര്‍ ഒരു ഗവേണിങ് കൗണ്‍സിലും എക്‌സിക്യൂട്ടീവ് കമ്മിറ്റിയും സ്ഥാപിച്ചിരുന്നു.
ദൗത്യത്തെ പിന്തുണയ്‌ക്കുന്നതിനായി, എസ്സിഇആര്‍ടിയുടെ കീഴില്‍, സ്റ്റേറ്റ് സെന്റര്‍ ഫോര്‍ ലിറ്ററസി രൂപീകരിച്ചു. ലോങ്ട്ലായ് ജില്ലയിലെ പഠിതാക്കള്‍ക്കായി ഒരു ഇംഗ്ലീഷ് പതിപ്പിനൊപ്പം, വാര്‍ട്ടിയന്‍ എന്ന പേരില്‍ മിസോ ഭാഷാ പഠന സാമഗ്രികള്‍ വികസിപ്പിച്ചെടുത്തു. പഠിതാക്കള്‍ക്കായി റോമൈ, വളണ്ടിയര്‍ അദ്ധ്യാപകര്‍ക്കുള്ള മാര്‍ഗദര്‍ശിക തുടങ്ങിയ അധിക വിഭവങ്ങള്‍ സൃഷ്ടിച്ചു. 15 വയസും അതില്‍ കൂടുതലുമുള്ള 3,026 നിരക്ഷരരെ തിരിച്ചറിഞ്ഞു- അവരില്‍ 1,692 പേരാണ് പഠിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.